-->
തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസില്‍ കിഫ്ബി ചെയര്‍മാനായ മുഖ്യമന്ത്രിക്ക് വ്യക്തമായ പങ്കുണ്ട് എന്നാണ് ഇ ഡിയുടെ റിപ്പോര്‍ട്ട്. അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് മുന്നില്‍ ഇ ഡി സമര്‍പ്പിച്ച 150-ലധികം പേജുകളുളള റിപ്പോര്‍ട്ടില്‍ ഭൂമി വാങ്ങിയതിന്റെ രേഖകള്‍ സഹിതം വെച്ചിട്ടുണ്ട്. മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണ് ഭൂമി വാങ്ങാന്‍ തീരുമാനിച്ചതെന്നും ഫണ്ട് ഉപയോഗിച്ച് 466 കോടിയുടെ ഭൂമി വാങ്ങിയത് ഫെമ ചട്ടലംഘനമാണെന്നുമാണ് ഇ ഡി കണ്ടെത്തല്‍. കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ മിനുട്‌സും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കിഫ്ബി മസാല ബോണ്ട് കേസില്‍ ശനിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഇ ഡി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇ ഡി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കാരണം കാണിക്കല്‍ നോട്ടീസ്.
ഇ ഡി നോട്ടീസ് അസംബന്ധമാണെന്നും നോട്ടീസിന് മറുപടി നല്‍കണോ എന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മുൻ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഭൂമി വാങ്ങുന്നത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. കിഫ്ബി ഭൂമി ഉപയോഗിച്ച് ഊഹക്കച്ചവടം നടത്താന്‍ കഴിയില്ലെന്നും പറഞ്ഞു. ഇ ഡി നോട്ടീസില്‍ പറയുന്നത് തെറ്റായ കാര്യങ്ങളാണെന്ന് കിഫ്ബി സിഇഒ കെ എം എബ്രഹാമും പറഞ്ഞു. മസാല ബോണ്ട് വരുമാനത്തിന്റെ വിഹിതം നിയമപരമായി മാത്രമേ വിനിയോഗിച്ചിട്ടുള്ളൂവെന്നും ഫെഫ നിയമം അടക്കം ഒരു നിയമവും തെറ്റിച്ചിട്ടില്ലെന്നും പറഞ്ഞു.