Friday, March 13, 2026 Last Updated 37 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Dec 2025 01.31 PM

‘‘ജോര്‍ജുകുട്ടി കറക്റ്റ് ആണോ, എല്ലാരും പറഞ്ഞപ്പോള്‍ ഒരു ഡൗട്ട്...’’ നിറചിരിയോടെ മോഹന്‍ലാല്‍; ദൃശ്യം 3 ന്റെ പാക്കപ്പ് വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

മലയാള സിനിമയില്‍ ത്രില്ലര്‍ സിനിമകള്‍ക്ക് പുതിയൊരു തലം കൊണ്ടുവന്ന മോഹന്‍ലാല്‍- ജീത്തു ജോസഫ് കോമ്പോയുടെ ദൃശ്യം സിനിമയുടെ ആദ്യ രണ്ടു ഭാഗങ്ങളും വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടതാണ്. ഇപ്പോഴിതാ ഇതിന്റെ മൂന്നാം ഭാഗത്തിന്റെ പാക്കപ്പ് ആയതിന്റെ വീഡിയോ പങ്കിടുകയാണ് മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും.
Mohanlal, Jeethu Joseph, Drishyam 3 movie
Drishyam 3 movie packup (Image Source: Instagram)

മലയാള സിനിമാപ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ജീത്തു ജോസഫ്- മോഹന്‍ലാല്‍ കോമ്പോയുടെ ത്രില്ലര്‍ കുടുംബ ചിത്രം ദൃശ്യം. മലയാള സിനിമയില്‍ ത്രില്ലര്‍ സിനിമകള്‍ക്ക് പുതിയൊരു തലം കൊണ്ടുവന്ന ചിത്രത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളും വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടതാണ്. മികച്ച പ്രതികരണം ലഭിച്ച ഒരു സിനിമയുടെ ഒന്നാം ഭാഗത്തിനു ശേഷം രണ്ടാം ഭാഗം വിജയം കൈവരിക്കുന്നതും
വിജയിപ്പിക്കുന്നതും മൂന്നാമത്തെ ഭാഗത്തിനായി പ്രേക്ഷകരെ ആവേശത്തോടെ കാത്തിരിപ്പിക്കുന്നതും ഒരു സാധാരണ കാര്യമല്ല.
അത്തരത്തില്‍ ആദ്യ സിനിമയ്ക്ക് പിന്നാലെ രണ്ടാം ഭാഗവും റിലീസ് ചെയ്ത് മലയാള സിനിമയില്‍ ചരിത്രം കുറിച്ച സംവിധായകനാണ് ജീത്തു ജോസഫ്. അതും ദൃശ്യം ഫ്രാഞ്ചൈസികളിലൂടെ. ഒടുവില്‍ വീണ്ടും മോഹന്‍ലാല്‍- ജീത്തു ജോസഫ് കോമ്പോ വീണ്ടും ഒന്നിച്ചു.
ഇപ്പോഴിതാ ഏറെ പ്രതീക്ഷയോടെ മലയാളികള്‍ കാത്തിരിക്കുന്ന ദൃശ്യം 3 ന്റെ ഷൂട്ടിംഗ് പൂർത്തിയായ സന്തോഷം മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും പങ്കിട്ടിരിക്കുകയാണ്. സിനിമയുടെ അവസാന ഷോട്ട് എടുക്കുന്ന വീഡിയോ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. ഷോട്ട് ഓകെയാണെന്ന് പറയു​മ്പോഴുള്ള മോഹന്‍ലാലിന്റെ ഭാവപ്രകടനമാണ് വീഡിയോയിലെ ഹൈലൈറ്റ്. ‘ജോര്‍ജുകുട്ടി കറക്റ്റ് ആണോ, എല്ലാരും പറഞ്ഞപ്പോള്‍ ഒരു ഡൗട്ട്...’ എന്ന് മോഹന്‍ലാല്‍ വീഡിയോയുടെ അവസാനം പറയുന്നുണ്ട്. ആന്റണി പെരുമ്പാവൂരിനെയും ജീത്തു ജോസഫിനെയും മോഹന്‍ലാല്‍ കെട്ടിപ്പിടിച്ച്‌ സന്തോഷം പങ്കിടുന്നതും ദൃശ്യങ്ങളിലുണ്ട്. കേക്ക് മുറിച്ച്‌ സെറ്റിലെ മറ്റ് അഭിനേതാക്കള്‍ക്കൊപ്പം സന്തോഷവും പങ്കിടുന്നതും വീഡിയോയില്‍ കാണാം. സിനിമയുടെ റിലീസ് തിയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏറ്റവും ഒടുവില്‍ എല്ലാവരും ചേർന്ന് കേക്ക് മുറിക്കുകയും ചെയ്യുന്നുണ്ട്. ശേഷം ‘സ്നേഹത്തോടെ ജോർജ്ജുകുട്ടി’ എന്ന് മോഹൻലാല്‍ എഴുതുന്നുണ്ട്. കൂടി നിന്നവരോട് ജോർജ്ജുകുട്ടി എന്ന് എഴുതിയത് കറക്‌ട് ആണോന്നും മോഹൻലാല്‍ ചോദിക്കുന്നതും വീഡിയോയില്‍ കാണാം.

പാക്കപ്പ് വീഡിയോ പുറത്തുവന്നതോടെ ജോർജ്ജുകുട്ടിയുടെ മൂന്നാം വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. റിലീസ് തിയതി പുറത്തുവിടാനും ഫസ്റ്റ് ഷോയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യട്ടെ എന്ന് കുറിക്കുന്ന ആരാധകരുമുണ്ട്. സിനിമ ‘മിന്നിച്ചേക്കണേ അണ്ണാ...’ എന്നും ജീത്തുവിനോട് ആരാധകര്‍ പറയുന്നുണ്ട്. ദൃശ്യം സീരീസിലെ മൂന്നാമത്തെ ചിത്രമാണിത്. ജോര്‍ജുകുട്ടിയുടേയും കുടുംബത്തിന്റെയും വരവിനായി പ്രേക്ഷകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ആദ്യ രണ്ട് സിനിമകളിലും ജീത്തു എന്ന സംവിധായകന്‍ ഒളിപ്പിച്ചുവച്ച സസ്‌പെന്‍സും മാജിക്കും ഇതിലും കാണാമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
2025 സെപ്റ്റംബർ 22ന് ആയിരുന്നു ദൃശ്യം 3യുടെ ചിത്രീകരണം ആരംഭിച്ചത്. ദൃശ്യം ഒന്നും രണ്ടും മനസ്സിലേറ്റിയ പ്രേക്ഷകര്‍ മൂന്നും മനസ്സിലേറ്റി നടക്കട്ടേയെന്നാണ് പ്രാര്‍ത്ഥന എന്നായിരുന്നു അന്ന് മോഹൻലാല്‍ നിറമനസോടെ പറഞ്ഞത്. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയില്‍ ഉണ്ടാകും. ആശീർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ദൃശ്യം 3.
ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തില്‍ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് പറഞ്ഞിട്ടുണ്ട്. ദൃശ്യം 3യുടെ ആഗോള തിയേറ്ററിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിട്ടുണ്ട്. 350 കോടിയുടെ ബിസിനസ് നേട്ടം ഇതിനകം ചിത്രം ഉറപ്പാക്കിയിട്ടുണ്ട്. ആദ്യ രണ്ട് ഭാഗങ്ങള്‍ വലിയ വിജയമായിരുന്നതിനാല്‍ തന്നെ മൂന്നാം ഭാഗം വരുമ്ബോള്‍ എന്തൊക്കെ പുതുമയാണ് ചിത്രത്തിലുണ്ടാവുക എന്നുള്ള വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. കൊവിഡ് കാലമായതിനാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ദൃശ്യം 2’ ഒടിടിയിലൂടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. അന്യഭാഷാ റീമേക്കുകള്‍ക്ക് മുമ്പുതന്നെ ദൃശ്യം 3 തിയറ്ററിലെത്തുമെന്നാണ് സംവിധായകന്‍ വ്യക്തമാക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW