-->
ഗായിക, അഭിനേത്രി, സംഗീതസംവിധായിക, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് സയനോര ഫിലിപ്പ്. സ്റ്റേജ് ഷോകളും യാത്രകളും സംഗീതസംവിധാനവുമടക്കം ഇപ്പോള്‍ കരിയറില്‍ നല്ല തിരക്കിലാണ് സയനോര. എന്നാല്‍ ഈ തിരക്കുകള്‍ക്കിടയിലും വ്യക്തിജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ താരം നേരിട്ടിരുന്നു. വിവാഹമോചിതയായ താരം ഒരു സിംഗിള്‍ മദര്‍ കൂടിയാണ്. 2022 ലാണ് സയനോര ഭര്‍ത്താവുമായി വേര്‍പിരിഞ്ഞത്.
ഇപ്പോഴിതാ സിംഗിള്‍ മദറായ സയനോര അമ്മയായ ശേഷമുള്ള ആദ്യ നാളുകള്‍ തനിക്ക് ബുദ്ധിമുട്ടായിരുന്നെന്ന് പറയുകയാണ്. അമ്മയായ ശേഷം വീട്ടിലിരിക്കുന്ന പല സമയത്തും ആത്മഹത്യ ചിന്തകള്‍ വന്നിരുന്നുവെന്നും പല പ്രാവശ്യം അത്തരം സിറ്റുവേഷന്‍ ഉണ്ടായിട്ടുണ്ടെന്നും മദർഹുഡിനെ താന്‍ റിജക്‌ട് ചെയ്യാൻ നോക്കിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും പറയുകയാണ് സയനോര.
‘‘വാവയായിക്കഴിഞ്ഞ് വീട്ടിലിരിക്കുമ്പോള്‍ എനിക്ക് ആത്മഹത്യാ ചിന്തകള്‍ ഉണ്ടായിരുന്നു. ആ മെന്റാലിറ്റി എനിക്ക് ലെെഫിലുടനീളം പല സിറ്റുവേഷനിലൂടെ വന്ന് പോയിട്ടുണ്ട്. അങ്ങനത്തെ ക്രെെസിസ് സിറ്റുവേഷനില്‍ നില്‍ക്കുമ്പോള്‍ കൃത്യമായി ഒരാള്‍ അവിടെ വരും. അങ്ങനത്തെ കാര്യങ്ങള്‍ ഞാൻ അനുഗ്രഹിക്കപ്പെട്ടയാളാണ്. എത്രയോ പ്രാവശ്യം ബാത്ത്റൂമില്‍ നിന്ന് അലറിക്കരഞ്ഞിട്ടുണ്ട്. മദർഹുഡിനെ ഞാൻ റിജക്‌ട് ചെയ്യാൻ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. മറ്റൊരു മനുഷ്യന് ജീവിതകാലം മുഴുവൻ റെസ്പോണ്‍സിബിള്‍ ആകുന്ന ചിന്ത എന്നെ അലട്ടി.
മറ്റുള്ള അമ്മമാരുമായി ഞാൻ താരതമ്യം ചെയ്തു. ഞാൻ ട്രാവല്‍ ചെയ്യുമായിരുന്നു. ഷൂട്ടും റെക്കോഡിംഗും ഉണ്ടാകും. ആ സമയത്ത് എനിക്ക് മനസില്‍ ഭയങ്കരമായി വിഷമം തോന്നും. മോളുടെ അടുത്ത് നിന്നും പോകുന്നതില്‍. ഉള്ളില്‍ കുറ്റബോധമായിരിക്കും എപ്പോഴും. അവരെ നന്നായി നോക്കാൻ പറ്റുന്നുണ്ടോ എന്നൊക്കെ. ഈയടുത്താണ് ഞാൻ ആ ചിന്തയില്‍ നിന്നും പൂർണമായും പുറത്ത് വന്നത്. ഓരോ അമ്മയ്ക്കും അവരുടെ മക്കളെ നോക്കാൻ ഓരോ കഴിവുകളാണ്.
നമ്മളെ നമ്മളുടെ മക്കള്‍ക്ക് മനസിലാക്കാൻ പറ്റുന്നുണ്ടെങ്കില്‍ അതിനപ്പുറത്തേക്ക് വേറെ ആർക്കും വിശദീകരിക്കേണ്ട ആവശ്യമില്ല. ഞാൻ ചിലപ്പോള്‍ മകളുടെ അടുത്ത് പോയായിരിക്കും കരയുക. മമ്മയ്ക്ക് പറ്റുന്നില്ലെന്ന് പറയും. കാരണം നമ്മള്‍ പെർഫെക്ടല്ല. അവരുടെ മുന്നില്‍ ശക്തയായ അമ്മയാണ് എന്ന് പറഞ്ഞ് നില്‍ക്കേണ്ട ആവശ്യമില്ല. നമ്മളും മനുഷ്യരാണ്. നമ്മളിങ്ങനെയൊരു ചോയ്സ് എടുത്തു എന്നൊക്കെ കുട്ടി കാണുന്നുണ്ട്. ആ ചോയ്സുകളുടെ കൂടെ അവർ ചിലപ്പോള്‍ നില്‍ക്കുമായിരിക്കും.
ചിലപ്പോള്‍ കൂടെ നില്‍ക്കില്ലായിരിക്കും. ചിലപ്പോള്‍ അവിടെ അടിയുണ്ടാകും. വിമർശനമുണ്ടാകും. ഇതൊക്കെ തന്നെയാണ് മദർഹുഡ്. ഈയടുത്താണ് ഞങ്ങളുടെ കൂടെ ഒരു ചേച്ചി വന്ന് താമസിക്കാനും ഭക്ഷണമുണ്ടാക്കാനും തുടങ്ങിയത്. അതിന് മുമ്പ് മകള്‍ സ്കൂളില്‍ പോകുന്ന സമയത്ത് ബ്രേക്ക്ഫാസ്റ്റും ലഞ്ചും ഉണ്ടാക്കണം. അവള്‍ തിരിച്ച് വരുമ്പോഴേക്കും എന്തെങ്കിലും ഞാനുണ്ടാക്കണം. ചില സമയത്ത് വർക്ക് കാരണം കുക്ക് ചെയ്യാൻ തോന്നില്ല. ക്ഷീണം കൊണ്ട് എങ്ങനെയെങ്കിലും ഒന്ന് കിടന്നാല്‍ മതിയെന്നായിരിക്കും. ആ സമയങ്ങളില്‍ അമ്മമാർക്ക് കുറ്റബോധം തോന്നേണ്ടതില്ല...’’ സയനോര പറഞ്ഞു. ഒരു യൂട്യൂബ് ചാനലില്‍ സംസാരിക്കുമ്പോഴാണ് സയനോര മനസ്സു തുറന്നു സംസാരിച്ചത്.