-->
വാടക ഗര്‍ഭധാരണത്തിലൂടെ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതായി വെളിപ്പെടുത്തിയ തായ്‌വാനില്‍ നിന്നുള്ള സ്വവര്‍ഗ ദമ്പതികളാണ് ഇപ്പോള്‍ അവിടുത്തെ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറുന്നത്. ലിയു എന്ന സ്‌പേസ് ഡിസൈനറും ഭര്‍ത്താവ് ലിന്നും 2022 ലാണ് വിവാഹിതരായത്. വിവാഹിതരായതുമുതല്‍ കുട്ടികള്‍ വേണമെന്ന് സ്വപ്നം കണ്ടിരുന്നുവെന്ന് ലിന്‍ വിശദീകരിക്കുന്നു. അനുയോജ്യമായ ഒരു മാര്‍ഗം തേടി അവര്‍ ഉക്രെയ്ന്‍, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം സഞ്ചരിച്ചു. ഒടുവില്‍ മെക്‌സിക്കോയില്‍ വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
മെക്‌സിക്കോയില്‍ വാടക ഗര്‍ഭധാരണം സംബന്ധിച്ച് പ്രത്യേക ഫെഡറല്‍ നിയന്ത്രണങ്ങളൊന്നും തന്നെയില്ല, എന്നാല്‍, ടബാസ്‌കോ, സിനലോവ തുടങ്ങിയ ചില പ്രദേശങ്ങളില്‍ ഇത് നിയമവിധേയമാക്കിയിട്ടുണ്ട്. എന്തായാലും ലിന്‍ പറയുന്നത്, ആദ്യമായിട്ടാണ് തങ്ങള്‍ക്ക് കുഞ്ഞുങ്ങളുണ്ടാകുന്നത്, കുഞ്ഞുങ്ങളെ കിട്ടിയതില്‍ വളരെ സന്തോഷം, നാല് കുഞ്ഞുങ്ങളായതിനാല്‍ നാലിരട്ടി സന്തോഷം എന്നാണ്. നിരവധിപ്പേരാണ് കുഞ്ഞുങ്ങളുണ്ടായതിന് പിന്നാലെ ദമ്പതികളെ അഭിനന്ദിച്ചുകൊണ്ടും ആശംസകളറിയിച്ചുകൊണ്ടും മുന്നോട്ട് വന്നത്.
എന്നാല്‍, വിമര്‍ശനവുമായി വന്നവരും ഉണ്ടായിരുന്നു. ഇത് സ്വാര്‍ത്ഥതയാണ്, സ്ത്രീകളുടെ ഗര്‍ഭപാത്രത്തെ ചൂഷണം ചെയ്യലാണ് എന്നൊക്കെയാണ് പലരും ആരോപിച്ചത്. എന്നാല്‍, അതിനും ദമ്പതികള്‍ മറുപടി നല്‍കി. ഒരു അണ്ഡദാതാവും രണ്ട് വാടക അമ്മമാരുമാണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനുണ്ടായിരുന്നത് എന്ന് ദമ്പതികള്‍ വ്യക്തമാക്കി. നിയമപരമായി തന്നെയാണ് കാര്യങ്ങള്‍ ചെയ്തത്. നാല് കുഞ്ഞുങ്ങളുടെ ജനനസര്‍ട്ടിഫിക്കറ്റിലും തങ്ങളെ രണ്ടുപേരെയും രക്ഷിതാക്കളായി ചേര്‍ത്തിട്ടുണ്ട് എന്നും ലിന്നും ലിയുവും വിശദീകരിച്ചു.