-->
മധ്യ ആഫ്രിക്കയിലെ ചതുപ്പുകളിലും നീര്‍ത്തടങ്ങള്‍ നിറഞ്ഞ പ്രദേശങ്ങളിലും കണ്ടുവരുന്ന പക്ഷിയാണ് ഷൂബില്‍. ഷൂവിന്റെ ആകൃതിയിലുള്ള കൊക്കും പഴഞ്ചന്‍ ലുക്കുമുള്ള ഈ പക്ഷിയെ കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ ചരിത്രാതീതകാലത്തെ ഏതോ ജീവിയെപ്പോലിരിക്കും. നാലര അടിയോളം നീളവും ഏഴു കിലോവരെ തൂക്കവുമുള്ള വലിയൊരു നീര്‍പ്പക്ഷിയാണ് ഷൂബില്‍. പക്ഷികളിലെ കൊടും ഭീകരന്മാരായ ഇവ പൊതുവേ ഒറ്റയ്ക്കു കഴിയാനിഷ്ടമുള്ള കൂട്ടരാണ്. ഇണപ്പക്ഷികളാണെങ്കില്‍ കൂടി ഒരേ പ്രദേശത്തിന്റെ രണ്ടറ്റങ്ങളിലേ താമസിക്കൂ.
ഒറ്റനോട്ടത്തില്‍ കൊക്കിനോടാണ് സാമ്യമെങ്കിലും കുടുംബപരമായി നോക്കിയാല്‍ ഷൂബില്ലുകളുടെ ഏറ്റവുമടുത്ത ബന്ധുക്കള്‍ പെലിക്കണുകളാണ്. വലിയ കൊക്കിനുപുറമേ വലിയ കാല്‍പാദങ്ങളും ഇവയ്ക്കുണ്ട്. താറാവിന്റേതുപോലെയുള്ള കാല്‍പാദത്തില്‍ നാല് വിരലുകളുണ്ടാകും. നടുവിരലിന് ഏതാണ്ട് 18 സെന്റീമീറ്ററാണ് നീളം. വെള്ളത്തിനുമുകളിലെ ചെടിപ്പടര്‍പ്പുകളിലും മറ്റും ഏറെ നേരം ഉറച്ചു നില്‍ക്കാന്‍ ഈ വമ്പന്‍ പാദങ്ങള്‍ ഷൂബില്ലുകളെ സഹായിക്കുന്നു. ചെറുതും വലുതുമായ മത്സ്യങ്ങളാണ് ഇഷ്ടഭക്ഷണം. മീനിനുപുറമെ തവളകള്‍, പാമ്പുകള്‍, ചെറുമുതലകള്‍ മറ്റു ജലപ്പക്ഷികളുടെ കുഞ്ഞുങ്ങള്‍ തുടങ്ങിയവയെയും ഇവ അകത്താക്കും. വെള്ളക്കെട്ടുകള്‍ നിറഞ്ഞ ധാരാളം തീറ്റ ലഭിക്കുന്ന പ്രദേശങ്ങളില്‍ മാറി മാറി ഇവ താമസിക്കാറുണ്ട്.
ഏതാണ്ട് 50 വര്‍ഷമാണ് ഷൂബില്ലിന്റെ ആയുസ്, ആയുസ് കൂടുതലാണെങ്കിലും ഇവയിന്ന് വംശനാശത്തിന്റെ വക്കിലാണ്. കാട്ടുതീ, വനനശീകരണം, കാലിവളര്‍ത്തല്‍, വരള്‍ച്ച തുടങ്ങി പലവിധ കാരണങ്ങളാല്‍ കാടുകളും ചതുപ്പുകളും നീര്‍പ്രദേശങ്ങളുമൊക്കെ കുറഞ്ഞുവരുന്നതും അനധികൃത വേട്ടയാടലുമൊക്കെ ഇവയ്ക്ക് ഭീഷണിയാകുന്നു.