Wednesday, March 11, 2026 Last Updated 4 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 04 Dec 2025 11.42 AM

പ്രതിപക്ഷത്തിന് താല്‍പ്പര്യം പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്താന്‍ ; സ്വന്തം പാര്‍ട്ടിയെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി വീണ്ടും

uploads/news/2025/12/814315/shashi-tharoor.gif

തിരുവനന്തപുരം: ചര്‍ച്ചകളേക്കാള്‍ പ്രതിപക്ഷത്തിന് പ്രധാന്യം പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്നതിലാണെന്ന് സ്വന്തം പാര്‍ട്ടിയെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി വീണ്ടും. പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉത്തരവാദിത്വം മറക്കുന്നെന്നും സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്നതിലാണ് അവര്‍ക്ക് താല്‍പ്പര്യമെന്നും അതുകൊണ്ട് ഭരണപക്ഷത്തിന് ഏകപക്ഷീയമായി നിയമം നടപ്പാക്കാന്‍ കഴിയുമെന്നുമാണ് വിമര്‍ശനം.

ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് ശശി തരൂര്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചിരിക്കുന്നത്. പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്നതിലാണ് പ്രതിപക്ഷം പ്രാധാന്യം കൊടുത്തിരിക്കുന്നതെന്നാണ് വിവരം. ചര്‍ച്ചകളിലൂടെ ഭരണകൂടത്തെ വെല്ലുവിളിക്കാനുള്ള അവസരങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം ബഹളമുണ്ടാക്കി ചര്‍ച്ചകളും സഭാനടപടികളും തടസ്സപ്പെടുത്താനാണ് പ്രതിപക്ഷത്തിന് താല്‍പര്യം.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബിജെപി ചെയ്തിരുന്ന അതേ നയമാണ് ഇപ്പോള്‍ പ്രതിപക്ഷവും എടുത്തിരിക്കുന്നതെന്നും ഇതിന്റെ നഷ്ടം പ്രതിപക്ഷത്തിന് തന്നെയാണെന്നും പറഞ്ഞു. രാഷ്ട്രീയത്തില്‍ പാര്‍ലമെന്റിന് പ്രാധാന്യം കുറയുന്നുവെന്നും പരസ്പരം ശത്രുക്കളെപ്പോലെയാണ് ഭരണപക്ഷവും പ്രതിപക്ഷവും പെരുമാറുന്നതെന്നും ഇതില്‍ പരാജയപ്പെടുന്നത് പ്രതിപക്ഷമാണെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ജനങ്ങളുടെ ആശങ്കകളുമായിപൊരുത്തപ്പെടുന്ന കരുതലോടെ നിയമനിര്‍മ്മാണം നടത്തുന്ന പാര്‍ലമെന്റാണ് ആവശ്യമെന്നും യുദ്ധക്കളമല്ല വേണ്ടതെന്നും ലേഖനത്തിലുണ്ട്. ചോദ്യോത്തരവേളയും ശൂന്യവേളയും അടക്കം കേന്ദ്രസര്‍ക്കാരിനെയും കേന്ദ്രമന്ത്രിമാരെയും മുള്‍മുനയില്‍ നിര്‍ത്താന്‍ സാധിക്കുന്ന അവസരങ്ങള്‍ ഫലപ്രദമായി പ്രതിപക്ഷം ഉപയോഗിക്കുന്നില്ലെന്നും ശശി തരൂര്‍ വിമര്‍ശിക്കുന്നു.

അതുകൊണ്ടുതന്നെ സഭയില്‍ നിയമനിര്‍മ്മാണം ഏകപക്ഷീയമാണ്. നിയമങ്ങള്‍ കൊണ്ടുവന്ന് പാസ്സാക്കി പ്രഖ്യാപിക്കാനുള്ള നോട്ടീസ് ബോര്‍ഡ് മാത്രമായിട്ടാണ് ഭരണപക്ഷം സഭയെ കാണുന്നത്. എന്‍ഡിഎ സര്‍ക്കാര്‍ ഏകപക്ഷീയമായി ബില്ലുകള്‍ പാസ്സാക്കുന്നു. ചര്‍ച്ചകളിലൂടെ ഭരണപക്ഷത്തെ വെല്ലുവിളിക്കാന്‍ പ്രതിപക്ഷത്തിനാകുന്നില്ല. ഇതിനെല്ലാം കാരണം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷമാണെന്നും പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW