-->
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പുതിയ പരാതിയിൽ കേസെടുത്ത് പൊലീസ്. ബലാത്സംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി ക്രൈംബ്രാഞ്ച് ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അതിജീവിതയുടെ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഈ കേസും അന്വേഷിക്കും. ഡിവൈഎസ്പി സജീവനാണ് അന്വേഷണ ചുമതല. യുവതി കെപിസിസിക്ക് അയച്ച മെയിൽ ഡിജിപിക്ക് ഇന്നലെ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
യുവതിയില്‍ നിന്ന് മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. യുവതിയുള്ള സ്ഥലത്ത് എത്തിയായിരിക്കും മൊഴിയെടുപ്പ്. പ്രാഥമിക വിവര ശേഖരണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്. കേസെടുക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
ബെംഗളൂരുവിൽ പഠിക്കുന്ന 23കാരിയാണ് കഴിഞ്ഞദിവസം കെപിസിസി അധ്യക്ഷന് പരാതി ഇ-മെയിൽ മുഖാന്തരം നൽകിയത്. യുവതിയെ കേരളത്തിലേക്കെത്തിച്ച് ആളൊഴിഞ്ഞ റിസോർട്ടിൽ എത്തിച്ച് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് ഫെനി നൈനാനെതിരെയും പരാതിയിൽ ആക്ഷേപം ഉയർന്നിരുന്നു. ഫെനി നൈനാനാണ് കാറിൽ തന്നെ റിസോർട്ടിൽ എത്തിച്ചതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്.കേസിൽ ഫെനി നൈനാനും പ്രതിയാകും. നിലവിൽ ഫെനി തദ്ദേശ തിരഞ്ഞെടുപ്പിൽ അടൂരിൽ സ്ഥാനാർഥിയായി മത്സരിക്കുകയാണ്.