-->
ഇസ്താംബൂള്‍: തുര്‍ക്കിയില്‍ വിനോദസഞ്ചാരത്തിനായി എത്തിയ നാലംഗ കുടുംബത്തിന്റെ നിഗൂഡ മരണവുമായി ബന്ധപ്പെട്ട കേസ് അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിക്കുന്നു. ജര്‍മ്മനിയില്‍ നിന്നും എത്തിയ ബോസെക് കുടുംബത്തിലെ ഭര്‍ത്താവും ഭാര്യയും ഇവരുടെ രണ്ടു കുട്ടികളുമാണ് ആഡംബര ഹോട്ടലില്‍ മരണത്തിനിടയായിരിക്കുന്നത്. ഭക്ഷ്യ വിഷബാധയായി തുടങ്ങിയ കേസ് ഇപ്പോള്‍ ഇവര്‍ താമസിച്ച ഹോട്ടലിലെ അണുബാധയാെണന്ന സംശയത്തില്‍ എത്തി നില്‍ക്കുകയാണ്. ഹോട്ടലുമായി ബന്ധപ്പെട്ട് 11 പേരാണ് അറസ്റ്റിലായിരിക്കുന്നത്.
ടര്‍ക്കിഷ് ജര്‍മ്മന്‍ വംശജയായ സ്ത്രീയും ഭര്‍ത്താവും രണ്ടു കുട്ടികളുമാണ് മരണമടഞ്ഞത്. ഇസ്താംബൂളിലെ വളരെ പ്രശസ്തമായ ബൊസ്‌ഫോറസ് പാലത്തിനടുത്തുള്ള തെരവ് ഭക്ഷ്യശാലയില്‍ നിന്നും ആഹാരം കഴിച്ചതിന് പിന്നാലെ ഇവര്‍ അസുഖബാധിതരാകുകയായിരുന്നു. ജര്‍മ്മനിയില്‍ നിന്നും ആയിരുന്നു ഇവര്‍ തുര്‍ക്കിയില്‍ എത്തിയത്. ഭക്ഷണത്തിന് പിന്നാലെ നാലുപേരും ആശുപത്രിയിലാകുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ആദ്യം മരണപ്പെട്ടത് ഇവരുടെ ആറ് വയസ്സുള്ള മകന്‍ കാഡിറും മൂന്ന് വയസ്സുള്ള മകള്‍ മാസലുമായിരുന്നു. പിറ്റേ ദിവസം മാതാവ് സിഗ്‌ഡെം ബോസെക്കും അതിനടുത്ത ദിവസം തിങ്കളാഴ്ച പിതാവ് സെര്‍വെറ്റ് ബോസെക്കും മരണപ്പെട്ടു.
എല്ലാവരും ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയായിരുന്നു. നവംബര്‍ 9 നായിരുന്നു ബോസെക് കുടുംബം വെക്കേഷനായി തുര്‍ക്കിയില്‍ എത്തിയത്. യാത്രയ്ക്കിടയില്‍ ഇവര്‍ ഇസ്താംബൂളിലെ വൈവിദ്ധ്യവും പ്രശസ്തവുമായ തെരുവ് ഭക്ഷണങ്ങള്‍ കഴിച്ചിരുന്നു. ഇതിന് പിന്നാലെ നവംബര്‍ 12 ന് ആദ്യം അസ്വസ്ഥത തോന്നിയത് കുട്ടികള്‍ക്കായിരുന്നു. ഓക്കാനവും ഛര്‍ദ്ദിയും ഇവര്‍ക്കുണ്ടായതിന് പിന്നാലെ മാതാപിതാക്കള്‍ക്കും സമാന പ്രശ്‌നങ്ങളുണ്ടായി. ഇതോടെ ഇവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കുട്ടികളും മാതാവും പിറ്റേന്ന് തന്നെ മരണപ്പെടുകയും ചെയ്തു. ഐസിയുവില്‍ ദിവസങ്ങളോളം കഴിഞ്ഞ ശേഷമാണ് പിതാവ് മരണപ്പെട്ടത്.
ഭക്ഷ്യവിഷബാധ എന്ന നിലയിലാണ് പ്രശ്‌നം ആദ്യം പോയത്. എന്നാല്‍ ഇപ്പോള്‍ ഇവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ അടിച്ച കീടനാശിനിയില്‍ നിന്നുള്ള അണുബാധയാകാം കാരണമെന്നാണ് പുതിയ കണ്ടെത്തല്‍. കീടബാധയെ ചെറുക്കുന്നതിനായി താഴത്തെ നിലയിലെ ഒരു മുറിയില്‍ തളിച്ച അലുമിനിയം ഫോസ്‌ഫൈഡ് പോലുള്ള ഒരു പദാര്‍ത്ഥത്തിന് കുടുംബം വിധേയരായതായും വെന്റിലേഷന്‍ ഷാഫ്റ്റ് വഴി ഒന്നാം നിലയിലെ മുറിയിലെത്തിയിരിക്കാമെന്നും സംശയിക്കുന്നു. നവംബര്‍ 15 ന് മറ്റു രണ്ടു ടൂറിസ്റ്റുകള്‍ക്ക് കൂടി ഇതേ ഹോട്ടലില്‍ നിന്നും അസുഖബാധിതരായിരുന്നു. ബെഡ്ഷീറ്റുകള്‍, തലയിണകള്‍, വാട്ടര്‍ബോട്ടില്‍, ബ്‌ളാങ്കറ്റുകള്‍ എന്നിവയില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.