-->
പാലക്കാട്: അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ കാണാതായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യുടെ ഫോണ്‍ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്ത നിലയില്‍. കഴിഞ്ഞദിവസം തന്നെ പാലക്കാട് എംഎല്‍എ ഓഫീസ് പൂട്ടിയ നിലയിലായതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെയും കാണാനില്ലാതായിരുന്നു. രാഹുലിന്റെയും രണ്ടു സഹായികളുടെ നമ്പറുകള്‍ സ്വിച്ച ഓഫ് ചെയ്ത നിലയിലാണ്.
യുവതി മുഖ്യമന്ത്രിക്കു പരാതി നല്‍കുന്ന സമയത്തു കണ്ണാടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. രാവിലെ കണ്ണാടിയിലും വൈകിട്ട് നൂറണിയിലുമായിരുന്നു പ്രചാരണ പരിപാടികള്‍ നിശ്ചിയിച്ചിരുന്നത്. പരാതി വന്നതിനു പിന്നാലെ പരിപാടികളില്‍നിന്നു രാഹുല്‍ പിന്മാറുകയും
ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു. നിലവില്‍ രാഹുല്‍ എവിടെയാണെന്ന് വിവരങ്ങളൊന്നുമില്ല.
യുവതിയുടെ പരാതിയില്‍ എംഎല്‍എ യ്ക്ക് എതിരേ വിവാഹവാഗ്ദാനം നല്‍കി പീഡനത്തിനും നിര്‍ബ്ബന്ധിത ഗര്‍ഭഛിദ്രത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. ഇതോടെയാണ് ഇന്നലെ പാലക്കാട്ടെ ഓഫീസ് പൂട്ടി മുങ്ങിയത്. തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാമെന്നാണ് സംശയം. ഇന്നലെ യുവതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയായിരുന്നു പരാതി നല്‍കിയത്. ഇന്നലെ യുവതിയുടെ മൊഴിയും എടുത്തിരുന്നു.
രാഹുല്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും അതിജീവിത പൊലീസിന് മുന്നില്‍ മൊഴി നല്‍കി. ഗര്‍ഭഛിദ്രം നടത്തിയത് ഗുളിക കഴിച്ചായിരുന്നു. രാഹുലിന്റെ സുഹൃത്താണ് ഗുളിക എത്തിച്ചു നല്‍കിയത്. ഗുളിക കഴിച്ചു എന്നത് രാഹുല്‍ വീഡിയോ കോളിലൂടെ ഉറപ്പാക്കി എന്നിങ്ങനെ 20 പേജ് വരുന്ന മൊഴിയാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയത്.
ഫെയ്‌സ്ബുക്ക് കുറിപ്പ്മാത്രമാണ് പ്രതികരണമായി വന്നിട്ടുള്ളത്. പാലക്കാട്ടെ എം.എല്‍.എ. ഓഫീസും പൂട്ടിയ നിലയിലാണ്. കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യമുള്ളടത്തോളം കാലം നിയമപരമായിതന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും ഫെയ്‌സ്ബുക്കിലൂടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. പ്രതികരിച്ചു.
സൈബര്‍ തെളിവുകളാവും ഈ കേസില്‍ നിര്‍ണായകം. കുറ്റകൃത്യങ്ങള്‍ നടത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കണ്ടുകെട്ടും. ഓഡിയോ ക്ലിപ്പിലെ സ്ത്രീയുടെ ശബ്ദം തിരിച്ചറിയല്‍, പരാതിപ്പെട്ട കക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തല്‍ എന്നിവ അന്വേഷണത്തില്‍ ഉള്‍പ്പെടും. പിടിച്ചെടുത്ത ഉപകരണങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കും.
കൃത്രിമം കാണിച്ച ഫയലുകള്‍ വീണ്ടെടുക്കല്‍, ഐ.പി. വിലാസങ്ങള്‍ ട്രാക്ക് ചെയ്യല്‍, മറ്റ് ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കല്‍, യു.ആര്‍.എല്‍. ഇടപാടുകള്‍ വിശകലനം ചെയ്യല്‍, ടൈംസ്റ്റാമ്പുകള്‍ വിശകലനം ചെയ്യല്‍ എന്നിവയുള്‍പ്പെടെ സൈബര്‍ ഫോറന്‍സിക് പരിശോധന നടത്താന്‍ മജിസ്‌ട്രേറ്റിന്റെ അനുമതി തേടും.