Friday, March 13, 2026 Last Updated 48 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 29 Nov 2025 02.39 PM

‘നായകനും വില്ലനുമല്ല; നിങ്ങള്‍ സംസാരിക്കുന്നത് ഒരു നടനോടാണ്...’പഞ്ച് ഡയ​ലോഗുമായി മമ്മൂട്ടി; ആരാധകര്‍ക്ക് ആവേശമായി മെഗാസ്റ്റാറിന്റെ അഭിമുഖം

നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവലിലെ മമ്മൂട്ടിയുടെ കഥാപാത്രം നായകനോ വില്ലനോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ അതിനുള്ള മറുപടി പറയുകയാണ് മമ്മൂട്ടി.
 Mammotty, Kalamkaval movie
Mammootty about Kalamkaval movie (Image Source: Instagram)

മമ്മൂട്ടിയുടെ ചിത്രങ്ങള്‍ തിയേറ്ററിലെത്തുന്നു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആരാധകരത് ആഘോഷമാക്കാറുണ്ട്. വലിയൊരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന, മലയാളി സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കളങ്കാവല്‍. മറ്റൊരു നവാഗത സംവിധായകനായ ജിതിൻ കെ ജോസ് വീണ്ടും മമ്മൂട്ടി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ യുഎസ്‍പി. മമ്മൂട്ടിയ്ക്കൊപ്പം ഈ സിനിമയില്‍ പ്രധാന കഥാപാത്രമായി വിനായകനും എത്തുന്നുണ്ട്.
വിനായകനും മമ്മൂട്ടിയും പ്രധാന വേഷങ്ങളില്‍ എത്തുന്നു എന്ന അപ്ഡേറ്റ് വന്നതു മുതല്‍ ആരാധകർ ആകാംക്ഷയോടെ ചോദിക്കുന്ന ചോദ്യമാണ്, ആരാണ് കഥയിലെ വില്ലൻ എന്ന്. വിനായകനായിരിക്കും എന്ന് ചിന്തിച്ചെങ്കിലും ട്രെയിലറും പോസ്റ്ററുകളും വന്നതോടെ മമ്മൂട്ടിയാകും എന്ന് പ്രേക്ഷകര്‍ സംശയം പ്രകടിപ്പിച്ചു തുടങ്ങി. എന്നാല്‍ അണിയറപ്രവർത്തകർ ഇതുവരെ അതുമായി ബന്ധപ്പെട്ട ഒരു സൂചനയും പങ്കുവെച്ചിട്ടില്ല.
ഇപ്പോഴിതാ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മമ്മൂട്ടി കമ്പനിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പ്രേക്ഷകരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഏറെനാളായി മമ്മൂക്കയുടെ അഭിമുഖം കാണാൻ കാത്തിരിക്കുന്ന ആരാധകർക്ക് വലിയൊരു സന്തോഷമായി മാറുകയാണ് ഈ അഭിമുഖത്തിന്റെ പ്രൊമോ. വിനായകന്റെ ഇന്റർവ്യൂവിന്റെ അവസാന ഭാഗത്തിലാണ് മമ്മൂട്ടിയുടെ അഭിമുഖം വരുന്നതിന്റെ വിവരം പങ്കിട്ടിരിക്കുന്നത്.
നായകനോടാണോ വില്ലനോടാണോ താൻ സംസാരിക്കുന്നത് എന്ന് അഭിനേത്രിയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവി ചോദിക്കുമ്പോഴാണ് ആരാധകര്‍ കാത്തിരിക്കുന്ന മറുപടി മമ്മൂട്ടി പറയുന്നത്. ‘‘നിങ്ങള്‍ ഒരു നടനോടാണ് സംസാരിക്കുന്നത്. കഥ ഉണ്ടാക്കുമ്പോഴും എഴുതുമ്പോഴും എന്നെ മനസില്‍ കണ്ട് കൊണ്ട് എഴുതരുത്. നമ്മുടെ ജീവിതം മര്യാദയ്ക്ക് പോകുന്നതിന്റെ ഒരു കാരണം തന്നെ നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തില്‍, നന്മ ജയിക്കുന്നത് കൊണ്ടാണ് നമ്മള്‍ നല്ല മനുഷ്യനാകുന്നത്...’’ മമ്മൂട്ടി പ്രൊമോയില്‍ പറയുന്നു. അഭിമുഖത്തിന്റെ ഈ ഭാഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

നവംബർ 27 നായിരുന്നു കളങ്കാവല്‍ പുറത്തിറങ്ങാനിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ സിനിമയുടെ റിലീസ് മാറ്റിവച്ചു. ചിത്രം ഡിസംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. ഒരു ഗംഭീര ക്രൈം ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും കളങ്കാവല്‍ എന്നാണ് ട്രെയ്‌ലർ നല്‍കിയ സൂചന. മമ്മൂട്ടി എന്ന മഹാനടന്റെ മാജിക് ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്തുമെന്ന് ട്രെയ്‌ലറിലൂടെ മനസ്സിലാകും. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവല്‍ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ, മമ്മൂട്ടിക്കൊപ്പം ഗംഭീര പ്രകടനം കൊണ്ട് വിനായകനും കയ്യടി നേടുമെന്നും ട്രെയ്‌ലറിലൂടെ മനസ്സിലാകും. ട്രെയ്‌ലറിന് മുന്‍പ് എത്തിയ, ചിത്രത്തിലെ ‘നിലാ കായും...’ എന്ന് ആരംഭിക്കുന്ന ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ കളങ്കാവലിനായി കാത്തിരിക്കുന്നത്.

Ads by Google
Saturday 29 Nov 2025 02.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW