-->
ഇന്ന് വലിയ വലിയ കോര്‍പറേറ്റ് ജോലികള്‍ ഉപേക്ഷിച്ച് ചെറുകിട വ്യവസായങ്ങള്‍ ചെയ്യാനിഷ്ടപ്പെടുന്നവരാണ് യുവാക്കളില്‍ ഏറെയും. ഇത്തരത്തില്‍ ഐടി പഠച്ചശേഷം വിദേശ രാജ്യത്ത് ജോലി ചെയ്ത് തന്റെ ആഗ്രഹങ്ങള്‍ സ്വപ്‌നം കണ്ട് നടന്നൊരു യുവാവ് തന്റെ അനുഭവ കഥ പറഞ്ഞപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഒന്നടങ്കം ഞെട്ടി. ലക്ഷങ്ങള്‍ മാസ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് അപരിചിതവും എന്നാല്‍ ഏറെ അഭിനിവേശവുമുള്ള തന്റ സ്വപ്ന സാക്ഷാത്ക്കാരത്തിനായി അദ്ദേഹം അഹോരാത്രം ജോലി ചെയ്തു. ഇന്ന് താന്‍ വിജയം നേടിയിരിക്കുന്നുവെന്നാണ് തന്റെ ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ മോഹന്‍ വെളിപ്പെടുത്തുന്നത്.
ജര്‍മ്മനിയില്‍ ഉയര്‍ന്ന ശമ്പളമുള്ള ടെക് ജോലി ഉപേക്ഷിച്ച് ദോശ റെസ്‌റ്റോറന്റ് ആരംഭിക്കുക എന്ന് കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നുമെങ്കിലും മോഹനന് പക്ഷേ, ആ അമ്പരപ്പില്ലായിരുന്നു. അദ്ദേഹം തന്റെ ഐടി ജോലി ഉപേക്ഷിക്കുകയും ഇന്ന് 'ദോശമാ' എന്ന റെസ്‌റ്റോറന്റ് ശൃംഖലയുടെ സഹസ്ഥാപകനുമാണ്. ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ആരോഗ്യകരവും ഗ്ലൂറ്റന്‍ രഹിതവുമായ ദോശ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പാരീസില്‍ നിന്ന് ലണ്ടനിലേക്കും ഇപ്പോള്‍ പൂനെയിലേക്കും അദ്ദേഹത്തിന്റെ റെസ്‌റ്റോറന്റ്‌സ് വ്യാപിച്ചു. 2023 ല്‍ മാനേജിംഗ് ഡയറക്ടറായി മോഹന്‍ ആദ്യ റെസ്‌റ്റോറന്റ് സ്ഥാപിക്കുന്നു.
തന്റെ കഥ വളരെ നാടകീയമായാണ് മോഹന്‍ വീഡിയോയില്‍ അവതരിപ്പിക്കുന്നത്. ഈ ജോലി ചെയ്യാന്‍ താന്‍ ഐടി ജോലി ഉപേക്ഷിച്ചു. ജോലി ദോശ ചുടുന്നതാണെന്ന് അടുത്ത ഷോട്ടില്‍ അദ്ദേഹം വ്യക്തമാക്കുന്നു. പിന്നാലെ പാരീസില്‍ നിന്നും സ്‌കോളര്‍ഷിപ്പോടെ ഐടി പഠിച്ചതായും പിന്നാലെ ടെക്‌സാസ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ ജോലി ചെയ്തതായു മോഹന്‍ പറയുന്നു. പിന്നാലെ ഐടി ജോലി ഉപേക്ഷിച്ചു. സുഹൃത്തുക്കളോടൊപ്പം പാരീസില്‍ ഒരു ദോശക്കട തുടങ്ങി. കരിയര്‍ മാറ്റം കേള്‍ക്കാന്‍ സുഖമുണ്ടെങ്കിലും വലിയ ബുദ്ധിമട്ടുകള്‍ നേരിട്ടിരുന്നെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു. ക്ഷീണവും ഉറക്കമില്ലായ്മയും വേട്ടയാടിയ രാത്രികളായിരുന്നു അത്. എന്നാല്‍ ഇന്ന് പാരീസിലും ലണ്ടനിലും ദേ ഇപ്പോള്‍ പൂനെയും റെസ്‌റ്റോറന്റുകളുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.
പോസ്റ്റ് വൈറലായതോടെ നിരവധി പേര്‍ മോഹനന് ആശംസകളുമായെത്തി. കൂടുതല്‍ റെസ്‌റ്റോറന്റുകള്‍ തുറക്കാന്‍ കഴിയട്ടെയെന്ന് നിരവധി പേരാണ് കുറിച്ചത്. സ്വപ്നം കാണാന്‍ മാത്രമാണ് തങ്ങള്‍ പഠിച്ചതെന്നും എന്നാല്‍ താങ്കള്‍ കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയെന്നും മറ്റ് ചിലരെഴുതി