-->
മലയാള സിനിമയിൽ രണ്ടു കൂട്ടുകാർ ഒരുമിച്ചെത്തി ഇരട്ട സംവിധായകരായും തിരക്കഥാകൃത്തുക്കളായും തിളങ്ങിയ ഒരുപാട് പേരുണ്ട്. അക്കൂട്ടത്തിൽ രണ്ടു പേരാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും. മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ ജനപ്രിയ കൂട്ടുകെട്ടാണ് ഇവർ.
ഇരുവരും ഒരുമിച്ച് തിരക്കഥയെഴുതി കൈയടി നേടിയ ശേഷമാണ് അഭിനേതാക്കളായത്. പിന്നീടിവർ നായകന്മാരായും തിളങ്ങി.
എന്നാല്‍ ഇപ്പോഴിതാ ഒരു ഘട്ടത്തില്‍ എല്ലാവര്‍ക്കും വിഷ്ണുവിനെ മതിയായിരുന്നു, തന്നെ വേണ്ടായിരുന്നു എന്ന് പറയുകയാണ് ബിബിന്‍. നായകനായി കൈയടി നേടുന്നതിന് മുമ്പുള്ള അനുഭവം പങ്കിടുന്ന ബിബിന്‍, വിഷ്ണു തന്നെ എല്ലായിടത്തും കൊണ്ടു പോകുമായിരുന്നെന്നും എന്നാല്‍ താന്‍ വേണ്ട എന്ന് പലരും പറഞ്ഞിട്ടുണ്ടെന്നുമാണ് ബിബിന്‍ പറയുന്നത്.
‘‘അവന്‍ എന്നെ കൈ ചേര്‍ത്തു പിടിച്ച് നടത്തിയിട്ടുള്ളവനാണ്. ഞങ്ങള്‍ എല്ലായിടത്തും ഒരുമിച്ച് നടന്നിരുന്നവരാണ്. നടന്‍ ആയ ശേഷവും അവനെ വിളിക്കുന്ന ഉദ്ഘാടനങ്ങള്‍ക്ക് എന്നെ കൂടെ കൊണ്ടു പോകും. സത്യത്തില്‍ എന്നെ അവര്‍ക്ക് വേണ്ട. അവര്‍ ഫോണിലൂടെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അവരെ പറഞ്ഞിട്ടും കാര്യമില്ല. അവന്‍ കൂടിയുണ്ടെന്ന് പറയുമ്പോൾ, വേണ്ട വേണ്ട നിങ്ങള്‍ മാത്രം മതിയെന്നാകും പറയുക. അവര്‍ക്കത് അധിക ചെലവാണ്. അതിനാല്‍ അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.
കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ അത് മനസിലാക്കി വിഷ്ണുവിനോട് പറഞ്ഞു, ഇനി നീ നിന്റെ വഴിക്ക് പൊക്കോളൂ. ഞാന്‍ എന്നെങ്കിലും ആ വഴിക്ക് വരും. അതെനിക്ക് ഉറപ്പുണ്ട്' എന്ന്..."ബിബിന്‍ പറയുന്നു.
പതിയെ ബിബിനെ തേടി അവസരങ്ങളെത്തി, പിന്നാലെ നായക വേഷങ്ങളും കിട്ടിത്തുടങ്ങി. ‘‘കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ നമ്മുടെ പടമായിട്ടേ കൂട്ടു. അതിന് ശേഷം വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമയില്‍ ദിലീപിനെ തല്ലുന്നൊരു സീനുണ്ടായിരുന്നു. ഒറ്റ സീന്‍ മാത്രം. അത് കണ്ടിട്ട് റാഫി എന്നെ ഫഹദിന്റെ വില്ലനായി റോള്‍ മോഡല്‍സിലേക്ക് വിളിക്കുന്നത്.
റോള്‍ മോഡല്‍സിലെ ഫൈറ്റ് കണ്ടിട്ടാണ് ബിഞ്ചുവും സുനില്‍ കര്‍മയും ഒരു പഴയ ബോംബ് കഥ എന്ന സിനിമയുടെ തിരക്കഥയെഴുതുന്നത്. എല്ലാം കണക്ടഡ് ആണ്. ആ ബോംബ് കഥയാണ് എന്റെയടുത്ത് വരുന്നത്. ഞാനത് ഷാഫിയിലേക്ക് എത്തിച്ചു. അങ്ങനെയാണ് ഞാന്‍ നായകനാകുന്നത്...’’ ബിബിന്‍ പറയുന്നു.
ഇന്ന് നടനായും തിരക്കഥാകൃത്തായുമെല്ലാം ബിബിന്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഒരുമിച്ച് അവസരം തേടി നടന്നിരുന്ന രണ്ട് കൂട്ടുകാരും കരിയറില്‍ സ്വന്തമായി ഇടം കണ്ടെത്തി. എന്നാൽ ഇരുവർക്കുമിടയിലെ സൗഹൃദം പഴയതുപോലെ തന്നെ വിഷ്ണുവും ബിബിനും ചേർത്തു പിടിക്കുന്നുണ്ട്.