-->
മികച്ച സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നതില്‍ പ്രൊഡക്ഷന്‍ കണ്ട്രോളര്മാര്ക്കും വലിയൊരു പങ്കുണ്ട്. മികച്ച താരങ്ങളെ അണിനിരത്താനും നല്ല രീതിയില്‍ സിനിമ മുന്നോട്ടു കൊണ്ടുപോകാനും ഇവര്‍ സഹായിക്കാറുണ്ട്. മലയാളത്തില്‍ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറും പിന്നീട് നിര്‍മ്മാതാവുമായി മാറിയ വ്യക്തിയാണ് ഗിരീഷ് വൈക്കം. മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷൻ കണ്‍ട്രോളറും നിർമ്മാതാവും ഒക്കെയായ ഗിരീഷ് വൈക്കം ഷാഫിയുടെ ആദ്യ സംവിധാന സംരഭമായ വണ്‍മാൻ ഷോ അടക്കമുള്ള ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഗിരീഷ് വൈക്കം ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ദി ഡാർക്ക് വെബ്ബ് എന്ന സിനിമ.
ഇപ്പോഴിതാ മമ്മൂട്ടിയുമായുള്ള അടുപ്പത്തെ കുറിച്ചും വേഷം എന്ന ചിത്രത്തിനിടെ ഉണ്ടായ സംഭവവികാസങ്ങളെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് ഗിരീഷ് വൈക്കം. ആ സിനിമയില്‍ ഇന്ദ്രജിത്തിനെ തല്ലുന്ന രംഗം ചെയ്യാനാവില്ലെന്ന് മമ്മൂട്ടി പറഞ്ഞെന്നും പിന്നീട് ഒരുപാട് നിര്‍ബന്ധിച്ചാണ് മമ്മൂട്ടിയത് ചെയ്തതെന്നും ഗീരീഷ് വൈക്കം പറഞ്ഞു.
‘‘താരങ്ങള്‍ എല്ലാവരുമായും നല്ല ബന്ധം ആയിരുന്നു. അവരൊക്കെ അവരുടേതായ അഭിപ്രായങ്ങള്‍ പറയും എന്നല്ലാതെ ഒന്നും അങ്ങനെ പ്രസ് ചെയ്‌തു പറയാറില്ല. പക്ഷേ അങ്ങനെ ആരും ഒന്നും ചെയ്യാറില്ല. വേഷത്തില്‍ അനിയൻ ഇന്ദ്രജിത്തിനെ തല്ലുന്ന സീൻ ഉണ്ടായിരുന്നു മമ്മൂട്ടിയുടെ. എന്നാല്‍ ആദ്യത്തെ ദിവസം തന്നെ മമ്മൂട്ടി പറഞ്ഞു അങ്ങനെ തല്ലാൻ ആവില്ലെന്ന്. അപ്പച്ചൻ സാറിന് ഭയങ്കര നിർബന്ധം, തല്ലിയാല്‍ മാത്രം നല്ല ഭയങ്കര രസമായിരിക്കും തീയേറ്ററില്‍ എന്ന്.
അങ്ങനെ റസാഖിനോട് പറഞ്ഞ്, രണ്ടാം ദിവസമാണ് പുള്ളി ഒരൊറ്റ അടി വച്ച് കൊടുത്തത്. പുള്ളിക്ക് അങ്ങനെ തോന്നിക്കാണും. എന്തിന് അനിയനെ തല്ലണം എന്നായിരിക്കും പുള്ളി ചിന്തിച്ചത്. സ്നേഹിക്കുന്ന ഒരാളെ തല്ലേണ്ട കാര്യമില്ലലോ. അങ്ങനെയുള്ള ചിന്താഗതി ഉണ്ടായിരുന്നു. നമ്മുടെ ഓഡിയന്‍സിന്റെ മൈൻഡ് വെച്ച് അവന് ഒരെണ്ണം കൊടുക്കണമെന്ന് അവർക്ക് തോന്നുന്ന സമയത്താണ് ഇത്. അവൻ മറ്റൊരു പെണ്ണുമായി വരുമ്പോള്‍ ആയിരുന്നു ഇത്.
വേഷം എന്ന സിനിമയില്‍ ഞാൻ മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുകയും ചെയ്തു. ഞാൻ മന്ത്രിയായി വരുന്നുണ്ട് ആ സിനിമയില്‍, ഉദ്‌ഘാടനം ചെയ്യുന്നത് ഞാനാണ്. ഒരുപാട് ചിത്രങ്ങളില്‍ ഞാൻ അഭിനയിച്ചിട്ടുണ്ട്. നടൻ ആവണമെന്ന ഒരു ആഗ്രഹവുമില്ല. അഭിനയിക്കാൻ അറിയില്ലെന്ന് എനിക്ക് തന്നെ അറിയാമായിരുന്നു. പണ്ട് മുതലേ ഭയങ്കര ഇഷ്‌ടമായിരുന്നു മമ്മൂട്ടിയെ. അദ്ദേഹത്തെ കാണാൻ പോയിരുന്നു.
അദ്ദേഹത്തിന്റെ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യാൻ വേണ്ടി ഒരു സംഭവം റെഡിയായിരുന്നു. ഒരിക്കല്‍ സിബി-ഉദയന്‍ പടത്തിന്റെ കാര്യം മമ്മൂക്കയോട് പറഞ്ഞിരുന്നു. പുള്ളി അത് ഓക്കേ ആയിരുന്നു. പക്ഷേ ആ പടം പിന്നീട് ദിലീപിനെ വച്ചാണ് ചെയ്‌തത്. ഞാനല്ല ചെയ്‌തത്, വേറെ പ്രൊഡ്യൂസർ ചെയ്‌തു. മമ്മൂക്കയെയും ജയറാമിനെയും വച്ചായിരുന്നു ആ സിനിമ ഉദ്ദേശിച്ചത്. അബ്‌കാരി, മദ്യക്കടത്ത് കഥയായിരുന്നു അത്. അതാണ് റണ്‍വേ. കഥയൊക്കെ മമ്മൂക്കയോട് പറഞ്ഞതാണ്. അന്ന് മമ്മൂക്കയ്ക്ക് അത് ചെയ്യാൻ സാധിച്ചില്ല. മമ്മൂക്കയ്ക്ക് താല്‍പര്യം ഉണ്ടായിരുന്നു. ആ സിനിമയ്ക്ക് മമ്മൂക്കയായിരുന്നു കറക്ട് എന്ന് തോന്നിയിട്ടുണ്ട്. പിന്നെ ഞാൻ ആ രീതിയിലേക്ക് പുള്ളിയോട് അപ്പ്രോച്ച് ചെയ്‌തിട്ടില്ല.
ലവ കുശ ഞാൻ പ്രൊഡ്യൂസ് ചെയ്‌ത പടം ആണെന്ന് പറയാൻ കഴിയില്ല. പകുതി വച്ച് ഞാൻ അത് വിട്ടു കളയുകയായിരുന്നു. ഞാനും ജെയ്‌സണും കൂടിയാണ് അത് ചെയ്‌തിരുന്നത്. അതില്‍ നിന്ന് പിന്മാറിയില്ല എങ്കില്‍ ദയനീയമായ പരാജയം എനിക്കുണ്ടായിരുന്നേനെ. ഞാൻ അന്ന് 42 ലക്ഷം ആ സിനിമയ്ക്കായി മുടക്കി 40 തിരികെ മേടിച്ച് നിർത്തി.
ഞാൻ ജയറാമിന്റെ മക്കളുടെ കല്യാണത്തിന് പോയപ്പോള്‍ അവിടെ വച്ച് സുരേഷ് ഗോപിയെ കണ്ടു. അപ്പോഴാണ് എന്നോട് ഏതാണ് ഇപ്പോള്‍ പടമെന്ന് ചോദിച്ചത്. ഞാൻ പറഞ്ഞു നമ്മയുടെതൊക്കെ കഴിഞ്ഞെന്ന് തോന്നുന്നു, ഇപ്പോള്‍ പടമൊന്നും ഇല്ലെന്ന്. അടുത്തൊന്നും വർക്ക് ചെയ്യാതെ ഇരിക്കുന്ന സമയത്താണ് പുള്ളി എന്നോട് ഇക്കാര്യം ചോദിച്ചത്. നമ്മുടെ ഒക്കെ കാലം കഴിഞ്ഞെന്ന് പറഞ്ഞപ്പോള്‍ അങ്ങനെ പറയരുതെന്നാണ് പുള്ളി പറഞ്ഞത്. പുള്ളി ഒരു അരമണിക്കൂർ എന്നോട് സംസാരിക്കുകയും ഉപദേശിക്കുകയും ഒക്കെ ചെയ്‌തു. എന്റെ മനസിലേക്ക് അത് കയറി. പിന്നെയാണ് അങ്ങനെയൊരു ഐഡിയ വന്നത്. ലണ്ടനില്‍ ഉള്ളൊരു ആളാണ് ഇതിന്റെ സ്ക്രിപ്റ്റ് ചെയ്‌തത്. ആദ്യം നോ പറഞ്ഞെങ്കിലും പിന്നെ സുരേഷ് ഗോപിയുടെ വാക്കുകള്‍ ഓർത്തു. അങ്ങനെയാണ് ദി ഡാർക്ക് വെബ്ബ് ചെയ്തത്...’’ ഗിരീഷ് വൈക്കം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗിരീഷ് വൈക്കം ഇത് പറഞ്ഞത്.
ആക്ഷൻ ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ദി ഡാർക്ക് വെബ്ബ് എന്ന സിനിമയില്‍ ഹിമ ബിന്ദു, പ്രിയങ്ക യാദവ്, നിമിഷ എലിസബത്ത് ഡീൻ, പ്രശാന്ത് രതി, ഭദ്ര, റഫീഖ് റഷീദ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ബിറ്റ് കോയിന്‍ പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ നിഷ്ഠൂരമായ പീഢനങ്ങളും കൊലപാതകങ്ങളും ചിത്രീകരിച്ച് ബിറ്റ് കോയിൻ നേടുന്ന ഒരു സംഘത്തിന്റെയും അതില്‍ അകപ്പെട്ടുപോയ രണ്ട് പെൺകുട്ടികൾ അവരുടെ രക്ഷയ്ക്കായി നടത്തുന്ന അതിസാഹസികമായ പോരാട്ടവുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പെൺകുട്ടികളാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏഴ് സംഘട്ടനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. മികച്ച ആക്ഷനും ചേസും അടിപൊളി ഗാനങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.