-->
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടിയെന്നും മമ്മൂക്കയെന്നുമൊക്കെ ആരാധകര്‍ ഹൃദയം തുറന്നു വിളിക്കുന്ന താരത്തിന്റെ യഥാര്‍ത്ഥ പേര് മുഹമ്മദ് കുട്ടി എന്നാണെന്ന് അറിയാത്തവര്‍ വളരെ ചുരുക്കമാണ്. പക്ഷേ ആ പേരു ചൊല്ലി വിളിക്കുന്നവര്‍ അപൂര്‍വ്വമാണ്. ബിഗ്സ്ക്രീനില്‍ കണ്ടനാള്‍ മുതല്‍ പ്രായഭേദമന്യേ എല്ലാവരും ഒരേ സ്വരത്തില്‍ വിളിക്കുന്നത് മമ്മൂട്ടിയെന്നു മാത്രമാണ്.
ഇപ്പോഴിതാ തനിക്ക് ‘മമ്മൂട്ടി’ എന്ന് പേരിട്ട സുഹൃത്തിനെ ലോകത്തിന് പരിചയപ്പെടുത്തുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. കൊച്ചി കായലിനരികെയുള്ള സുഭാഷ് പാർക്കില്‍ നടന്ന പ്രമുഖ മാധ്യമത്തിന്റെ ഹോർത്തൂസ് എന്ന സാഹിത്യോത്സവ വേദിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. എടവനക്കാട് സ്വദേശിയായ ശശിധരൻ എന്ന സുഹൃത്തിനെ മമ്മൂട്ടി തന്നെയാണ് സദസ്സില്‍ നിന്നും വേദിയിലേക്ക് ക്ഷണിച്ചത്. ഇങ്ങനെ നാലുപേര് കാണുന്ന അവസരത്തില്‍ ഇയാളെ പരിചയപ്പെടുത്തണം എന്ന് തനിക്ക് വലിയ ആഗ്രഹം ഉണ്ടായിരുന്നുവെന്ന മുഖവുരയോടെയാണ് മമ്മൂട്ടി ശശിധരനെ വേദിയിലേക്ക് ക്ഷണിച്ചത്.
‘‘എനിക്കറിയാവുന്ന, എനിക്ക് മമ്മൂട്ടി എന്നു പേരിട്ടയാള്‍ ദാണ്ടെ... അവിടിരിപ്പുണ്ട്...’’ എന്ന മുഖവുരയോടെയാണ് മമ്മൂക്ക ശശിധരനെ വേദിയിലേക്ക് വിളിച്ചത്. ആളിനെ സദസ്സിനിടയില്‍ നിന്നും ചൂണ്ടിക്കാണിച്ച മമ്മൂട്ടി വേദിയിലേക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുകയും ചെയ്തു.
‘‘വേറെ ഒന്നും കൊണ്ടല്ല, പലരും പേരിട്ട ആളാണെന്ന് അവകാശപ്പെട്ടുകൊണ്ട് ചില പത്രങ്ങളില്‍ എഴുതകുകയൊക്കെ ചെയ്‌തിട്ടുണ്ട്. പക്ഷേ എനിക്കറിയാവുന്ന, എനിക്ക് പേരിട്ടയാള്‍ ഇദ്ദേഹമാണ്. ഇത്രയും കാലം ഞാൻ ഇദ്ദേഹത്തെ ഒളിച്ചുവെച്ചിരിക്കുകയായിരുന്നു... ഒരു സർപ്രൈസ്... നാലുപേര് കാണ്‍കെ പരിചയപ്പെടുത്തണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. അത് ഏതായാലും ഹോർത്തൂസിന്റെ വേദിയിലായി. വളരെയേറെ സന്തോഷം...’’ സഹപാഠിയെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി മമ്മൂട്ടി പറഞ്ഞു. നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് ഈ രംഗം ഏറ്റെടുത്തത്. വേദിയിലേക്ക് കയറിയ ശശിധരന്റെ മുഖത്ത് സന്തോഷവും നിര്‍വൃതിയും പ്രിയ സുഹൃത്ത് തന്നെ ഓര്‍ത്തതിന്റെ അഭിമാനവും നിഴലിക്കുന്നത് കാണാമായിരുന്നു. മമ്മൂട്ടി ഓരോ വാക്ക് പറയുമ്പോഴും തൊഴുകൈയോടെ ഈ കാണുന്നത് സ്വപ്നമോ സത്യമോ എന്ന് തിരിച്ചറിയാനാവാതെ ഒരു ചെറുപുഞ്ചിരിയോടെ തന്റെ സഹപാഠിയ്ക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ശശിധരന്റെ മുഖവും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.
കൊച്ചി സുഭാഷ് പാർക്കിന് മുന്നിലുള്ള മഹാരാജാസ് കോളേജിലെ സുവർണ ക്യാമ്പസ് കാലം ഓർത്തെടുക്കുമ്പോഴാണ് താൻ മമ്മൂട്ടിയായ കഥ താരം തുറന്നു പറഞ്ഞത്. ‘‘മഹാരാജാസ് കോളേജില്‍ പഠിക്കുന്ന കാലത്ത് ആണ് സംഭവം. മുഹമ്മദ് കുട്ടി എന്ന പേര് എനിക്ക് അപരിഷ്‌കൃതമായി തോന്നി. വലിയ പരിചയമില്ലാത്ത സുഹൃത്തുക്കളോട് പേരെന്താണ് എന്ന് ചോദിക്കുമ്പോള്‍ ഒമര്‍ ഷെരീഫ് എന്ന് പറഞ്ഞിരുന്നു. ഒമറേ എന്നാണ് ആളുകള്‍ വിളിച്ചിരുന്നത്. ഒരിക്കല്‍ കൂട്ടുകാരുമായി നടക്കുമ്പോള്‍ പോക്കറ്റില്‍ നിന്ന് എന്റെ ഐഡന്റീറ്റി കാര്‍ഡ് താഴെ വീണു. അത് ഒരു കൂട്ടുകാരന്‍ എടുത്ത് നോക്കിയിട്ട് നിന്റെ പേര് ഒമര്‍ എന്ന് അല്ലല്ലോ മമ്മൂട്ടി എന്നല്ലേ? അന്ന് മുതലാണ് സുഹൃത്തുക്കളുടെ ഇടയിലും ഇപ്പോള്‍ നിങ്ങള്‍ക്ക് ഇടയിലും മമ്മൂട്ടി എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. പലരും ചോദിച്ചു ആരാണ് ആ പേരിട്ടതെന്ന്. പലരും സ്വമേധയാ മുന്നോട്ട് വന്ന് അവരാണ് പേരിട്ടത് എന്ന് പറഞ്ഞു. പക്ഷേ എനിക്ക് അറിയുന്നത് എടവനക്കാട് സ്വദേശി ശശിധരന്‍ ആണ്. ഇത്രയും കാലം ഒളിച്ച് വച്ചിരിക്കുകയായിരുന്നുവെങ്കിലും നാലാളുടെ മുന്നില്‍ ഇദ്ദേഹത്തെ പരിചയപ്പെടുത്തണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു...’’ ഇത് പറഞ്ഞ ശേഷമാണ് മമ്മൂട്ടി തന്റെ കൗമാരകാല സുഹൃത്തായ ശശിധരനെ വേദിയിലേക്ക് ക്ഷണിച്ചു, ശേഷം ചേർത്തു പിടിച്ചു. മമ്മൂട്ടിയോട് സ്നേഹകുശലം ചോദിച്ച് ശശിധരന്‍ മടങ്ങി.
സോഷ്യല്‍ മീഡിയ ഈ ഊഷ്മളസൗഹൃദത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഏറെ സ്നേഹത്തോടെ ഏറ്റെടുക്കുന്നുണ്ട്. നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ വൈറലായത്. ആരാധകര്‍ ഈ നിമിഷം ആഘോഷമാക്കുകയും ചെയ്യുന്നുണ്ട്.
മമ്മൂട്ടിയും ശശിധരനും ഒന്നിച്ചുള്ള ഹോർത്തൂസ് വേദിയിലെ നിമിഷങ്ങളെ കുറിച്ച് നിർമാതാവും മമ്മൂട്ടിയുടെ അടുത്തസുഹൃത്തുമായ ആന്റോ ജോസഫ് പങ്കുവച്ച കുറിപ്പും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നുണ്ട്. ഈ ദൃശ്യം സദസ്സിലൊരാളായി കണ്ടുകൊണ്ടുനിന്നപ്പോള്‍ ‘കഥ പറയുമ്പോള്‍’ എന്ന സിനിമയിലെ ക്ലൈമാക്സ് ആണ് ഓർമ്മ വന്നതെന്നും മമ്മൂക്കയുടെ പ്രസംഗത്തിനുശേഷം അവതാരകയും അതുതന്നെ പറഞ്ഞെന്നും ത്രസിപ്പിക്കുന്ന ക്ലൈമാക്സ് രംഗത്തില്‍ ലോകമെങ്ങുമുള്ള പ്രേക്ഷക ലക്ഷങ്ങളെ ഞെട്ടിച്ച കഥാപാത്രമായി മാറുന്ന രംഗമാണ് ഇതെന്നും ആന്റോ ജോസഫ് കുറിച്ചു.
‘‘എനിക്കറിയാവുന്ന, എനിക്ക് മമ്മൂട്ടി എന്നു പേരിട്ടയാള്‍ ദാണ്ടെ... അവിടിരിപ്പുണ്ട്...’മമ്മൂക്ക പറഞ്ഞപ്പോള്‍ എല്ലാവരും സദസ്സിന്റെ ഒരു വശത്തേക്ക് ഉറ്റുനോക്കി. പിന്നെ നിങ്ങള്‍ക്ക് കാണാനായി അദ്ദേഹത്തെ ഞാൻ ഇങ്ങോട്ടുവിളിക്കുകയാണ് എന്നു പറഞ്ഞ് മമ്മൂക്ക ഒരാളെ സദസ്സിലേക്ക് വിളിച്ചു കയറ്റി, പരിചയപ്പെടുത്തി. ‘ഇദ്ദേഹത്തിന്റെ പേര് ശശിധരൻ... എടവനക്കാടാണ് വീട്... ഇദ്ദേഹമാണ് എനിക്ക് മമ്മൂട്ടിയെന്നുപേരിട്ടത്...’ മമ്മൂക്ക പറഞ്ഞു.
മലയാള മനോരമയുടെ ഹോർത്തൂസ് എന്ന സാഹിത്യോത്സവവേദിയിലൂടെ അങ്ങനെ ലോകം മമ്മൂക്കയ്ക്ക് മമ്മൂട്ടിയെന്നുപേരിട്ടയാളെ കണ്ടു. ആ ദൃശ്യം സദസ്സിലൊരാളായി കണ്ടുകൊണ്ടുനിന്നപ്പോള്‍ ‘കഥ പറയുമ്പോള്‍’ എന്ന സിനിമയിലെ ക്ലൈമാക്സ് ഓർത്തു (അവതാരകയും മമ്മൂക്കയുടെ പ്രസംഗത്തിനുശേഷം അതുതന്നെ പറഞ്ഞു).
കൊച്ചിക്കായലിനരികെയുള്ള വേദിയില്‍ ഇന്ന് വൈകീട്ട് നില്‍ക്കുമ്പോള്‍ മമ്മൂക്ക ആ പഴയ മഹാരാജാസുകാരനായിരുന്നു. അവിടെവച്ച് താൻ മമ്മൂട്ടിയായ കഥ അദ്ദേഹം ഓർത്തെടുത്തു. മുഹമ്മദ് കുട്ടി എന്ന പേര് പറയാൻ മടിച്ച് ചോദിക്കുന്നവരോടൊക്കെ തന്റ പേര് ഒമർ ഷെരീഫ് എന്നു പറഞ്ഞുനടന്ന കാലത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ എല്ലാവരും ഒമറേ എന്നുവിളിച്ച അന്നൊരിക്കല്‍ പോക്കറ്റില്‍നിന്ന് ഐഡന്റിറ്റികാർഡ് താഴെ വീണു.
പിന്നീടുള്ള സംഭവം മമ്മൂക്കയുടെ വാക്കുകളില്‍ തന്നെ കുറിക്കുന്നു: ‘ഐഡന്റിറ്റി കാർഡ് എടുത്തു നോക്കിയിട്ട് ഒരുത്തൻ ചോദിച്ചു, നിന്റെ പേര് ഒമറെന്നല്ലല്ലോ... മമ്മൂട്ടിയെന്നല്ലേ എന്ന്... അന്നുമുതലാണ് ഞാൻ എന്റെ സുഹൃത്തുക്കള്‍ക്കിടയിലും ഇപ്പോള്‍ നിങ്ങള്‍ക്കിടയിലും മമ്മൂട്ടിയായത്... പലരും ചോദിച്ചിട്ടുണ്ട് ആരാണ് മമ്മൂട്ടിയെന്നുപേരിട്ടതെന്ന്. താനാണ് എന്ന് അവകാശപ്പെട്ട് സ്വമേധയാ മുന്നോട്ടുവന്ന പലരുമുണ്ട്. പല ആളുകളും പത്രങ്ങളില്‍ എഴുതുകയും ചെയ്തു. പക്ഷേ എനിക്കറിയാവുന്ന, എനിക്ക് പേരിട്ടയാള്‍ ഇദ്ദേഹമാണ്. ഇത്രയും കാലം ഞാൻ ഇദ്ദേഹത്തെ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു... ഒരു സർപ്രൈസ്...നാലുപേര് കാണ്‍കെ പരിചയപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു...
ലോകത്തോളം വളർന്ന, താൻ ആദ്യമായി മമ്മൂട്ടിയെന്നു വിളിച്ചയാള്‍ക്കരികെ ശശിധരൻ എന്ന പഴയ സഹപാഠി കൈകൂപ്പി നിന്നു. അപ്പോള്‍ കൊച്ചിയിലെ കായലും സായാഹ്നവും അതുകണ്ടുനിന്നു....’’എന്നാണ് ആന്റോ ജോസഫ് മമ്മൂട്ടിയുടെയും സഹപാഠിയുടെയും ചിത്രം പങ്കിട്ട് കുറിച്ചിരിക്കുന്നത്.