-->
തിരുവനന്തപുരം: കടുവകളുടെ എണ്ണം എടുക്കാന്‍ പോയി ബോണക്കാട് ഉള്‍കാട്ടില്‍ കാണാതായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി. ഒരു വനിത അടക്കം മുന്ന് ഉദ്യോഗസ്ഥരാണ് കാണാതായത്. ഇവരുമായുള്ള ബന്ധം വിട്ടുപോയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ തെരച്ചിലിനിറങ്ങിയ ആര്‍ആര്‍ടി ഉദ്യോഗസ്ഥരാണ് ഇവരെ കണ്ടെത്തിയത്. ഉള്‍ക്കാട്ടില്‍ പെട്ടതും കാലാവസ്ഥ പ്രതീകൂലമായതുമാണ് കാരണമെന്നാണ് കരുതുന്നത്.
പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റര്‍ വിനീത, ബിഎഫ്ഒ രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരയൊണ് കാണാതായത്. ഇന്നലെ രാവിലെയാണ് ഇവര്‍ ബോണക്കാട് ഉള്‍വനത്തിലേക്ക് പോയത്. എന്നാല്‍ ഇന്നലെ വൈകുന്നേരത്തിന് ശേഷവും ഇവരെ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെയാണ് അന്വേഷണം തുടങ്ങിയത്. മോശം കാലാവസ്ഥ കാരണമായിരുന്നു സംഘത്തിന് തിരിച്ചെത്താന്‍ കഴിയാതായത്.
സ്ഥലത്തെക്കുറിച്ച് വലിയ പരിചയം ഉള്ളവരായിരുന്നില്ല ഉദ്യോഗസ്ഥര്‍. സംഘത്തിന്റെ കയ്യില്‍ ഭക്ഷണവും വെളിച്ചവും ഇല്ലായിരുന്നു എന്നത് കൂടുതല്‍ ആശങ്കയ്ക്ക് കാരണമാകുകയും ചെയ്തിരുന്നു. അഗസ്ത്യാര്‍ മല ഉള്‍പ്പെടുന്ന കേരള തമിഴ്്‌നാട് അതിര്‍ത്തിയാണ് ബോണക്കാട് ഫോറസ്റ്റ്.