-->
മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ട് അറസ്റ്റ് ഭീതിയിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പുറത്താക്കിയത്, നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിൻ്റെ ഒന്നാം വാർഷിക ദിനത്തിൽ. പാലക്കാട് നിന്നുള്ള നിയമസഭാംഗമായി 2024 ഡിസംബർ നാലിനാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.
ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ തള്ളിയതോടെ ഇദ്ദേഹത്തെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഇതോടെ രാഹുലിൻ്റെ നിയമസഭാംഗത്വത്തിലും ചോദ്യങ്ങളുയരും. സ്വയം രാജിവെച്ചില്ലെങ്കിൽ ഇദ്ദേഹത്തെ അയോഗ്യനാക്കുന്നതടക്കം തീരുമാനത്തിലേക്ക് പോകാൻ സ്പീക്കർക്ക് അധികാരമുണ്ടാകും.
പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് വിജയിച്ചതിനെ തുടർന്നാണ് സീറ്റിൽ ഒഴിവുവന്നത്. ബി.ജെ.പി.യുടെ ശക്തികേന്ദ്രങ്ങളിൽ ഒന്നായ പാലക്കാട് ശക്തമായ ത്രികോണ മത്സരത്തിൻ്റെ സാധ്യതയായിരുന്നു. ഷാഫിയുടെ പിന്തുണയോടെ രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർത്ഥിയായതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട പി സരിൻ ഇടത് സ്ഥാനാർത്ഥിയായ ഇവിടെ, ബിജെപി സ്ഥാനാർത്ഥിയായി സി കൃഷ്‌ണകുമാറാണ് മത്സരിച്ചത്. പാലക്കാട് മണ്ഡലത്തിൽ യു.ഡി.എഫ്. നേടിയ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു രാഹുലിൻ്റേത്.