-->
സിബി മലയിൽ ഒരുക്കിയ ചിത്രം മലയാളത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നാണ് സമ്മർ ഇൻ ബത്‌ലഹേം. സുരേഷ് ഗോപി, ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ കലാഭവന്‍ മണിയും അവര്‍ക്കൊപ്പം സിനിമയിലുടനീളം നിറഞ്ഞു നിന്നിരുന്നു. സിനിമയില്‍ നായികയായി തിളങ്ങിയത് മഞ്ജു വാര്യരാണ്. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1998 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ അതിഥിവേഷവും ഹൈലൈറ്റായി മാറി.
മലയാളത്തിലെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നായ ഈ ചിത്രം പുറത്തിറങ്ങി 27 വർഷത്തിനിപ്പുറം വീണ്ടും റീ റിലീസിന് ഒരുങ്ങുകയാണ്. ആ സന്തോഷം സിനിമയിലെ മിക്ക താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്നുണ്ട്. ക്ലൈമാക്സില്‍ ഒരു രസകരമായ സസ്പെന്‍സ് നിര്‍ത്തിയ ഈ ചിത്രം മലയാളികള്‍ ഹൃദയത്തോട് ചേർത്തുവെച്ചതാണ്. ആ സസ്പെന്‍സ് അറിയണമെന്ന ആകാംക്ഷ ഇന്നും പ്രേക്ഷകര്‍ക്കിടയിലുണ്ട്.
ഇപ്പോഴിതാ ഈ സിനിമയില്‍ മോഹൻലാല്‍ അവതരിപ്പിച്ച നിരഞ്ജൻ എന്ന അതിഥിവേഷത്തെക്കുറിച്ച് മനസുതുറക്കുകയാണ് സിബി മലയില്‍.
‘‘സ്ക്രിപ്റ്റ് എഴുതി ഒരു ഘട്ടം കഴിയുമ്പോഴാണ് രഞ്ജിത്ത് പറയുന്നത് ഒരു കഥാപാത്രം കൂടിയുണ്ടെന്ന്. ജയറാമിനും സുരേഷ് ഗോപിക്കും മുകളില്‍ നില്‍ക്കുന്ന ഒരു കഥാപാത്രം വേണമെന്ന് നിർബന്ധമായിരുന്നു. കാരണം മറ്റു രണ്ടു പേരെക്കാളും ആമി അയാളെ സ്നേഹിക്കുന്നുണ്ടെങ്കില്‍ അയാള്‍ക്ക് ആ രീതിയില്‍ ഉള്ള ഒരു നിലയുണ്ടായിരിക്കണം. രജനികാന്ത്, കമല്‍ ഹാസൻ ഉള്‍പ്പെടെയുള്ളവരെ ആലോചിച്ചു. പക്ഷെ വീട്ടില്‍ സ്വർണം വെച്ചിട്ടെന്തിന് എന്ന് പറയുന്നത് പോലെ മോഹൻലാല്‍ ഇവിടെയുള്ളപ്പോള്‍ എന്തിനാണ് വേറെ ആളെ അന്വേഷിക്കുന്നത്...’’ എന്നാണ് സിബി മലയില്‍ മോഹന്‍ലാലിന് ഏറെ കൈയടി നേടിക്കൊടുത്ത ഈ കഥാപാത്രത്തെക്കുറിച്ച് പറയുന്നത്.
സിനിമയുടെ റീ റിലീസ് ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. 4K ഡോള്‍ബി അറ്റ്മോസിലാണ് സിനിമ പുറത്തിറങ്ങുന്നത്. ദേവദൂതൻ, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകള്‍ റീമാസ്റ്റർ ചെയ്ത ഹൈസ്റ്റുഡിയോസ് ആണ് ഈ സിനിമയും റീമാസ്റ്റർ ചെയ്തു പുറത്തിറക്കുന്നത്. സിയാദ് കോക്കർ ആയിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. കോക്കേഴ്സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. വിദ്യാസാഗറിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും മലയാളികളുടെ ഹൃദയത്തില്‍ മുഴങ്ങി നില്‍ക്കുന്നതാണ്. കെ ജെ യേശുദാസ്, കെ എസ് ചിത്ര, സുജാത, എം ജി ശ്രീകുമാർ, ശ്രീനിവാസ്, ബിജു നാരായണൻ എന്നിവരായിരുന്നു ചിത്രത്തിലെ ഗായകർ.