-->
ബോളിവുഡിന് ഏറെയിഷ്ടമുള്ള പവര്‍ഫുള്‍ താരദമ്പതിമാരായ കിയാര അദ്വാനിയും സിദ്ധാർത്ഥ് മൽഹോത്രയും അവരുടെ പ്രണയം തുറന്നു പറഞ്ഞതു മുതല്‍ സൂര്യപ്രകാശവും മഴവില്ലുകളും മാത്രമാണ് അവരുടെ ജീവിതത്തിലുണ്ടായിരുന്നത്. പവര്‍ക്കപ്പിളുകള്‍ ഒരുമിച്ചെത്തുന്ന വേദികളും ഫോട്ടോഷൂട്ടുകളുമൊക്കെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. 2025 ജൂലൈ 15 നാണ് അവരുടെ ആദ്യത്തെ കണ്മണിയെ സ്വാഗതം ചെയ്ത സന്തോഷം താരദമ്പതിമാര്‍ പങ്കിട്ടതോടെ കുഞ്ഞു രാജകുമാരിയുടെ വിശേഷങ്ങളറിയാന്‍ ആരാധകരും കാത്തിരിക്കുകയാണ്.
ഇപ്പോഴിതാ ആദ്യത്തെ കണ്മണിയെ സ്വാഗതം ചെയ്ത സെലിബ്രിറ്റി ദമ്പതികൾ തങ്ങളുടെ രാജകുമാരിയ്ക്ക് പേരു നല്‍കിയ സന്തോഷം പങ്കിടുകയാണ്. ‘ദൈവത്തിന്റെ രാജകുമാരി’ എന്നർത്ഥം വരുന്ന ‘സാരായ മൽഹോത്ര’ എന്ന പേരാണ് മകള്‍ക്ക് നല്‍കിയതെന്നാണ് താരദമ്പതിമാര്‍ കുറിച്ചിരിക്കുന്നത്. ‘‘ഞങ്ങളുടെ പ്രാർത്ഥനകളിൽ നിന്ന്, ഞങ്ങളുടെ കൈകളിലേക്ക്🙏🏻 ഞങ്ങളുടെ ദിവ്യ അനുഗ്രഹം, ഞങ്ങളുടെ രാജകുമാരി, സാരായ മൽഹോത്ര...’’ എന്ന ക്യാപ്ഷനൊപ്പം കമ്പിളി സോക്സിൽ പൊതിഞ്ഞ തങ്ങളുടെ കുഞ്ഞിന്റെ കാലുകളുടെ ഒരു സ്വീറ്റ് ചിത്രവും പങ്കുവച്ചിട്ടുണ്ട്.
പോസ്റ്റിനു താഴെ നിരവധി സഹതാരങ്ങളും ആരാധകരും ആശംസകളും സ്നേഹവുമൊക്കെ കമന്റുകളിലൂടെ പങ്കിടുന്നുണ്ട്. വരുൺ ധവാൻ, ശിൽപ ഷെട്ടി, രാജ്കുമാർ റാവു തുടങ്ങി നിരവധി പേർ ഹാര്‍ട്ട് ഇമോജിയും നല്‍കിയിട്ടുണ്ട്.
സിദ്ധാർത്ഥ് + കിയാര = സാരായ എന്നാണ് പലരും കമന്റുകളില്‍ കുറിക്കുന്നത്. തങ്ങളുടെ ആശംസകളും സ്നേഹവുമാണ് അവര്‍ അതിലൂടെ പങ്കിടുന്നത്. ‘പേര് എത്ര മധുരമാണ് ...വളരെക്കാലത്തിനുശേഷം, ബോളിവുഡിൽ ഒരാൾ അവരുടെ മകൾക്ക് മനോഹരമായ ഒരു പേര് നൽകി, അത് നന്നായി തോന്നുന്നു, ഇതിലും മനോഹരമായ അർത്ഥമുള്ള അത്തരമൊരു അതുല്യമായ പേര് മറ്റൊന്നില്ല, ഈ മനോഹരമായ ലോകത്തിലേക്ക് സ്വാഗതം, സാരായ...’ എന്നതടക്കമാണ് കമന്റുകള്‍.
പേര് പങ്കിട്ടതു കൊണ്ടു തന്നെ താരപുത്രിയുടെ മുഖം കാണാനും കാത്തിരിക്കുകയാണ് ആരാധകര്‍. സുന്ദരമായ മുഖം കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും പലരും കുറിക്കുന്നുണ്ട്.
ഷേർഷാ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ തുടങ്ങിയതാണ് സിദ്ധാർത്ഥ് മൽഹോത്രയുടെയും കിയാര അദ്വാനിയുടെയും പ്രണയം. ആദ്യമൊക്കെ താരദമ്പതിമാര്‍ തങ്ങളുടെ പ്രണയം പരസ്യമാക്കിയില്ലെങ്കിലും പിന്നീട് ഒരുമിച്ചുള്ള യാത്രകളിലൂടെയും ചോദ്യങ്ങള്‍ക്ക് നല്‍കുന്ന മറുപടികളിലൂടെയും ഈ പ്രണയം ആരാധകര്‍ ആഘോഷമാക്കി. ദീര്‍ഘ നാളത്തെ ഡേറ്റിംഗിനു ശേഷമാണ് ഇവര്‍ കുടുംബാംഗങ്ങള്‍ ഒന്നിച്ചു കൂടിയ സ്വകാര്യ ചടങ്ങില്‍ വച്ച് വിവാഹിതരായത്.