Friday, March 13, 2026 Last Updated 2 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 28 Nov 2025 05.21 PM

‘ഇത് സിനിമയാണടാ, ഇതിലെ വയലന്‍സ് കണ്ടിട്ട് എന്തെങ്കിലും ചെയ്യുന്നവര്‍ക്ക് വട്ടാണ്; അതില്‍ കൂടുതല്‍ വിവരം മലയാളികള്‍ക്കുണ്ട്...’ ശ്രീനാഥ് ഭാസി

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സിലിടം നേടിയ താരമായ ശ്രീനാഥ് ഭാസിയുടെ ഏറ്റവും പുതിയ ചിത്രം ആക്ഷൻ കോമഡി ത്രില്ലർ ‘പൊങ്കാല’ റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയിലെ വയലൻസ് ആളുകൾ എന്തെങ്കിലും ചെയ്യുമെന്ന് തനിക്ക് തോന്നുന്നില്ല എന്ന് പറയുകയാണ് ശ്രീനാഥ് ഭാസി.
Sreenath Bhasi, Sreenath Bhasi on violence in movies
Sreenath bhasi on violence in cinema (Image Source: Instagram)

റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച് സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനായി മാറിയ വ്യക്തിയാണ് ശ്രീനാഥ് ഭാസി. ബ്ലെസി – മോഹന്‍ലാല്‍ ചിത്രമായ പ്രണയം ആയിരുന്നു നടന്റെ ആദ്യ സിനിമ. പിന്നീട് മികച്ച ഒരുപാട് സിനിമകളിലൂടെയും പ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കുന്ന കഥാപാത്രങ്ങളിലൂടെയും ശ്രീനാഥ് ഭാസി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി. കഴിഞ്ഞ വര്‍ഷം ഇറങ്ങി സൂപ്പര്‍ഹിറ്റായി മാറിയ ‘മഞ്ഞുമല്‍ ബോയ്സി’ലും മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്.
ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പൊങ്കാല’ മലയാളത്തില്‍ ആദ്യമായി ഞായറാഴ്ച റിലീസ് ചെയ്യുന്ന ചിത്രമെന്ന ഖ്യാതിയോടെയാണ് വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയത്. ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയില്‍ പെടുന്ന ചിത്രം 2000 കാലഘട്ടത്തില്‍ ഹാർബർ പശ്ചാത്തലമാക്കി വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി പറയുന്നതാണ്.
ഇപ്പോഴിതാ സിനിമയിലെ വയലൻസിനെ കുറിച്ച്‌ ആർട്ടിസ്റ്റുകള്‍ക്ക് ഉത്തരവാദിത്വമില്ലേ എന്ന ചോദ്യത്തിന് പ്രതികരിക്കുകയാണ് ശ്രീനാഥ് ഭാസി. സിനിമയെ സിനിമയായി കാണണമെന്നും സിനിമ കണ്ടതിനു ശേഷം പ്രേക്ഷകര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് തനിക്കോ സംവിധായകര്‍ക്കോ ഉത്തരവാദിത്തമില്ലെന്നും താരം പറയുന്നു. സിനിമ കണ്ടിട്ട് ആളുകള്‍ എന്തെങ്കിലും ചെയ്യുമെന്ന് തനിക്ക് തോന്നുന്നില്ല എന്നും അതില്‍ കൂടുതലുള്ള വിവരം മലയാളികള്‍ക്കുണ്ടെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.
‘‘ഇത് സിനിമയാണടാ, ആളുകള്‍ക്ക് സിനിമ കണ്ടാല്‍ പോരെ. അതില്‍ കൂടുതലുള്ള വിവരം മലയാളികള്‍ക്കുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഈ സിനിമ കണ്ടിട്ട് ആള്‍ക്കാര്‍ വല്ലതും ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. സിനിമ കണ്ടല്ല ആള്‍ക്കാര്‍ എന്തെങ്കിലും ചെയ്യുന്നത്. ആര്‍ട്ട് റിഫ്‌ളെക്‌ട്‌സ് ലൈഫ്, ലൈഫ് റിഫ്‌ളെക്‌സ് ആര്‍ട്ട്. ആളുകളുടെ മനസ്സിലുള്ള കാര്യങ്ങളുടെ പ്രതിഫലനമാണ് സിനിമ. ഇതെല്ലാം കണ്ടിട്ട് എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് വട്ടാണ്.
സംവിധായകന് ഇഷ്ടമുള്ള പടമേ അവര്‍ ചെയ്യുള്ളൂ. അല്ലെങ്കില്‍ അവര്‍ക്ക് വേറെയെന്തെങ്കിലും ജോലി ചെയ്താല്‍ മതിയല്ലോ. ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാ കലകള്‍ക്കും വേണം. അയ്യോ ഞാനിത് ചെയ്തിട്ട് ആളുകള്‍ കണ്ട് എന്തെങ്കിലും ചെയ്യുമോ എന്ന് പേടിച്ചിരുന്നാല്‍ ഒരു കാര്യവും ചെയ്യാന്‍ പറ്റില്ല. സിനിമ അത്തരത്തിലൊരു മീഡിയമാണ്. ആളുകളെ തിരുത്തേണ്ടതും പഠിപ്പിക്കേണ്ടതും എന്റെ ഉത്തരവാദിത്വമല്ല. നമ്മളെല്ലാവരും പൊളിറ്റിക്കലാണ്, അതിന്റെ അടിസ്ഥാനത്തിലാണ് സിനിമ ചെയ്യുന്നത്. അതിന്റപ്പുറത്തേക്കുള്ള ഉത്തരവാദിത്തങ്ങളൊന്നും തലയില്‍ വച്ചു നടക്കരുത്...’’ ശ്രീനാഥ് ഭാസി പറഞ്ഞു. തന്റെ ഏറ്റവും പുതിയ സിനിമയായ ‘പൊങ്കാല’യുടെ പ്രസ്സ് മീറ്റിനിടെയാണ് താരത്തിന്റെ പ്രതികരണം. ലയാള സിനിമാ രംഗത്ത് യുവാക്കളുടെ പിന്തുണയുള്ള താരമായത് കൊണ്ട് വയലന്‍സടക്കമുള്ള രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഉത്തരവാദിത്വമില്ലേ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനു ആയിരുന്നു മറുപടി.

എ.ബി ബിനില്‍ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ഹാർബർ പാശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘പൊങ്കാല’. ഗ്ലോബല്‍ പിക്ചേഴ്സ് എന്റർടൈന്മെന്റ്, ജൂനിയർ 8 ബാനറില്‍ ഒരുങ്ങുന്ന ചിത്രം ദീപു ബോസും അനില്‍ പിള്ളയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയില്‍ രൂപപ്പെട്ട ഒരു ശക്തമായ കഥയാണ് പറയുന്നത്. ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന പൊങ്കാല ശ്രീനാഥ് ഭാസിയുടെ മഞ്ഞുമ്മല്‍ ബോയ്സ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്.
ഈ ചിത്രത്തില്‍ യാമി സോനാ, ബാബുരാജ്, സുധീർ കരമന, സാദിഖ്, സമ്ബത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ് , സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
അതിഭീകര വയലൻസുമായി എത്തുന്ന ‘പൊങ്കാല’ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക് കിട്ടിയിരിക്കുകയാണ്. ചിത്രത്തിലെ എട്ട് റീലുകളിലെ എട്ടുസീനുകള്‍ നീക്കം ചെയ്തശേഷം മാത്രമേ പുറത്തിറക്കാവൂ എന്നതാണ് പുതിയ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു. നവംബര്‍ 30 ഞായറാഴ്ച റിലീസ് ചെയ്യാനിരുന്ന ‘പൊങ്കാല’യുടെ റിലീസ് ഇതേത്തുടര്‍ന്ന് മാറ്റിവെച്ചതായിട്ടാണ് റിപ്പോര്‍ട്ട്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച സീനുകള്‍ നീക്കം ചെയ്തശേഷം തൊട്ടടുത്ത ദിവസംതന്നെ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. വളരെ പ്രതീക്ഷയും ആകാംക്ഷയും ഉണര്‍ത്തുന്ന ഈ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകളും ടീസറും പ്രേക്ഷകര്‍ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW