-->
ചേട്ടനും അച്ഛനും ചേര്‍ന്നാല്‍ ചേട്ടച്ഛനെന്ന് മീനാക്ഷി വിളിച്ചപ്പോള്‍ ഒപ്പം വിളിച്ചവരാണ് മലയാള സിനിമാപ്രേക്ഷകര്‍. അന്നുമുതല്‍ മലയാളസിനിമയുടെ അനിയത്തിക്കുട്ടിയാണ് നര്‍ത്തകി കൂടിയായ വിന്ദുജ മേനോന്‍. പവിത്രം എന്ന സിനിമയില്‍ ചേട്ടച്ഛനായി മോഹന്‍ലാലിന്റെ ഗംഭീരപ്രകടനം പ്രേക്ഷകര്‍ കണ്ടാസ്വദിച്ചപ്പോള്‍ അനിയത്തിക്കുട്ടിയായി എത്തിയ മീനാക്ഷിയെയും ഇരുകൈയും നീട്ടി മലയാള സിനിമ സ്വീകരിച്ചു. പിന്നീടിങ്ങോട്ട് വലുതും ചെറുതുമായി നായിക അടക്കമുള്ള കഥാപാത്രങ്ങള്‍ വിന്ദുജ ചെയ്തു.
വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ഭര്‍ത്താവ് രാജേഷിനും മകള്‍ നേഹയുമൊത്ത് മലേഷ്യയിലാണ് സ്ഥിരതാമസം. അമ്മ കലാമണ്ഡലം വിമലാ മേനോന്റെ നൃത്ത സ്ഥാപനമായ കേരള നാട്യ അക്കാദമിയുടെ കീഴില്‍ വിന്ദുജ മലേഷ്യയില്‍ നൃത്തം പഠിപ്പിക്കുന്നുണ്ട്. വലിയൊരു ഇടവേളയ്ക്ക് ശേഷം താരം ആക്ഷന്‍ ഹീറോ ബിജുവിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വരവും നടത്തിയിരുന്നു. സിനിമയിലും നൃത്തത്തിലുമായി കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോഴായിരുന്നു വിന്ദുജയുടെ വിവാഹം. ഒരു കലാകാരി എന്ന നിലയില്‍ തന്റെ കരിയറിന് പൂർണ്ണ പിന്തുണ നല്‍കുന്ന പങ്കാളിയെയായിരുന്നു വിന്ദുജ ആഗ്രഹിച്ചത്.
ഇപ്പോഴിതാ തങ്ങളുടെ വിവാഹത്തെക്കുറിച്ചും പ്രൊഫഷണല്‍ കരിയറിനെക്കുറിച്ചും വിന്ദുജയും ഭര്‍ത്താവ് രാജേഷും പങ്കിട്ട വിശേഷങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. പെണ്ണുകാണാൻ വന്നപ്പോള്‍ രാജേഷ് പറഞ്ഞ കാര്യവും പരസ്പരമുള്ള ബഹുമാനവുമാണ് വിന്ദുജ പറഞ്ഞത്.
‘‘എന്റെ ആദ്യത്തെയും അവസാനത്തെയും പെണ്ണുകാണലായിരുന്നു ചേട്ടന്റേത്. എന്നെ കണ്ടയുടനെ പുള്ളി എഴുന്നേറ്റിരുന്നു. ഒരു സ്ത്രീ റൂമിലേക്ക് വരുമ്പോള്‍ റെസ്‌പെക്ടോടെ എഴുന്നേല്‍ക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി. അതും ആ കാലത്ത് ഇങ്ങനെയൊരാള്‍.
നിന്റെ പ്രൊഫഷൻ നിനക്ക് തുടരാം, ഞാൻ അതില്‍ ഇടപെടാൻ വരില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതൊരു ഡയലോഗ് മാത്രമായിരുന്നില്ല. ഇന്നുവരെ ഇവരാരും അതില്‍ ഇടപെട്ടിട്ടില്ല. ഒരു കാര്യത്തിലും ‘ഇങ്ങനെ ചെയ്യൂ’ എന്ന് പറഞ്ഞ് ചേട്ടന്‍ ഇടപെടാറില്ല. പ്രൊഫഷണല്‍ കാര്യങ്ങളില്‍ നല്‍കുന്ന ഈ സ്വാതന്ത്ര്യമാണ് ഞങ്ങളുടെ ബന്ധം മനോഹരമാക്കുന്നത്.
പുകവലിയോ മദ്യപാനമോ ഇല്ലാത്ത ഒരാളായിരിക്കണം എന്ന നിർബന്ധം വിന്ദുജയ്ക്കുണ്ടായിരുന്നു. വിന്ദുജയെ പെണ്ണുകാണാൻ വരുന്നതിന് രണ്ട് ദിവസം മുൻപ് തന്നെ മമ്മി കാണിച്ച ‘സ്ത്രീ’ സീരിയലിലെ രംഗത്തെക്കുറിച്ചും രാജേഷ് പറഞ്ഞു. ‘‘കൃഷ്ണകുമാറിനെ വാള്‍ കൊണ്ട് വെട്ടുന്ന സീനായിരുന്നു അത്. അങ്ങനെയൊരു രംഗത്തിലേക്ക് വിടില്ലെന്ന് അന്നേ തീരുമാനിച്ചിരുന്നു. എന്റെ മനസ്സിലുണ്ടായിരുന്ന കാണാൻ നല്ലതായിരിക്കണം, വിനയത്തോടെയുള്ള പെരുമാറ്റം, മുടിയുള്ള കുട്ടിയായിരിക്കണം എന്ന എല്ലാ സങ്കല്‍പ്പങ്ങളും വിന്ദുജയില്‍ കണ്ടതോടെയാണ് വിവാഹത്തിലേക്ക് എത്തിയത്...’’ രാജേഷ് പറഞ്ഞു.