Saturday, March 14, 2026 Last Updated 7 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 21 Nov 2025 01.51 PM

‘അന്നെനിക്ക് 18 വയസ്സ്; എന്ത് മാത്രം ഡിപ്രഷനിലൂടെയാകും ആമി അന്ന് കടന്നു പോയത്; ഇന്നത് ആലോചിക്കുമ്പോൾ ശരിക്കും പേടി തോന്നുന്നു...’ മഞ്ജുവാര്യര്‍

സിബി മലയിൽ ഒരുക്കിയ സമ്മർ ഇൻ ബത്‌ലഹേം റീ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ സമ്മർ ഇൻ ബത്‌ലഹേമിന്റെ റീ റിലീസുമായി ബന്ധപ്പെട്ട പ്രസ് മീറ്റിൽ മഞ്ജു വാര്യർ അഭിരാമിയെന്ന തന്റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്.
Manju Warrier, Summer in Bethlehem movie
Manju Warrier about abhirami in summer in bethlehem movie (Image Source: Instagram)

മലയാളസിനിമയിലെ റി റിലീസ് തരംഗം വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. താരരാജാക്കന്മാരായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയുമൊക്കെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ 4 കെ ദൃശ്യമികവോടെ വീണ്ടും തിയേറ്ററുകളില്‍ എത്തുമ്പോള്‍ ആരാധകരത് ആഘോഷമാക്കുന്നുണ്ട്. അക്കൂട്ടത്തിലേക്ക് മലയാളത്തിലെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നായിരുന്ന സമ്മർ ഇൻ ബത്‌ലഹേമും 27 വര്‍ഷങ്ങള്‍ക്കു ശേഷം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്.
രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് ജയറാം, സുരേഷ് ഗോപി, മഞ്ജു വാര്യർ, മോഹൻലാല്‍, കലാഭവൻ മണി തുടങ്ങി വമ്പന്‍ താരനിര തന്നെ അണിനിരന്ന സിനിമയാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. അക്കാലത്തെ സെൻസേഷണല്‍ ഹിറ്റുകളില്‍ ഒന്ന് കൂടിയായിരുന്നു ഈ സിനിമ. സിനിമയിലെ സംഭാഷണങ്ങളും ഇമോഷനുകളും ഗാനങ്ങളുമടക്കം എല്ലാം ആരാധകര്‍ ഏറ്റെടുത്തതാണ്. സത്യത്തില്‍ മലയാളികള്‍ ഏറ്റവും കാത്തിരിക്കുന്ന റീറിലീസുകളില്‍ ഒന്നാണ് സമ്മർ ഇൻ ബത്‌ലഹേം.
മലയാളത്തിലെ തന്നെ ഏറ്റവും മികച്ച അതിഥി വേഷങ്ങളില്‍ ഒന്നായി മോഹൻലാലിന്റെ നിരഞ്ജൻ എന്ന കഥാപാത്രവും പ്രേക്ഷകമനസ്സില്‍ കയറിക്കൂടിയതാണ്. ഏറെ കള്‍ട്ട് ഫോളോവിംഗ് ഉള്ള ഒരു കഥാപാത്രമാണിത്. അടുത്തിടെയാണ് ചിത്രത്തിന്റെ റീറിലീസ് ട്രെയിലർ അണിയറ പ്രവർത്തകർ പങ്കെടുത്ത പരിപാടിയില്‍ പുറത്തുവിട്ടത്. സിബി മലയില്‍, നിർമ്മാതാവ് സിയാദ് കോക്കർ, മഞ്ജു വാര്യർ എന്നിവർ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഇപ്പോഴിതാ ട്രെയിലർ ലോഞ്ച് പരിപാടിയില്‍ മഞ്ജു വാര്യർ സമ്മർ ഇൻ ബത്‌ലഹേം സിനിമയെക്കുറിച്ചും ആമി എന്ന തന്റെ കഥാപാത്രത്തെക്കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. തന്റെ പതിനെട്ടാമത്തെ വയസില്‍ അഭിനയിച്ച ചിത്രമായിരുന്നു ഇതെന്നും അന്ന് ഇത്ര വലിയ ചിത്രമായിരുന്നുവെന്ന് അറിയില്ലായിരുന്നു എന്നും മഞ്ജു വാര്യര്‍ പറയുന്നു.
‘‘ശരിക്കും ഇപ്പോള്‍ എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല. എല്ലാ സിനിമയും നല്ല രീതിയില്‍ വരണം എന്ന സത്യസന്ധമായിട്ടുള്ള, ആത്മാർത്ഥമായ ആഗ്രഹത്തോടെയാണ് ചെയ്യുന്നത്. പക്ഷെ എല്ലാ ചേരുവകളും ഒത്തുവന്ന് അത് നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ പ്രേക്ഷകരും സ്നേഹത്തോടെ സ്വീകരിക്കുമ്പോള്‍ ആണ് അത് വൻ വിജയം ആകുന്നത്. പക്ഷേ, അത് എല്ലാ സിനിമകളുടെയും കാര്യത്തില്‍ നടക്കണം എന്നില്ല. അതിനു പല ഫാക്ടേഴ്‌സ് ഉണ്ടാകണം. ഞാൻ അഭിനയിച്ച സിനിമകളെപ്പറ്റി മറ്റുള്ളവർ പറയുമ്പോള്‍ സമ്മർ ഇൻ ബത്‌ലഹേമിന്റെ പേര് എപ്പോഴുമുണ്ടാകും. അത്രയും നല്ല കഥയും കഥാപാത്രവും ആയിരുന്നു ഈ സിനിമയിലേത്.
അന്ന് എനിക്ക് ഞാൻ ഇത്രയും വലിയ ഒരു ചിത്രമാണ് ചെയ്യുന്നത് എന്നോ ഒരു മള്‍ട്ടി സ്റ്റാർ സിനിമയുടെ ഭാഗമായിട്ടാണ് ഞാൻ നില്‍ക്കുന്നതെന്ന തിരിച്ചറിവും ഇല്ല. അത്ര വലിയ സ്കെയില്‍ ഉള്ളൊരു സിനിമയാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. ആ പ്രായത്തില്‍ അതിനുള്ള പക്വതയും എനിക്ക് ഉണ്ടായിരുന്നില്ല. ആ സിനിമ ചെയ്യുമ്പോള്‍ എനിക്ക് 18 വയസായിരുന്നു. കളിവീടും പ്രണയവർണ്ണങ്ങളും ചെയ്‌ത്‌ നില്‍ക്കുന്ന സമയം ആയിരുന്നു അത്.
സമ്മർ ഇൻ ബത്‌ലഹേമിന്റെ സെറ്റ് അടിപൊളിയായിരുന്നു. എന്റെ ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകന്മാരായിട്ടുള്ള സുരേഷേട്ടന്റെയും ജയറാമേട്ടന്റെയും കൂടെ വീണ്ടും വർക്ക് ചെയ്യുന്നു. അത്രയും കംഫര്‍ട്ട് സോണില്‍ ഞാന്‍ ആസ്വദിച്ച ചെയ്ത സിനിമയാണിത്. ഇവരുടെ കൂടെ ഞാൻ ഇങ്ങനെ ആസ്വദിച്ച്‌ ചെയ്‌ത സിനിമ. ഇതിലെ രംഗങ്ങള്‍ പോലെ സമ്മർ ക്യാമ്പില്‍ നിന്ന് ജീവിച്ചു ചെയ്‌ത സിനിമ ഒക്കെയാണ് അത്. എല്ലാവരും ചേർന്ന് എപ്പോളും സംസാരമായിരുന്നു എല്ലാവരുടെയും ഹോളിഡേ സ്പെൻഡ്‌ ചെയ്യാൻ ഉള്ള ഒരു ബംഗ്ളാവ്. അവിടെ കിച്ചണ്‍ സ്‌പേസില്‍ എപ്പോഴും സുകുമാരിയമ്മ ഉണ്ടാക്കി തരുന്ന ഭക്ഷണം എല്ലാം കഴിച്ചുകൊണ്ട് അത്രയും ആഘോഷിച്ചു ചെയ്‌ത ഒരു സിനിമ ആയിരുന്നു അത്. അതില്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ മണിച്ചേട്ടന്റെയും ജയറാമേട്ടന്റെയും ഒക്കെ തമാശകള്‍ ഉണ്ടായിരുന്നു. പലപ്പോഴും അതിന്റെ ഇടയില്‍ നിന്ന് ഷോട്ടിലേക്ക് പോവാൻ പോലും തോന്നുമായിരുന്നില്ല.
ഒരുപാട് ലെയറുകളുള്ള കോംപ്ലിക്കേറ്റഡായിട്ടുള്ള കഥാപാത്രമാണ് ആമി. അത് ഞാന്‍ അന്ന് ചെയ്യുമ്പോള്‍ ആ കഥാപാത്രത്തിന് വേണ്ട ഗൗരവം കൊടുത്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല. പൂര്‍ണമായും സിബി ചേട്ടന്റെയും രഞ്ജിയേട്ടനും ഗൈഡന്‍സിലാണ് ഞാന്‍ ചെയ്തത്. ഇപ്പോഴത്തെ ഒരു അറിവും അനുഭവങ്ങളും വെച്ച്‌ ആലോചിച്ച്‌ നോക്കുമ്പോള്‍ എന്ത് മാത്രം ഡിപ്രഷനിലൂടെ ആയിരിക്കും, എന്ത് മാനസികാവസ്ഥയിലൂടെയായിരിക്കും ആമി അന്ന് കടന്നുപോയിട്ടുണ്ടാവുക എന്നെനിക്ക് ഇപ്പോ ആലോചിക്കുമ്പോള്‍ ശരിക്കും പേടി തോന്നുന്നു... മെന്റല്‍ ഹെല്‍ത്തിനെക്കുറിച്ച് ഇത്രയൊക്കെ ആക്ടീവായി സമൂഹത്തില്‍ സംസാരിക്കുന്ന ഈ കാലഘട്ടത്തില്‍ ഈയൊരു സിനിമ റീറിലീസ് ചെയ്യാൻ കഴിയുമ്പോള്‍ ആമിയുമായി ബന്ധപ്പെട്ട് അത്തരത്തിലൊരു ഒരു ചർച്ചയൊക്കെ ഉണ്ടാവുമെന്നാണ് എന്റെ പ്രതീക്ഷ....’’ മഞ്ജു വാര്യര്‍ പറഞ്ഞു. സമ്മർ ഇൻ ബത്‌ലഹേമിന്റെ റീ റിലീസുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലാണ് മഞ്ജു വാര്യര്‍ അഭിരാമിയെന്ന ആമിയെക്കുറിച്ച് സംസാരിച്ചത്. 27 വർഷങ്ങള്‍ക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നിർമാതാവ് സിയാദ് കോക്കർ മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് ഈ സിനിമയുടെ റി റിലീസ് ട്രെയിലര്‍ ലോഞ്ച് പരിപാടി അണിയറപ്രവര്‍ത്തകര്‍ നടത്തിയത്.

Ads by Google
Friday 21 Nov 2025 01.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW