-->
മലയാള സിനിമയിൽ കിരീടം വയ്ക്കാത്ത റാണിയും തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പേരിന് ഏറ്റവും അര്‍ഹയുമായ അഭിനേത്രിയാണ് ഉര്‍വശി. ആ പേരിനും ഇരിപ്പിടത്തിനും യോഗ്യതയുണ്ടായിട്ടും ഇനിയും ആ പേരിനു പിന്നാലെ പോകാതെ, പ്രേക്ഷകരെ സീറ്റിൽ പിടിച്ചിരുത്തുന്ന റോളുകൾ ചെയ്ത് നിറഞ്ഞു നിൽക്കുകയാണ് താരം. അഭിനയത്തിന്റെ രസഭാവങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഉർവശി തന്റെ എട്ടാമത്തെ വയസ്സിൽ തുടങ്ങിയതാണ് അഭിനയജീവിതം.
5 ഭാഷകളിലായി വർഷങ്ങളുടെ അനുഭവ സമ്പത്തുമായി വേറിട്ട കരുത്തുള്ള കഥാപാത്രങ്ങളിലൂടെ ഇന്നും ഉര്‍വശി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നുണ്ട്. ചിരിപ്പിച്ചും കരയിപ്പിച്ചും പ്രണയിച്ചും മാത്രമല്ല കുശുമ്പും അസൂയയും നിറയുന്ന കഥാപാത്രങ്ങളിലൂടെയും ഉര്‍വശി പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഹിറ്റുകളും മികച്ച കഥാപാത്രങ്ങളും ഉർവശിയെ കരിയറിൽ ഉയരങ്ങളിലെത്തിച്ചു. നിരവധി പുരസ്കാരങ്ങളും താരത്തെ തേടിയെത്തി. അടുത്തിടെ ഉള്ളൊഴുക്ക്' എന്ന ചിത്രത്തിലെ ലീലാമ്മയിലൂടെ 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച സഹനടിക്കുള്ള പുരസ്‌കാരവും ഉര്‍വശി നേടിയിരുന്നു. അഭിനേത്രിയായി മാത്രമല്ല ഡബ്ബിംഗ് ആർട്ടിസ്റ്റ്, അവതാരക, തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും താരം തിളങ്ങിയിട്ടുണ്ട്.
ഇപ്പോഴിതാ തിരക്കേറിയ സിനിമാ ജീവിതം കാരണം സ്കൂളില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെക്കുറിച്ച് തുറന്നു പറയുകയാണ് ഉര്‍വശി. മതിയായ ഹാജർ ഇല്ലാത്തതിനാലും സിനിമയിലെ തിരക്കുകള്‍ കാരണവും സ്കൂള്‍ അധികൃതർ തന്നെ പഠനത്തില്‍ നിന്ന് പറഞ്ഞുവിട്ടുവെന്നാണ് താരം രഞ്ജിനി ഹരിദാസുമായി നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
‘‘സിനിമ എന്റെ തിരഞ്ഞെടുപ്പായിരുന്നില്ല. ഓരോ ഷൂട്ടിംഗ് കഴിയുമ്പോഴും സ്കൂളില്‍ പോകാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. എല്ലാ സിനിമ കഴിയുമ്പോഴും പറഞ്ഞിരുന്നത് ഇത് കഴിഞ്ഞ് സ്‌കൂളില്‍ പോകാം എന്നായിരുന്നു. പിന്നെ പിന്നെ എല്ലാവരും എന്നെ കളിയാക്കിത്തുടങ്ങി. ഷൂട്ട് വേഗം തീര്‍ക്ക്, ഈ കൊച്ചിന് സ്‌കൂളില്‍ പോകാനുള്ളതാണെന്ന്. കളിയാക്കുന്നതാണെന്ന് എനിക്ക് മനസിലായിരുന്നില്ല. ഒന്നിന് പുറകെ ഒന്നായി സിനിമകള്‍ ലഭിച്ചതോടെ ഈ ആഗ്രഹം നടക്കാതെ പോയി. ഏകദേശം നൂറോളം സിനിമകള്‍ പൂർത്തിയാക്കിയപ്പോഴാണ് സിനിമാഭിനയം ഒരു ഗൗരവമേറിയ പ്രൊഫഷനാണെന്ന് എനിക്ക് മനസ്സിലായത്.
ഞാന്‍ പ്ലസ് വണ്ണും പ്ലസ് ടുവും പഠിച്ചിരുന്നില്ല. ഒമ്പതാം ക്ലാസ് കൊല്ല പരീക്ഷയുടെ സമയത്താണ് ‘മുന്താനെ മുടിച്ചി’ന്റെ ഷൂട്ട്. റീ എക്‌സാം എഴുതി പത്തിലെത്തി. പത്താം ക്ലാസില്‍ ചെന്നപ്പോഴേക്കും സിനിമ ഇറങ്ങിയിരുന്നു. ചെക്കന്മാരൊക്കെ കണ്ണ് തുറക്കണം സ്വാമി എന്ന പാട്ടും പാടി എന്റെ പിന്നാലെ നടക്കുകയാണ്. എനിക്ക് ഭയങ്കര മാനക്കേടും സങ്കടവുമായി. സ്‌കൂളില്‍ നിന്നും വിളിച്ച് ബുദ്ധിമുട്ടാണ്, ഇനി ഇങ്ങോട്ട് വരേണ്ടതില്ലെന്ന് പറഞ്ഞു. ക്ലാസിലൊന്നും പോകാറില്ലല്ലോ.
പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും എല്ലാ ഭാഷയിലും സിനിമകള്‍ ചെയ്തു. തമിഴും തെലുങ്കും കന്നഡയും ചെയ്തു. ഇതിനിടെ മലയാളത്തിലേക്കും വന്നു. മലയാളത്തില്‍ പന്ത്രണ്ടും പതിനഞ്ചും ദിവസം കൊണ്ട് സിനിമ തീര്‍ക്കുന്നു. സെറ്റില്‍ നിന്നും സെറ്റിലേക്ക് പോകുന്നു. കേരളത്തിലായി ഷൂട്ടിങ് അധികവും. മലയാളത്തില്‍ വന്ന ശേഷമാണ് അഭിനേതാക്കള്‍ കഥാപാത്രത്തെ ഇത്രത്തോളം ഗൗരവ്വത്തോടെ കാണുന്നതും ഇതൊരു സീരിയസ് പ്രൊഫഷന്‍ ആണെന്നും മനസിലാക്കുന്നത്.
ഇവിടെ കുറേക്കൂടി ഫ്രീഡവും ലഭിച്ചിരുന്നു. അച്ഛനേയും അമ്മയേയും എല്ലാവര്‍ക്കും അറിയാം. അതിനാല്‍ പ്രത്യേക പരിഗണനയും വാത്സല്യവും കിട്ടിയിരുന്നു. ആരും എന്നെ വിഷമിപ്പിക്കുകയും ദേഷ്യപ്പെടുകയും ചെയ്തിരുന്നില്ല. അതോടെ എനിക്ക് ഇവിടം ഇഷ്ടമായി.
പഠനം നിർത്തേണ്ടി വന്ന സാഹചര്യത്തില്‍ പിന്നീട് ഞാനും നടി ശോഭനയും ചേർന്ന് എൻട്രൻസ് പരീക്ഷ എഴുതാൻ തീരുമാനിച്ചിരുന്നു. ഞാൻ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും, പരീക്ഷയുടെ സമയമായപ്പോള്‍ ശോഭന ഈ തീരുമാനത്തില്‍ നിന്ന് പിന്മാറി...പരീക്ഷയുടെ സമയത്തായിരുന്നു പൊന്‍മുട്ടയിടുന്ന താറാവിന്റെ ക്ലൈമാക്‌സ്. ഇങ്ങനെയാകണം ജീവിതം എന്ന് ദൈവം തീരുമാനിച്ചിരിക്കണം. അതിലൊന്നും വിഷമമില്ല. ഒന്നും എന്റെ തീരുമാനങ്ങളായിരുന്നില്ല, ദൈവം കൃത്യമായി എന്നെ നയിക്കുകയായിരുന്നു...’’ ഉര്‍വശി പറഞ്ഞു.
നിരവധി ആരാധകരാണ് ഉര്‍വശിയുടെ അഭിമുഖത്തിന് താഴെ താരത്തെ അഭിനന്ദിച്ചും പ്രശംസിച്ചും കമന്റുകള്‍ കുറിക്കുന്നത്. ‘മലയാളത്തില്‍ ഈ അഭിനേത്രിക്ക് മേലെ ആരുമില്ല, നടൻമാർ പലർ ഉണ്ട് എങ്കിലും ഇന്ത്യൻ സിനിമയിൽ തന്നെ അഭിനയം കണ്ട് അത്ഭുതം തോന്നിയ ഒരേയൊരു നടിയാണ് ഉർവശി, എന്നത്തേയും ലേഡി സൂപ്പര്‍സ്റ്റാര്‍...’ എന്നാണ് പലരും കുറിച്ചത്.