-->
കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഷൈന്‍ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും ഇന്നു ചോദ്യംചെയ്യും. ഇരുവരെയും ചോദ്യംചെയ്യാനായി എക്‌സൈസ് പ്രത്യേക ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. സിനിമാ മേഖലയിലെ ലഹരി ഇടപാടിനെക്കുറിച്ചായിരിക്കും പ്രധാനമായും ചോദിച്ചറിയുക. പങ്കുണ്ടെന്നു കണ്ടാല്‍ താരങ്ങളെയും പ്രതിചേര്‍ക്കും.
ചോദ്യംചെയ്യലില്‍ കൂടുതല്‍ തെളിവു ലഭിച്ചാല്‍ അറസ്റ്റിനും സാധ്യതയുണ്ട്. ഹൈബ്രിഡ് കഞ്ചാവു കേസിലെ പ്രതികളുടെ മൊഴിയും ഡിജിറ്റല്‍ തെളിവുകളും മുന്‍നിര്‍ത്തിയായിരിക്കും ഷൈന്‍ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും ചോദ്യംചെയ്യുക. തസ്ലീമയ്ക്കു പണം കൈമാറിയ പാലക്കാട് സ്വദേശിയായ മോഡല്‍ സംശയനിഴലിലാണ്.
അതേസമയം, ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ അഷ്‌റഫ് ഹംസ മുമ്പ് എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു എന്നാണു സൂചന. കഴിഞ്ഞ മാസം എക്‌സൈസ് സംഘം പരിശോധന നടത്തുന്നതിനു തൊട്ടുമുമ്പ് അഷ്‌റഫ് കടവന്ത്രയിലെ ഫ്‌ളാറ്റില്‍നിന്നു രക്ഷപ്പെട്ടിരുന്നു. കഞ്ചാവുമായി സംവിധായകര്‍ പിടിയിലായ സംഭവവത്തില്‍ സംവിധായകനും ക്യാമറാമാനുമായ ഫ്‌ളാറ്റ് ഉടമ സമീര്‍ താഹിറിനെ എക്‌സൈസ് ചോദ്യംചെയ്യും.
കേസിലെ മുഖ്യപ്രതികളായ തസ്ലീമ സുല്‍ത്താനയും ഭര്‍ത്താവ് സുല്‍ത്താനും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യലിന് വിധേയമാക്കുക. താരങ്ങള്‍ക്ക് പുറമേ ഹൈബ്രിഡ് കഞ്ചാവ് കേസിലെ സിനിമ ബന്ധം തെളിയിക്കാനാണ് താരങ്ങളായ ഷൈന്‍ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും എക്സൈസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. തസ്ലീമയും താരങ്ങളും തമ്മിലുള്ള ലഹരി ഇടപാടില്‍ പാലക്കാട് സ്വദേശിയായ മോഡല്‍ ഇടനിലക്കാരി ആണോ എന്നും സംശയിക്കുന്നുണ്ട്. മോഡലിന്റെ അക്കൗണ്ടില്‍നിന്ന് തസ്ലീമയുടെ അക്കൗണ്ടിലേക്ക് പലതവണ പണം വന്നതായി കണ്ടെത്തിയിരുന്നു. ഇത് താരങ്ങള്‍ക്കായി ലഹരി വാങ്ങിയതിന്റെ പണമാണോ എന്നാണ് സംശയം.
ബിഗ് ബോസ് താരം ജിന്റോയ്ക്ക് ചൊവ്വാഴ്ച ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. ജിന്റോയും തസ്ലീമയും നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താനാണ് നോട്ടീസ് നല്‍കി വിളിച്ചു വരുത്തുന്നത്. സിനിമ അണിയറ പ്രവര്‍ത്തകരില്‍ ഒരാളെയും ചോദ്യം ചെയ്യും.