-->
തിരുവനന്തപുരം: ലൈംഗികാപവാദക്കേസില്‍ അറസ്റ്റിലായ മുന്‍ യൂത്തകോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇരയായ യുവതിയുമായി നടത്തിയ ചാറ്റില്‍ പാലക്കാട് ഫ്‌ളാറ്റ് വാങ്ങുന്ന ചര്‍ച്ച. ഒരുമിച്ച് ജീവിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഫ്ളാറ്റ് വാങ്ങാന്‍ വേണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ നിര്‍ബന്ധിക്കുന്നതാണ് ചാറ്റിലെ ചര്‍ച്ചയുടെ വിഷയം.
ഫ്ളാറ്റ് വാങ്ങുന്നതിനായി യുവതിയെ നിര്‍ബന്ധിക്കുന്ന രാഹുല്‍ 3ബഎച്ച്‌കെ തന്നെ വേണം എന്നും അതാകുമ്പോള്‍ നല്ല സ്‌പേസ് ഉണ്ടാകുമെന്നും പറയുന്നുണ്ട്. 3ബിഎച്ച്‌കെ വേണോ, 2ബിഎച്ച്‌കെ പോരെയെന്ന് യുവതി ചോദിക്കുകയും ചെയ്യുന്നുണ്ട്. പിന്നീട് ഒരു കോടി രൂപ വില വരുന്ന സാഹചര്യത്തില്‍ യുവതി പിന്മാറുകയായിരുന്നു. ഫ്‌ളാറ്റിന്റെ വിവരം യുവതി പൊലീസിനോടും പറഞ്ഞിട്ടുണ്ട്.
പരാതിക്കാരിയെ ക്രൂരമായ ലൈംഗിക വൈകൃതം പ്രകടിപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗം ചെയ്‌തെന്ന വിവരങ്ങള്‍ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയിരുന്ന സമയത്തായിരുന്നു ബലാത്സംഗം. അതിജീവിതയുടെ മൊഴിയില്‍ ചൂരല്‍മലയിലെ ഫണ്ട് ശേഖരണവും പരാമര്‍ശിച്ചിട്ടുണ്ട്. ചൂരല്‍മലയിലെ ആവശ്യത്തിനായി ഫണ്ട് കളക്ട് ചെയ്യുന്ന സമയത്ത് രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന്‍ പറഞ്ഞിട്ട് ഫെന്നിയുടെ അക്കൗണ്ടിലേയ്ക്ക് 5000 രൂപ അയച്ച് നല്‍കിയെന്നാണ് എഫ്‌ഐആറില്‍ ഉള്ളത്.
അതേസമയം അതിനാടകീയമായായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ കെപിഎം റീജിയന്‍സിന്റെ 2002 എന്ന മുറിയിലെത്തി രാഹുലിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ രാഹുലിനെ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ഇതിന് ശേഷം രാഹുലിനെ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി. രാഹുലിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുമുള്ളത്.
രാഹുലിന് ജാമ്യം നല്‍കാതിരിക്കാന്‍ 12 കാരണങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. ചാറ്റുകളും അതിജീവിതയുടെ നഗ്‌ന വീഡിയോകള്‍ പകര്‍ത്തിയ പ്രതിയുടെ മൊബൈല്‍ ഫോണുകളും കണ്ടെത്തുന്നതിന് പ്രതിയുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. നിരവധി വീട്ടമ്മമാരേയും അവിവാഹിതകളായ യുവതികളേയും വിവാഹം കഴിക്കാം എന്ന് പറഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.