-->
ബാലതാരമായി ബിഗ് സ്ക്രീനില്‍ തുടക്കം കുറിച്ച്, പിന്നീട് സഹതാരമായും തിരക്കഥാകൃത്തായും നായകനായും കൈയടി നേടിയ താരമാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍. നാദിര്‍ഷയുടെ ആദ്യ സംവിധാന സംരഭമായ അമര്‍ അക്ബര്‍ അന്തോണി എന്ന ബോക്‌സോഫീസ് ബ്ലോക്ബസ്റ്റര്‍ ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയത് വിഷ്ണുവും സുഹൃത്ത് ബിബിനും ചേര്‍ന്നായിരുന്നു. പിന്നീട് നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ നായകനായി വിഷ്ണു മലയാള സിനിമയില്‍ തന്റേതായ സ്ഥാനം അടയാളപ്പെടുത്തി.
നടനായും തിരക്കഥാകൃത്തായും സംവിധായകനായും പ്രേക്ഷക മനസുകളിൽ ഇടംപിടിച്ച വിഷ്ണു, പുതിയ ചിത്രങ്ങളുടെ തിരക്കുകളിൽ നിൽക്കേ ജീവിതത്തിലെ ഏറെ സന്തോഷം നിറഞ്ഞ ഒരു വിശേഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. തനിക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചുവെന്ന സന്തോഷമാണ് വിഷ്ണു പങ്കിട്ടത്. അടുത്തിടെയാണ് വിഷ്ണുവിനും ഐശ്വര്യയ്ക്കും ഇരട്ടകുട്ടികള്‍ പിറന്നത്. ഇരട്ടി സന്തോഷവുമായി തങ്ങളുടെ ജീവിതത്തിലേക്ക് ഇരട്ടകുട്ടികളെത്തിയ വിശേഷം വിഷ്ണു തന്നെയാണ് ആരാധകരെ അറിയിച്ചത്.
ഇപ്പോഴിതാ മക്കള്‍ക്ക് പേരിട്ട സന്തോഷം പങ്കിടുകയാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍. മൂത്ത മകന്‍ മാധവിനും ഇരട്ടക്കുട്ടികള്‍ക്കുമൊപ്പമുള്ള പേരീടില്‍ ചടങ്ങിന്റെ ചിത്രങ്ങളും വിഷ്ണു പങ്കുവച്ചിട്ടുണ്ട്. ‘‘മാധവന്റെ അനിയന്മാർക്ക് പേരിട്ടു. കുഞ്ഞാവകള്‍ ഇനി മുതല്‍, വിനായക്, കാർത്തികേയ എന്നറിയപ്പെടും,...’’ വിഷ്ണു കുറിച്ചു. ആരാധകരടക്കം നിരവധി പേരാണ് വിഷ്ണുവിന്റെ പോസ്റ്റിനു താഴെ ആശംസകള്‍ കുറിക്കുന്നത്. 2020 ഫെബ്രുവരിയില്‍ വിവാഹിതരായ വിഷ്ണുവിനും ഐശ്വര്യയ്ക്കും മാധവ് എന്ന മകനുമുണ്ട്.
ഇരട്ടക്കുട്ടികളുടെ അച്ഛനായ സന്തോഷം, ‘‘ഇരട്ടി മധുരം, ഇരട്ടി സന്തോഷം, ഇരട്ടി സ്നേഹം...ഐശ്വര്യക്കും എനിക്കും ഇരട്ടക്കുട്ടികൾ പിറന്നു...’’ എന്ന് കുഞ്ഞിക്കാലുകളുടെ ചിത്രങ്ങള്‍ക്ക് ഒപ്പം കുറിച്ചാണ് വിഷ്ണു പങ്കിട്ടത്.
2003ല്‍ ‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ വിഷ്ണു 2015 ല്‍ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെയാണ് ബിബിൻ ജോര്‍ജ്ജിനൊപ്പം തിരക്കഥാകൃത്തായി എത്തി, തുടര്‍ന്ന് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങള്‍ക്കും ഇരുവരും ചേര്‍ന്ന് തിരക്കഥ രചിച്ചിട്ടുണ്ട്, ഒപ്പം അഭിനയിച്ചിട്ടുമുണ്ട്. ഇടിയൻ ചന്തു, താനാര തുടങ്ങിയ ചിത്രങ്ങളാണ് വിഷ്ണുവിന്റേതായി അവസാനമായി പുറത്തിറങ്ങിയത്. നാദിർഷ സംവിധാനം ചെയ്യുന്ന മാജിക് മഷ്റൂംസ്, ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കുന്ന ഭീഷ്മർ എന്നീ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.