Thursday, March 12, 2026 Last Updated 6 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 17 Nov 2025 08.44 AM

എസ്‌ഐആറുമായി ബന്ധമില്ല ; ബിഎല്‍ഒ ജീവനൊടുക്കിയ സംഭവത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട്

uploads/news/2025/11/811273/BLO.jpg

കണ്ണൂര്‍: പയ്യന്നൂര്‍ മണ്ഡലം പതിനെന്നാം ബൂത്തിലെ ഓഫീസറായിരുന്ന അനീഷ് ജോര്‍ജിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിന് എസ്ഐആറുമായി ബന്ധമില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി. പോലീസ് അന്വേഷണത്തിലെ വിവരങ്ങളാണ് കത്തിലുള്ളത്. കൂടുതല്‍ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജോലി സമ്മര്‍ദം മൂലം അനീഷ് ജീവനൊടുക്കിയതെന്നായിരുന്നു ആദ്യം മുതല്‍ പുറത്തുവന്ന വിവരം.

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലുള്ളവര്‍ പള്ളിയില്‍ പോയപ്പോഴായിരുന്നു സംഭവം. എസ്ഐആറുമായി ബന്ധപ്പെട്ട ജോലികളും ബിഎല്‍ഒയുടെ മരണവും തമ്മില്‍ വ്യക്തമായ ബന്ധമില്ലെന്ന് കളക്ടര്‍ അരുണ്‍ കെ വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എസ്ഐആറുമായി ബന്ധപ്പെട്ട് അനീഷ് ജോര്‍ജിന് സമ്മര്‍ദം ഉണ്ടാക്കിയിട്ടില്ലെന്നും സംഭവ ദിവസമോ അതിനു മുന്‍പോ ഒരു ഉദ്യോഗസ്ഥനെയും സമ്മര്‍ദം ചെലുത്തുകയോ ഭീഷണിപ്പെടുത്തുന്ന സ്വഭാവമുളള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. വ്യക്തിപരമായ സമ്മര്‍ദത്തിനുളള സാധ്യത പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അന്വേഷണം തുടരുകയാണെന്നും കളക്ടറുടെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തെത്തിയിരുന്നു. കര്‍മമേഖലയില്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചയാളാണ് അനീഷെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. കമ്മീഷന്റെ ഏറ്റവും അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവരാണ് ബിഎല്‍ഒമാരെന്നും തികഞ്ഞ ഏകീകരണത്തോടെയാണ് തെരഞ്ഞെടുപ്പ് സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഒരു ഉദ്യോഗസ്ഥനും പ്രയാസം നേരിടരുതെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW