-->
ബോളിവുഡിന്റെ ‘ഹീ-മാൻ’ എന്നറിയപ്പെട്ടിരുന്ന ഇതിഹാസ നടൻ ധർമ്മേന്ദ്ര നവംബര്‍ മാസത്തിലാണ് ഉറ്റവരെയും ഉടയവരെയും ആരാധകരെയും നൊമ്പരത്തിലാഴ്ത്തി വിടവാങ്ങിയത്. 89-ാം വയസ്സിലായിരുന്നു ഇന്ത്യൻ സിനിമാ ലോകത്തെ വിസ്മയിപ്പിച്ച കലാകാരന്റെ വിയോഗം. ആറ് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ പഞ്ചാബി, ബംഗാളി ഭാഷാ ചിത്രങ്ങളടക്കം 300-ൽ അധികം ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ താരം നിറഞ്ഞുനിന്നിരുന്നു.
ധർമ്മേന്ദ്രയുടെ വിയോഗത്തിന്റെ നൊമ്പരത്തിലാണ് ഹേമമാലിനിയും മക്കളും കുടുംബാംഗങ്ങളുമെല്ലാം. താരം വേര്‍പ്പെട്ടു പോയതിനു പിന്നാലെ ഹേമമാലിനിയും മക്കളും വൈകാരികമായ കുറിപ്പുകള്‍ പങ്കിട്ടിരുന്നു. ഡിസംബര്‍ എട്ടിന് തൊണ്ണൂറാം ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു താരത്തിന്റെ വേര്‍പാട്.
ഇപ്പോഴിതാ അച്ഛന് 90 വയസ്സ് തികയുന്ന വേളയിൽ മകള്‍ ഇഷാ ഡിയോള്‍ പങ്കിട്ട കുറിപ്പും ചിത്രങ്ങളുമാണ് ശ്രദ്ധിക്കപ്പെടുന്നത്. തങ്ങളുടെ ആഴത്തിലുള്ള ബന്ധം പ്രകടമാക്കുന്നതിനൊപ്പം അച്ഛന് ആശംസകൾ നേർന്നുകൊണ്ടുള്ള സ്നേഹനിർഭരമായ കുറിപ്പാണ് ഇഷയുടെ പോസ്റ്റ്. അച്ഛനൊപ്പമുള്ള മനോഹരമായ നിമിഷങ്ങളടങ്ങിയ ചിത്രങ്ങളും പങ്കിട്ടാണ് ഇഷയുടെ കുറിപ്പ്.
‘‘എന്റെ പ്രിയപ്പെട്ട പപ്പയോട്...
ഞങ്ങളുടെ ഉടമ്പടി, ഏറ്റവും ശക്തമായ ബന്ധം.
‘നമ്മൾ’ നമ്മുടെ എല്ലാ ജീവിതകാലത്തും, എല്ലാ മേഖലകളിലും അതിനപ്പുറവും ...നമ്മൾ എപ്പോഴും ഒരുമിച്ചാണ് പപ്പാ. അത് സ്വർഗ്ഗമായാലും ഭൂമിയായാലും. നമ്മൾ ഒന്നാണ്.
ഇപ്പോൾ ഞാൻ നിങ്ങളെ വളരെ ആർദ്രമായും, ശ്രദ്ധയോടെയും, വിലപ്പെട്ടതായും എന്റെ ഹൃദയത്തിൽ ചേർത്തിരിക്കുന്നു... ഈ ജീവിതകാലം മുഴുവൻ എന്നോടൊപ്പം തുടരാൻ.
മാന്ത്രികമായ വിലയേറിയ ഓർമ്മകള്‍... ജീവിതപാഠങ്ങൾ, പഠിപ്പിക്കലുകൾ, മാർഗ്ഗനിർദ്ദേശങ്ങൾ, ഊഷ്മളത, നിരുപാധിക സ്നേഹം...നിങ്ങളുടെ മകളായി നിങ്ങൾ എനിക്ക് നൽകിയ അന്തസ്സും ശക്തിയും മറ്റൊന്നിനും പകരം വയ്ക്കാനോ സമാനമാക്കാനോ കഴിയില്ല.
ഞാൻ നിങ്ങളെ വളരെ വേദനയോടെ മിസ്സ് ചെയ്യുന്നു പപ്പാ ...ഏറ്റവും സുഖകരമായ പുതപ്പ് പോലെ തോന്നിക്കുന്ന നിങ്ങളുടെ ഊഷ്മളമായ സംരക്ഷണ ആലിംഗനങ്ങളും, നിങ്ങളുടെ മൃദുലവും എന്നാൽ ശക്തവുമായ കൈകൾ പിടിച്ച് അതിൽ ഇതുവരെ പറയാത്ത കാര്യങ്ങള്‍ പറയുന്നതും, എന്റെ പേര് വിളിച്ചു പറയുന്ന നിങ്ങളുടെ ശബ്ദവും അനന്തമായ സംഭാഷണങ്ങളും, ചിരികളും ഷായരികളും, ‘എപ്പോഴും വിനയാന്വിതനായിരിക്കുക, സന്തോഷവാനായിരിക്കുക, ആരോഗ്യവാനായിരിക്കുക, ശക്തനായിരിക്കുക...’ എന്ന മുദ്രാവാക്യവുമടക്കം എല്ലാം മിസ്സ് ചെയ്യുന്നു... നിങ്ങളുടെ പാരമ്പര്യം അഭിമാനത്തോടെയും ബഹുമാനത്തോടെയും തുടരുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു.... എന്നെപ്പോലെ തന്നെ താങ്കളെ സ്നേഹിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളിലേക്ക് പപ്പയുടെ സ്നേഹം പകരാൻ ഞാൻ പരമാവധി ശ്രമിക്കും....
ഞാൻ നിങ്ങളെ സ്നേഹിക്കുന്നു അച്ഛാ
നിങ്ങളുടെ പ്രിയപ്പെട്ട മകൾ ,
നിങ്ങളുടെ ഈഷ , നിങ്ങളുടെ ബിട്ടു...’’ എന്ന കുറിച്ചാണ് അച്ഛന് മകള്‍ ഇഷാ ഡിയോള്‍ ജന്മദിനാശംകള്‍ കുറിച്ചത്. ഒപ്പം തന്റെയും അച്ഛന്റെയും അപൂര്‍വ്വ നിമിഷങ്ങളടങ്ങിയ ചിത്രങ്ങളും ഇഷാ ഡിയോള്‍ പങ്കുവച്ചിട്ടുണ്ട്. ധർമ്മേന്ദ്രയുടെ മരണശേഷം ഇഷയുടെ ആദ്യ പോസ്റ്റാണിത്. ധർമ്മേന്ദ്രയുടെ രണ്ടാം ഭാര്യയും എംപിയുമായ ഹേമ മാലിനിയുടെ മകളാണ് ഇഷ ഡിയോള്‍. ബോളിവുഡിന്റെ ഡ്രീം ഗേളുമായിരുന്ന ഹേമമാലിനിയും മക്കളായ സണ്ണി ഡിയോളും ബോബി ഡിയോളും താരത്തിന് ആശംസകളും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന അപൂര്‍വ്വ നിമിഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.