-->
ഇക്കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. നീണ്ട ആറ് വർഷത്തെ വിചാരണ പൂർത്തിയാക്കി വിധിയാണ് ഇന്നലെ വന്നത്. വിധി വന്നതിനു പിന്നാലെ, അതിജീവിതയ്ക്ക് ശക്തമായ പിന്തുണ അറിയിച്ചും ദിലീപിനെ പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ നിറയുന്നുണ്ട്. നടി റിമ കല്ലിങ്കൽ അടക്കമുള്ള താരങ്ങള്‍ ഈ വിധിയെ വിമര്‍ശിച്ച് പോസ്റ്റുകള്‍ കുറിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിനെത്തുടർന്ന് രൂപീകരിച്ച സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയിലെ സജീവ സാന്നിധ്യമാണ് റിമ കല്ലിങ്കൽ.
കോടതി വിധി നിരാശപ്പെടുത്തിയെങ്കിലും നിയമപോരാട്ടം തുടരുമെന്ന ശക്തമായ സൂചന നൽകി മുൻപ് ഒരു വേദിയിൽ അതിജീവിതയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് താൻ ഉയർത്തിയ ‘അവൾക്കൊപ്പം’ എന്ന് എഴുതിയ ബാനറിന്റെ ചിത്രം റിമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ചിത്രത്തിനൊപ്പം, “എപ്പോഴും, മുൻപത്തേതിലും ശക്തമായി, ഇപ്പോൾ” എന്നും റിമ കുറിച്ചു.
ഇപ്പോഴിതാ അതിനു പിന്നാലെ വിധിയെ പരിഹസിച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറി കുറിക്കുകയാണ് റിമ കല്ലിങ്കല്‍. കോടതിയെ വിശ്വസിപ്പിച്ചതും കെട്ടിച്ചമച്ചുണ്ടാക്കിയതുമായ കഥ പങ്കിട്ടാണ് റിമയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.
‘‘ഒരു ഗുണ്ട ഉണ്ടായിരുന്നു. ഈ ഗുണ്ട ഒരു ദിവസം ചോറുണ്ടുകൊണ്ടിരിക്കുമ്പോൾ അങ്ങേർക്ക് ഒരു കുറ്റകൃത്യം ചെയ്യാൻ ആഗ്രഹം തോന്നി. ഗുണ്ട ആയതുകൊണ്ട് സാധാരണ ആരെങ്കിലും പൈസ കൊടുത്ത് ഒരു കാര്യം ചെയ്യാൻ പറഞ്ഞാൽ ആണ് ഇയാൾ കുറ്റകൃത്യം ചെയ്യാറ്. കൊട്ടേഷൻ എടുക്കൽ ആണ് ഗുണ്ടയുടെ ഉപജീവനമാർഗ്ഗം. പക്ഷേ ഇന്നൊരു ദിവസം എന്തുകൊണ്ടോ അയാൾക്ക് ആരും ഒന്നും പറയാതെ തന്നെ ഒരു കുറ്റകൃത്യം നടത്താൻ ആഗ്രഹം തോന്നി അയാൾ പോയി റാൻഡം ആയ ഒരു സ്ത്രിയ്ക്ക് നേരെ ഒരു കുറ്റകൃത്യം നടത്തി. അയാൾ കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തി ഇനിയിപ്പോൾ ശിക്ഷ അനുഭവിക്കാൻ പോകുകയാണ്.
ഈ ഗുണ്ട ഇപ്പൊ ചിലപ്പോ ആലോചിക്കും, എന്നാലും എന്തുകൊണ്ടായിരിക്കാം ആ ദിവസം ചോറുണ്ടുകൊണ്ടിരിക്കുമ്പോൾ തനിക്ക് ആരും ഒന്നും പറയാതെ തന്നെ പോയി ഒരു കുറ്റകൃത്വം നടത്താൻ തോന്നിയത്? അതിശയമായിരിക്കുന്നു....’’ എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ റിമ കല്ലിങ്കല്‍ കുറിച്ചത്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് ആണ് നീണ്ട ആറ് വർഷത്തെ വിചാരണ പൂർത്തിയാക്കി ഇക്കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചത്. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളായ പൾസർ സുനിയടക്കമുള്ളവർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതായി കോടതി കണ്ടെത്തി. കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ഇവർക്കെതിരെ തെളിഞ്ഞതായും ഐ.ടി. നിയമപ്രകാരവും പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി പ്രഖ്യാപിച്ചു.
എന്നാൽ, ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട എട്ടാം പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. പ്രതികളെ ഒളിവില്‍ പോകാൻ സഹായിച്ച ഏഴാം പ്രതി ചാർളി തോമസ്, പത്താം പ്രതി ശരത്ത് എന്നിവരെയും കോടതി വെറുതെ വിട്ടു. നിലവിൽ ജാമ്യത്തിലുള്ള ഒന്ന് മുതൽ ആറ് വരെ പ്രതികളുടെ ജാമ്യം റദ്ദാക്കുകയും ഇവരെ റിമാൻഡ് ചെയ്യുകയും കാക്കനാട് ജയിലിലേക്ക് മാറ്റുകയും ചെയ്യും.