Friday, March 13, 2026 Last Updated 30 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Dec 2025 07.55 AM

സംസ്ഥാനം കടന്നോ എന്ന കാര്യം ഇപ്പോഴും വ്യക്തതയില്ല ; രാഹുല്‍ മാങ്കൂട്ടത്തിലിനായി തിരച്ചില്‍ തുടര്‍ന്ന് അന്വേഷണസംഘം

uploads/news/2025/12/813842/rahul-mankoottathil.jpg

തിരുവനന്തപുരം: ലൈംഗികതിക്രമം ഭ്രൂണഹത്യാ കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനായി തിരച്ചില്‍ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം. ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ ഉടന്‍ പിടികൂടണമെന്ന് അന്വേഷണ സംഘത്തിന് അഭ്യന്തര വകുപ്പിന്റെ കര്‍ശന ഉത്തരവ്. ഇപ്പോഴും രാഹുല്‍ സംസ്ഥാനം കടന്നോ എന്നതിലും വ്യക്തതയില്ല.

കൂടുതല്‍ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും, ജില്ലാതലങ്ങളില്‍ അന്വേഷിക്കാനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദ്ദേശം. രാഹുലിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒളിവില്‍ പോകാന്‍ സഹായിച്ചവരെയും കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ബുധനാഴ്ചയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുക.

ഇതേത്തുടര്‍ന്ന് അന്വേഷണ സംഘം മൂന്നു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊര്‍ജിതമാക്കി. ഒളിവിലായ എം.എല്‍.എ. യാത്ര ചെയ്‌തെന്ന് കരുതുന്ന ചുവന്ന പോളോ കാര്‍ കണ്ടെത്താനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാലക്കാട്ടും കര്‍ണാടക അതിര്‍ത്തി മേഖലകളിലും പരിശോധന ശക്തമാക്കി. സിസിടിവി ദൃശ്യങ്ങളും ഫോണ്‍ ടവര്‍ രേഖകളും പോലീസ് പരിശോധിക്കുന്നുണ്ട്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍, ഗര്‍ഭഛിദ്ര ഗുളികള്‍ അടങ്ങിയ കിറ്റ് നല്‍കിയ ആളെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.ഗര്‍ഭിണിയായിരിക്കെ ഏഴാഴ്ച വരെ കഴിക്കാവുന്ന മൈഫിപ്രിസ്‌റ്റോണ്‍, മൈസോപ്രോസ്‌റ്റോള്‍ എന്നീ മരുന്നുകളാണ് രാഹുലിന്റെ സുഹൃത്ത് ജോബി യുവതിക്കു നല്‍കിയതെന്നാണു സൂചന. ഇവ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ലഭിക്കുന്നതും നിയമപരമായ നിയന്ത്രണങ്ങളില്‍ ഉള്‍പ്പെട്ടതുമാണ്. മരുന്ന് ലഭിച്ച സാഹചര്യവും അത് കേസുമായി എങ്ങനെ ബന്ധപ്പെട്ടു എന്നതും അന്വേഷണസംഘം പരിശോധിക്കുകയാണ്.

മരുന്ന് എവിടെ നിന്നാണ് ലഭിച്ചത്, ആരാണ് വാങ്ങിയത് എന്നതിലാണ് ഇപ്പോള്‍ പോലീസ് ഊന്നല്‍ നല്‍കുന്നത്. അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പരാതിക്കാരിക്കെതിരേ കോടതിയില്‍ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിച്ചു. ഒളിവില്‍ കഴിയുന്ന രാഹുല്‍, അഭിഭാഷകന്‍ മുഖേനയാണ് തെളിവുകള്‍ ഹാജരാക്കിയത്. ഓഡിയോ സന്ദേശം, വാട്‌സാപ്പ് ചാറ്റുകള്‍, വീഡിയോകള്‍ എന്നിവ ഉള്‍പ്പെടെയുള്ള തെളിവുകളാണു സമര്‍പ്പിച്ചിട്ടുള്ളതെന്നാണു ലഭ്യമായ വിവരം.

പരാതിക്കാരിക്കെതിരേയുള്ള മൂന്നു ഡിജിറ്റല്‍ രേഖകളാണു മൂന്നു ഡോക്യുമെന്റ് ഫയലുകളായി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ സമയത്തു പരാതിക്കാരിക്കെതിരേ ചില തെളിവുകള്‍ രാഹുല്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്നു പരാതിക്കാരി കൂടുതല്‍ തെളിവുകളുമായി രംഗത്തെത്തി. ഇതിനു പിന്നാലെയാണു രാഹുല്‍ വീണ്ടും തെളിവുകള്‍ നല്‍കിയിരിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW