-->
മിമിക്രി വേദികളിലൂടെ തുടങ്ങിയ ശേഷം പാരഡി ഗാനരംഗത്ത് തന്റേതായ ഇടം നേടിയെടുത്ത് പിന്നീട് ബിഗ് സ്ക്രീനില്‍ അഭിനേതാവായും സംവിധായകനായും തിളങ്ങി പ്രേക്ഷകമനസ്സ് കീഴടക്കിയ താരമാണ് നാദിര്‍ഷ. മിമിക്രി ആർട്ടിസ്റ്റ്, അഭിനേതാവ്, ഗായകൻ, ഗാനരചയിതാവ്, ടെലിവിഷൻ അവതാരകൻ എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങി നിന്നിരുന്ന നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് അമർ അക്ബർ അന്തോണി. ഈ സിനിമയിലൂടെ ബിബിൻ ജോർജ്ജ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ എന്നിങ്ങനെ നവാഗതരായ രണ്ടു തിരക്കഥാകൃത്തുക്കളും മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.
തിരക്കഥാകൃത്തുക്കളായി തുടക്കം കുറിച്ചെങ്കിലും ബിബിനും വിഷ്ണുവും പിന്നീട് തിളങ്ങിയത് അഭിനയമേഖലയിലാണ്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള യുവതാരങ്ങളായി ഇവര്‍ മാറി. വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ ഏറ്റവും പുതിയ സിനിമ നാദിര്‍ഷ സംവിധാനം ചെയ്ത മാജിക് മഷ്റൂംസാണ്. നർമത്തിൽ ചാലിച്ച കഥപറച്ചിലിലൂടെ കുടുംബപ്രേക്ഷകരെ തിയറ്ററുകളിൽ എത്തിക്കാനുള്ള നാദിര്‍ഷായുടെ കഴിവ് ഈ സിനിമയിലൂടെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു. തിയേറ്ററിൽ പോയി ചിരിച്ച് മനസ്സറിഞ്ഞ് സന്തോഷമായിട്ട് പുറത്തിറങ്ങാൻ പറ്റുന്ന തരത്തിലുള്ള ഒരു ഫണ്‍ ഫാമിലി എന്റര്‍ടെയ്നറാണ് ഈ സിനിമ.
എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിനെതിരായി കരുതിക്കൂട്ടിയുള്ള സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്ന് ആരോപണം ഉന്നയിക്കുകയാണ് നാദിര്‍ഷ. വ്ളോഗര്‍മാരില്‍ ചിലര്‍ തുടര്‍ച്ചയായി ചിത്രത്തിനെതിരെ നെഗറ്റീവ് പറഞ്ഞ് കോണ്ടെന്റ് ഉണ്ടാക്കുകയാണെന്നും കരുതിക്കൂട്ടിയുള്ള ആക്രമണത്തിന് ഒരു ടാര്‍ഗറ്റ് ഉണ്ടെന്നും ആരെയൊക്കെയോ ഏല്‍പ്പിച്ചിട്ട് അവര്‍ എല്ലാവരും കൂടി ചെയ്യുകയാണെന്നുമാണ് നാദിര്‍ഷ പറയുന്നത്.
‘‘കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ ഞങ്ങള്‍ പോകുന്നുണ്ട്. സിനിമ മോശമാണെങ്കില്‍ തിയറ്ററില്‍ പോകാന്‍ ധൈര്യം കാണിക്കില്ല ആരും. അത് അഭിനേതാക്കളാണെങ്കിലും സാങ്കേതിക പ്രവര്‍ത്തകര്‍ ആണെങ്കിലും. ഒരു സിനിമയുടെ സംവിധായകനും എഴുത്തുകാരനും നായകനും നായികയും പ്രൊഡ്യൂസറുമൊക്കെക്കൂടി ഒരു തിയറ്ററിലേക്ക് ധൈര്യമായി പോകണമെങ്കില്‍ കണ്ടവരുടെ അഭിപ്രായം പോസിറ്റീവ് ആയിരിക്കണം. എന്നാല്‍ മാത്രമേ അങ്ങനെ പോവൂ. അങ്ങനെ നമ്മള്‍ ചെല്ലുന്നു. അവിടെയെല്ലാം നല്ല പ്രതികരണങ്ങള്‍ ഉണ്ട്. മലബാര്‍ ഏരിയയിലും കൊച്ചിയിലുമൊക്കെയുള്ള തിയറ്ററുകളില്‍ പോയതിന്റെ വീഡിയോ ഞങ്ങള്‍ പബ്ലിഷ് ചെയ്തു.
ഈ സിനിമയെ കൊന്ന് കൊലവിളിക്കാന്‍ വേണ്ടി മനപൂര്‍വ്വം ചില ആളുകള്‍ ശ്രമിക്കുന്നുണ്ട്. സാധാരണ എന്റെ അഭിപ്രായം ഇതാണെന്ന് പറഞ്ഞ് ഒരാള്‍ ഒരു സിനിമയെക്കുറിച്ച് ചെയ്യുന്ന ഒരു വീഡിയോ ഒക്കെ നമ്മള്‍ കാണും. ഇത് തുടര്‍ച്ചയായി വീഡിയോകള്‍ ഇട്ടുകൊണ്ടിരിക്കുകയാണ്. അയാളുടെ പുതിയ വീഡിയോ എറണാകുളം ഫോറം മാളില്‍ പോയപ്പോള്‍ അവിടെ എന്തോ ഷൂട്ടിംഗ് നടക്കുന്നു എന്നൊക്കെ പറഞ്ഞാണ്. പിന്നീട് അയാള്‍ പറയുന്നത് ഇന്നലെ മാജിക് മഷ്റൂംസിന് എതിരായി ഇട്ട റിവ്യൂവിന് ഭയങ്കര റീച്ച് ഉണ്ടെന്നാണ്. അതായത് പുള്ളി ഇതുകൊണ്ട് ജീവിക്കാനുള്ള തീരുമാനമാണ്.
ജെനുവിന്‍ ആയിട്ടുള്ള റിവ്യൂ എന്നാല്‍ പടം ഇഷ്ടപ്പെട്ടു അല്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ല. ഇന്നയിന്ന കാര്യങ്ങള്‍ കൊണ്ടാണ്. അതോടുകൂടി തീരും. ഇത് ആ സിനിമയെ ആക്രമിക്കാനായി തുടര്‍ച്ചയായി ഇങ്ങനെ ഇട്ടുകൊണ്ടിരിക്കുകയാണ്. അങ്ങനെ കാശുണ്ടാക്കി തിന്നിട്ട് എന്ത് കാര്യമാണ്? സിനിമ കൊള്ളില്ലെങ്കില്‍ നമുക്ക് പറയാന്‍ അവകാശമുണ്ട്. പക്ഷേ കരുതിക്കൂട്ടിയുള്ള ആക്രമണത്തിന് ഒരു ടാര്‍ഗറ്റ് ഉണ്ട്. ആരെയൊക്കെയോ ഏല്‍പ്പിച്ചിട്ട് അവര്‍ എല്ലാവരും കൂടി ചെയ്യുകയാണ്...’’ നാദിര്‍ഷാ പറയുന്നു. മറ്റ് അണിയറക്കാര്‍ക്കൊപ്പമുള്ള ഒരു തിയറ്റര്‍ വിസിറ്റിനിടെ മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് നാദിര്‍ഷ ഇതു പറഞ്ഞത്.
ഹാസ്യത്തിനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഒരു ക്ലീൻ ഫാമിലി പാക്കേജായ ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. മലയോര ഗ്രാമത്തിന്റെ നിഷ്കളങ്കതയും അവിടുത്തെ മനുഷ്യരുടെ ജീവിതവും പ്രമേയമാക്കി കുടുംബപ്രേക്ഷകരുടെ മനം കവരുന്ന രീതിയിലാണ് നാദിര്‍ഷ ഈ സിനിമ ഒരുക്കിയിരിക്കുന്നത്. മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറില്‍ അഷ്റഫ് പിലാക്കലാണ് ഈ സിനിമയുടെ നിര്‍മ്മാതാവ്.