-->
മലയാളം,തമിഴ്,ഹിന്ദി,തെലുങ്ക് സിനിമകളില്‍ മികച്ച അഭിനയം കാഴ്ച വച്ച് പ്രേക്ഷകമനസ്സിലിടം നേടിയ താരമാണ് മീര വാസുദേവന്‍. ഒരു പാന്‍ ഇന്ത്യന്‍ താരം കൂടിയായ മീര ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തി കൈയടി നേടിയത് സീരിയലുകളിലൂടെയാണ്. എങ്കിലും മീരയെന്ന അഭിനേത്രിയെക്കുറിച്ച് പറയുമ്പോള്‍ മലയാളികളുടെ മനസ്സിലേക്ക് ആദ്യമെത്തുന്നത് മോഹന്‍ലാലിനൊപ്പമുള്ള ‘തന്മാത്ര’ എന്ന സിനിമയാണ്.
അൽഷീമേഴ്സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങള്‍ ബ്ലെസി എന്ന സംവിധായകനിലൂടെ പ്രേക്ഷകര്‍ അടുത്തറിഞ്ഞപ്പോള്‍ മികച്ച അഭിനയത്തിലൂടെ മോഹന്‍ലാലും കൈയടി നേടി. ഹൃദയസ്പര്‍ശിയായ നിരവധി രംഗങ്ങളുള്ള ഈ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീരയും മികച്ച അഭിനയം കാഴ്ചവച്ചു. മോഹൻലാലിന്റെ കഥാപാത്രമായ രമേശനും മീര വാസുദേവന്റെ കഥാപാത്രമായ ഭാര്യ ലേഖയും തമ്മിലുള്ള ചിത്രത്തിലെ ഒരു പ്രണയരംഗം ചര്‍ച്ചകളില്‍ നിറഞ്ഞതാണ്. അന്നത്തെ കാലത്തെ കുടുംബ സിനിമകളിൽ അങ്ങനെയൊന്ന് വളരെ അപൂർവമായിരുന്നു, കൂടാതെ സാങ്കേതികവും വൈകാരികവുമായ വെല്ലുവിളികൾ ചിത്രീകരണത്തിന് വെല്ലുവിളിയായും മാറിയിരുന്നു.
ഇപ്പോഴിതാ തന്മാത്രയിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ആ ഇന്റിമേറ്റ് രംഗത്തെക്കുറിച്ച് പറയുകയാണ് മീര വാസുദേവന്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ആ പ്രണയരംഗത്തില്‍ പൂര്‍ണ്ണ നഗ്നനായിട്ടാണ് മോഹന്‍ലാല്‍ അഭിനയിച്ചതെന്നും സീനെടുക്കും മുമ്പ് മോഹൻലാൽ തന്നോട് ക്ഷമ ചോദിച്ചിരുന്നുവെന്നും പറയുകയാണ് മീര.
‘‘സിനിമയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ബ്ലെസി സർ ആ ലവ് മേക്കിങ് സീനിനെ കുറിച്ച് പറഞ്ഞു. മുന്‍നിര നായികമാര്‍ പലരും ഈ ഇന്റിമേറ്റ് രംഗമുള്ളതു കൊണ്ട് കൂടിയാണ് തന്മാത്രയില്‍ നിന്ന് പിന്‍മാറിയെന്നും അദ്ദേഹം വിശദീകരിച്ചു. അതുകൊണ്ട് ഈ രംഗം ചെയ്യാന്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്നദ്ദേഹം ചോദിച്ചു. പറ്റുമോ ഇല്ലയോ എന്നുള്ളതു പറയും മുമ്പ് ഞാൻ അദ്ദേഹത്തോട് ഒരു കാര്യം മാത്രം ചോദിച്ചു, ‘എന്തിനാണ് ഈ രംഗം ആവശ്യമായി വരുന്നത്? അതിന്റെ ഉദ്ദേശ്യം എന്താണ്?’ അത് വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. സിനിമയുടെ തുടക്കം മുതൽ തന്നെ, ഈ രണ്ട് കഥാപാത്രങ്ങളെയും വളരെ അടുപ്പമുള്ളവരായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതൊരു അടുപ്പമുള്ള കുടുംബവുമാണ്. ഭാര്യാഭർത്താക്കന്മാർ എപ്പോഴും വളരെ വികാരഭരിതരാണ്. എന്നാല്‍ ഈ രംഗത്തില്‍ അയാൾക്ക് പെട്ടെന്ന് ശ്രദ്ധ തിരിയുന്നതായി കാണിക്കുന്നു. അയാൾ ഭാര്യയെ വിട്ട് ഒരു പല്ലിയെ പിന്തുടരുന്നു. അത് അവളെ തകർക്കുന്നു. അപ്പോഴാണ് ഭര്‍ത്താവിന് എന്തോ കുഴപ്പമുണ്ടെന്ന് ഭാര്യയ്ക്ക് മനസ്സിലാകുന്നത്. എന്റെ ചോദ്യത്തിന് അദ്ദേഹം അതിന്റെ വൈകാരിക പരിസരങ്ങള്‍ വിവരിച്ചു തന്നു. രമേശന്റെ പ്രയാസങ്ങള്‍ പങ്കാളിക്ക് അതേ തീവ്രതയോടെ മനസിലാകാന്‍ അത് അത്യാവശ്യമായിരുന്നുവെന്ന് ബ്ലെസി സാറിന്റെ വിവരണത്തില്‍ നിന്ന് എനിക്ക് ബോധ്യപ്പെട്ടു.
ആ രംഗം എന്നെക്കാളേറെ വെല്ലുവിളി സൃഷ്ടിച്ചത് ലാൽ സാറിനായിരുന്നു. ആ സീനില്‍ ഞാൻ കംപ്ലീറ്റിലി കവേർഡ് ആണ്. എന്റെ ബാക്ക് പോർഷൻ മാത്രമാണതില്‍ കാണിക്കുന്നത്. വാസ്തവത്തിൽ അത് ചെയ്യാൻ എന്നെക്കാള്‍ ബുദ്ധിമുട്ട് അദ്ദേഹത്തിനായിരുന്നു. പൂര്‍ണ നഗ്നനായാണ് ആ രംഗത്തില്‍ അദ്ദേഹം അഭിനയിച്ചത്. ആ സീന്‍ ചിത്രീകരിക്കും മുന്‍പ് അദ്ദേഹം അടുത്തെത്തി, എന്നോട് ക്ഷമ ചോദിച്ചു. അദ്ദേഹം പറഞ്ഞത്, ‘ഇതിൽ എനിക്ക് വളരെ ഖേദമുണ്ട്. ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതയുണ്ടായാല്‍, ഞാൻ നിങ്ങളെ ഏതെങ്കിലും വിധത്തിൽ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍, ക്ഷമിക്കണം...’ എന്നാണ്.
ഷോട്ടിന് മുമ്പ് അദ്ദേഹം ഒരു പെറ്റിക്കോട്ട് ധരിച്ചിരുന്നു, ആ രംഗത്തിന് തൊട്ടുമുമ്പ് അത് അഴിച്ചുമാറ്റി. തീര്‍ത്തും സ്വകാര്യവും സുരക്ഷിതവുമായ ചിത്രീകരണമാണ് ബ്ലസി സാറും സംഘവും ഒരുക്കിയത്. നമ്മള്‍ പെർഫോം ചെയ്യുമ്പോൾ സ്വതന്ത്രരായിരിക്കണം, അങ്ങനെയാണ് ആ രംഗം ചിത്രീകരിച്ചത്. ഒരു ചെറിയ ടീമിനൊപ്പമാകണം ഇതിന്റെ ചിത്രീകരിണമെന്ന് ഉറപ്പാക്കാൻ ഞാൻ ബ്ലെസി സാറിനോട് ആവശ്യപ്പെട്ടു, അവരും അത് ബഹുമാനിച്ചു. ഞങ്ങൾ എല്ലാവരും ശുദ്ധമായ ഹൃദയത്തോടെയും സത്യസന്ധതയോടെയും ആ സീനില്‍ പ്രവർത്തിച്ചു. ..’’ മീര പറഞ്ഞു. മോഹൻലാൽ എന്ന താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഒരു കഥാപാത്രമായിരുന്നു തന്മാത്രയിലേത്. ഇതിലെ ഈ സീനിനു വിമർശനങ്ങൾ കേട്ടിരുന്നുവെങ്കിലും ഏറെ പ്രശംസകൾ കിട്ടിയ ഒരു സിനിമ കൂടിയായിരുന്നു ഇത്. മികച്ച മലയാള ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയതിനു പുറമേ, മികച്ച ചിത്രം, മികച്ച സംവിധായകൻ എന്നിവയുൾപ്പെടെ നിരവധി കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും തന്മാത്ര നേടി. മികച്ച നടനുള്ള അഞ്ചാമത്തെ സംസ്ഥാന അവാർഡും ഈ ചിത്രത്തിലൂടെ മോഹൻലാലിന് ലഭിച്ചു.
രമേശനും ഭാര്യ ലേഖയും തമ്മിലുള്ള ആ പ്രണയരംഗം കിടപ്പുമുറിയിൽ രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. വെറുമൊരു പ്രണയരംഗം എന്നതില്‍ കവിഞ്ഞ്, രമേശന്റെ മാനസികനില വഷളാകുന്നത് വ്യക്തമായി കാണിക്കുന്ന ഒരു സീനായിരുന്നു അത്. ഇരുവരും വളരെ അടുത്തിടപഴകുന്നതിനിടെ, ഒരു നിമിഷം, രമേശൻ ചുമരിലെ ഒരു പല്ലിയെ കാണുന്നതും, ശ്രദ്ധ മാറുന്നതുമാണ് ആ സീനിലുള്ളത്. പിന്നെ ഒരുതരം മയക്കത്തിൽ അതിനെ ഓടിക്കാൻ നഗ്നനായി എഴുന്നേൽക്കുന്നു. അപ്പോഴാണ് ലേഖ രമേശന് കാര്യമായി എന്തോ സംഭവിച്ചുവെന്ന് മനസ്സിലാവുന്നത്. ചിത്രത്തിൽ വളരെ അനിവാര്യമായ ഒരു രംഗമായിരുന്നു ഇത്. റിപ്പോർട്ടുകൾ പ്രകാരം മോഹൻലാൽ പൂർണ നഗ്നനായാണ് ഈ രംഗം ചിത്രീകരിച്ചത്.
കരിയറിൽ തിളങ്ങി നില്‍ക്കുകയാണ് മീരയിപ്പോള്‍. കുടുംബവിളക്ക് എന്ന സീരിയലിലെ സുമിത്ര എന്ന കഥാപാത്രം താരത്തിന് ഏറെ ജനപ്രീതി നേടിക്കൊടുത്തിട്ടുണ്ട്. തമിഴ് സീരിയലുകളിലും മീരയുടെ ശക്തമായ സാന്നിധ്യമുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് മീര. എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും താരം അതിലൂടെ പങ്കിടാറുണ്ട്.
അടുത്തിടെ താൻ മൂന്നാമത്തെ വിവാഹബന്ധവും വേര്‍പെടുത്തിയ വിവരം മീര സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. 2024 ലാണ് ഛായാഗ്രാഹകന്‍ വിപിന്‍ പുതിയങ്കത്തെ മീര വിവാഹം ചെയ്തത്. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം പങ്കിട്ട പോസ്റ്റില്‍ ഓഗസ്റ്റ് മുതൽ സിംഗിൾ ആണെന്നു മീര കുറിച്ചു. ‘‘നടി മീര വാസുദേവൻ അഥവാ മീര വാസുദേവൻ എന്ന ഞാന്‍ 2025 ഓഗസ്റ്റ് മുതൽ സിംഗിൾ ആണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും അത്ഭുതകരവും സമാധാനപരവുമായ ഘട്ടത്തിലാണ് ഞാൻ...’’ എന്നായിരുന്നു മീരയുടെ പോസ്റ്റ്.
വിശാല്‍ അഗര്‍വാളായിരുന്നു താരത്തിന്റെ ആദ്യ ഭര്‍ത്താവ്. 2005ലായിരുന്നു ഈ വിവാഹം. 2010 ല്‍ ഈ ബന്ധം അവസാനിച്ചു. പിന്നീട് നടന്‍ ജോൺ കൊക്കെനെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. 2016 ല്‍ ഇരുവരും പിരിഞ്ഞു. പിന്നീട് മീര മലയാള സീരിയലുകളിലും സിനിമകളിലും കൂടുതൽ സജീവമായി. അതിനിടെയാണ് വിപിനെ വിവാഹം ചെയ്തത്.