-->
അഞ്ജലി മേനോന്റെ സംവിധാനത്തില്‍ ദുല്‍ഖർ സല്‍മാൻ, നിവിൻ പോളി, ഫഹദ് ഫാസില്‍, നസ്രിയ നസീം, പാർവതി തിരുവോത്ത്, ഇഷ തല്‍വാർ എന്നിങ്ങനെയുള്ള യുവതാരങ്ങള്‍ ഒരുമിച്ചെത്തിയ ‘ബാംഗ്ലൂർ ഡേയ്സ്’ സൂപ്പര്‍ഹിറ്റായി ബോക്സോഫീസില്‍ തരംഗം സൃഷ്ടിച്ച ചിത്രമാണ്. സിനിമ സൂപ്പര്‍ഹിറ്റായതോടെ അന്യഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടു. തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ ആര്യ, ബോബി സിംഹ, റാണ ദഗുബട്ടി, പാർവതി തിരുവോത്ത്, ലക്ഷ്മി റായ് എന്നിവരായിരുന്നു അഭിനയിച്ചത്. എന്നാല്‍ മലയാളത്തിലെ അത്ര സ്വീകാര്യത തമിഴ് പതിപ്പില്‍ കിട്ടിയിരുന്നില്ല. ചിത്രം അമ്പേ പരാജയപ്പെട്ടു എന്ന് പറയാം.
ഇപ്പോഴിതാ ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രം തമിഴില്‍ റീമേക്ക് ചെയ്ത് തങ്ങള്‍ നശിപ്പിച്ചു എന്ന് പറയുകയാണ് റാണ ദഗുബട്ടി.
‘‘ഞാനും ദുല്‍ഖറും സ്‌കൂള്‍മേറ്റ്സ് ആണ്, ദുല്‍ഖർ അഭിനയിച്ചതില്‍ എനിക്ക് ആദ്യം വളരെ ഇഷ്ട്ടം തോന്നിയത് ബാംഗ്ലൂർ ഡേയ്സിലെ കഥാപാത്രത്തോടാണ്. ഞങ്ങള്‍ ആ ചിത്രം തമിഴിലേയ്ക്ക് റീമേക്ക് ചെയ്തു നശിപ്പിച്ച് കളഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ നടൻ ആര്യ നിങ്ങൾ ചെയ്തതിന്റെ ഒറിജിനൽ ഷോട്ട് കണ്ടുകൊണ്ടിരുന്നു, ഞങ്ങൾ ആ സിനിമ കണ്ടുകൊണ്ടിരുന്നു. എന്നിട്ട് എന്നോട് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു, ‘മച്ചാ നോക്ക് ദുല്‍ഖറിനെയും നിവിനേയും, ചെറുപ്പക്കാർ പിള്ളേരാണ്, നമ്മളെ കണ്ടാല്‍ റിട്ടയർ ജീവിതം നയിക്കുന്ന മധ്യവയസ്‌ക്കരെ പോലെയുണ്ട്’ എന്ന്...’’ പൊട്ടിച്ചിരിച്ചു കൊണ്ടാണ് റാണ ദഗുബട്ടി ഇത് പറഞ്ഞത്. ഇതിന് മറുപടിയായി, ‘ഷൂട്ടിംഗ് സമയത്ത് ഇവൻ എന്നെ എപ്പോഴും വിളിക്കുമായിരുന്നു, ഞാൻ നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു...’ എന്ന് പറയും...’ ചിരിയോടെ ദുല്‍ഖറും പറഞ്ഞു. റാണയും ദുല്‍ഖറും ചിരിച്ചു കൊണ്ടാണ് ബാംഗ്ലൂർ ഡേയ്സിനെക്കുറിച്ച് പറയുന്നത്. ദുല്‍ഖർ സല്‍മാനും, റാണ ദഗുബട്ടിയും ഒരുമിച്ച് അഭിനയിക്കുന്ന തമിഴ് ചിത്രം കാന്തയുടെ പ്രമോഷന്റെ ഭാഗമായി ഇരുവരും സുധിർ ശ്രീനിവാസന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചപ്പോഴാണ് ഇക്കാര്യം പങ്കിട്ടത്.
ഭാസ്കർ സംവിധാനം ചെയ്ത ‘ബാംഗ്ലൂർ നാട്ട്ക്കള്‍’ എന്ന തമിഴ് പതിപ്പില്‍ റാണ ദഗുബട്ടി ഫഹദ് ഫാസിലിന്റെ വേഷവും, ആര്യ ദുല്‍ഖറിന്റെ വേഷവും, ബോബി സിംഹ നിവിൻ പോളിയുടെ കഥാപാത്രവുമാണ് ചെയ്തത്. ചിത്രം ബോക്സോഫീസില്‍ വമ്പൻ പരാജയമായി മാറിയിരുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ വിധിയും അതുതന്നെയായിരുന്നു.
ദുൽഖർ സൽമാനും റാണ ദഗുബട്ടിയും ഒരുമിച്ചെത്തുന്ന ‘കാന്ത’ നവംബർ 14 നാണ് തമിഴ്, തെലുങ്ക്, മലയാളം എന്നിവയുൾപ്പെടെ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്തത്. 1950 കളിലെ മദ്രാസ് ചലച്ചിത്ര വ്യവസായത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ പീരിയഡ് ഡ്രാമ ഇന്ത്യൻ സിനിമയുടെ സുവർണ്ണ കാലഘട്ടം പകർത്തുന്നതാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിലെ ഒരു തമിഴ് സൂപ്പർതാരത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ റാണ ദഗുബട്ടി ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത്.