-->
കൊച്ചി: കേരളം ഞെട്ടിയുണര്‍ന്ന നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് സംശയമുനയിലാക്കിയത് സംവിധായകന്‍ ബാലചന്ദ്രന്റെ മൊഴി. ദിലീപിനെതിരെ കാര്യമായ തെളിവുകളൊന്നും കിട്ടാതിരുന്ന അന്വേഷണ സംഘത്തിന് ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദ സംഭാഷണങ്ങള്‍ വലിയ പിടിവള്ളിയായി. ഈ മൊഴി കേസില്‍ സിനിമയെ വെല്ലുന്ന ട്വിസ്റ്റിന് പിന്നീട് കാരണമായി മാറിയതും ഈ മൊഴിയാണ്.
കേസിലെ അപ്രതീക്ഷിത വഴിത്തിരിവായിരുന്നു ഇവരണ്ടും. നടി ആക്രമിക്കപ്പെടുന്ന വീഡിയോ സ്വന്തം വീട്ടില്‍ വെച്ച് ദിലീപ് കണ്ടെന്നായിരുന്നു ബാലചന്ദ്രന്‍ കുമാറിന്റെ വെളിപ്പെടുത്തല്‍. നടി ആക്രമണത്തിന്റെ ഗൂഡാലോചന ചുമത്തി ദിലീപിനെ അറസ്റ്റ് ചെയ്ത് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചശേഷവും കാര്യമായ തെളിവൊന്നും കിട്ടാതെ ആശയക്കുഴപ്പത്തിലായിരുന്ന അന്വേഷണ സംഘത്തിന് മുന്നിലേക്ക് 2021 ഡിസംബറോടെയായിരുന്നു ബാലചന്ദ്രകുമാറിന്റെ രംഗപ്രവേശം. നടിയെ ആക്രമിക്കുന്ന വീഡിയോ 2017 നവംബര്‍ 15 ന് ദിലീപ് ആലുവയിലെ തന്റെ വീട്ടില്‍ വച്ച് കണ്ടതിന് താന്‍ സാക്ഷിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ അവകാശവാദം.
ഇതിനുതെളിവായി ആ ദിവസം ആ വീട്ടില്‍ നടന്ന സംഭാഷണങ്ങളുടെ അടക്കം റെക്കോര്‍ഡുകളെന്ന പേരില്‍ ചില ഡിജിറ്റല്‍ തെളിവുകളും ബാലചന്ദ്രകുമാര്‍ പൊലീസിന് നല്‍കിയതോടെ കേസില്‍ അത് വഴിത്തിരിവായി. പള്‍സര്‍ സുനിയെ ദിലീപിന്റെ വീട്ടില്‍ വെച്ച് കണ്ടിരുന്നുവെന്ന ബാലചന്ദ്രകുമാറിന്റെ അവകാശവാദവും അന്വേഷണ സംഘം പ്രാധാന്യത്തോടെ കോടതിയില്‍ ഉന്നയിച്ചു. നായകനാക്കി സിനിമ ചെയ്യാന്‍ ഒപ്പം കൂടിയ ബാലചന്ദ്രകുമാര്‍ സിനിമ നടക്കില്ലെന്ന് വന്നതോടെ ദിലീപിനെതിരെ തിരിഞ്ഞു എന്നായിരുന്നു ഇതിന് ദിലീപ് വെച്ച പ്രതിരോധം.
അന്നത്തെ പൊലീസ് മേധാവി ലോക് നാഥ് ബഹറ ഉള്‍പ്പെടെയുളളവരുമായുളള ദിലീപിന്റെ ബന്ധം. ഉന്നത രാഷ്ട്രീയ സ്വാധീനമുളള വിഐപിയുടെ കേസിലെ ഇടപെടല്‍, കാവ്യാ മാധവനടക്കം ദിലീപിന്റെ കുടുംബാംഗങ്ങള്‍ക്ക് നടി ആക്രമണത്തെ പറ്റി അറിവുണ്ടായിരുന്നെന്ന ആരോപണം തുടങ്ങി ബാലചന്ദ്രകുമാര്‍ പറഞ്ഞതെല്ലാം അന്വേഷണ സംഘം കേസിലെ തെളിവുകളാക്കി. ഈ വിവരം വെളിപ്പെടുത്താനുണ്ടായ കാലതാമസവും പ്രതിഭാഗം ചൂണ്ടിക്കാട്ടിയെങ്കിലും ദിലീപ് തന്നെ ഇല്ലാതാക്കുമോ എന്ന ഭീതിയുണ്ടായിരുന്നെന്നായിരുന്നു ബാലചന്ദ്രന്റെ മൊഴി.
കേസില്‍ നിര്‍ണ്ണായക മൊഴി നല്‍കിയെങ്കിലും വിചാരണ ഘട്ടമായപ്പോഴേക്കും രൂക്ഷമായ കരള്‍ രോഗം ബാധിച്ച ബാലചന്ദ്രകുമാര്‍ പ്രത്യേക അനുമതിയോടെ തിരുവനന്തപുരത്തെ കോടതിയില്‍ തുടര്‍ച്ചയായ നാല്‍പ്പത് ദിവസം ബാലചന്ദ്രകുമാര്‍ വിചാരണയുടെ ഭാഗമായി. പക്ഷേ, കേസിന്റെ വിചാരണ പൂര്‍ത്തിയായി വിധി വരുന്നതിന് ഒരു വര്‍ഷം മുമ്പേ 2024 ഡിസംബര്‍ 13ന് വിടപറഞ്ഞു.