-->
ബോളിവുഡ് ഇതിഹാസം ധർമ്മേന്ദ്രയെക്കുറിച്ചുള്ള വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളില്‍ നിറയുന്നത്. അസുഖം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇതിഹാസ നടൻ ധർമ്മേന്ദ്ര സുഖം പ്രാപിക്കുകയും ചികിത്സയോട് നന്നായി പ്രതികരിക്കുകയും ചെയ്യുന്നുണ്ടെന്ന് താരത്തിന്റെ കുടുംബം സ്ഥിരീകരിച്ചിരുന്നു. എന്നിരുന്നാലും, സോഷ്യല്‍ മീഡിയയിലൂടെ താരം മരണപ്പെട്ടു എന്നതടക്കമുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. ഐസിയുവില്‍ നിന്നുള്ള ഇതിഹാസ താരത്തിന്റെ സ്വകാര്യ വീഡിയോ വരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു.
താരത്തിന്റെ ഭാര്യ ഹേമമാലിനിയും മക്കളായ സണ്ണി ഡിയോളും ഇഷാ ഡിയോളുമടക്കം ഈ വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിക്കുന്നുണ്ട്. സണ്ണി ഡിയോൾ പാപ്പരാസികൾക്കെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു. താരത്തിന്റെ ആരോഗ്യസ്ഥിതി ആശങ്കാജനകമാണെങ്കിലും ഇപ്പോൾ വീട്ടിൽ സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ ഇതിഹാസ താരത്തിന്റെ ചെറുമകനം സണ്ണി ഡിയോളിന്റെ മകനുമായ കരണ്‍ ഡിയോളും സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. മുത്തച്ഛന്‍ സുരക്ഷിതനാണെന്നും സുഖം പ്രാപിച്ചു വരുന്നെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ ദയവായി പങ്കിടാതിരിക്കണമെന്നുമാണ് കരണ്‍ കുറിച്ചിരിക്കുന്നത്.
‘‘എന്റെ ബഡേ പാപ്പ ധർമ്മേന്ദ്ര സിംഗ് ഡിയോൾ സുഖം പ്രാപിച്ചു വരുന്നു, ഡോക്ടർമാരുടെ ഉപദേശപ്രകാരം മരുന്നുകൾ സ്വീകരിക്കുന്നു. എല്ലാവരിൽ നിന്നും വരുന്ന ആശങ്കയ്ക്കും സ്നേഹത്തിനും പ്രാർത്ഥനയ്ക്കും ഞങ്ങൾ നന്ദിയുള്ളവരാണ്.
അതേസമയം, ഈ സമയത്ത് ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കാൻ എല്ലാ മാധ്യമ സ്ഥാപനങ്ങളോടും, ഫാൻ പേജുകളോടും, അഭ്യുദയകാംക്ഷികളോടും ഞാൻ അഭ്യർത്ഥിക്കുന്നു. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കിടുന്നതിൽ നിന്നോ അഭിപ്രായങ്ങൾക്കായി ഞങ്ങളുടെ കുടുംബത്തെ സമീപിക്കുന്നതിൽ നിന്നോ ദയവായി വിട്ടുനിൽക്കുക. നിങ്ങളുടെ ധാരണയും സഹകരണവും ഞങ്ങൾക്ക് വളരെയധികം അർത്ഥമാക്കുന്നു...’’ എന്നാണ് കരണ്‍ ഡിയോള്‍ കുറിച്ചിരിക്കുന്നത്. കുടുംബത്തിന്റെ ഭാഗത്തു നിന്നും കൃത്യമായ വിവരങ്ങള്‍ കിട്ടുന്നതു കൊണ്ട് ആരാധകരെല്ലാം താരത്തിന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കുകയാണ്.
ധർമ്മേന്ദ്രയുടെ അടുത്ത ബിഗ് സ്‌ക്രീൻ വേഷത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ശ്രീറാം രാഘവന്റെ വരാനിരിക്കുന്ന ചിത്രമായ ‘ഇക്കിസ്’ എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യയ്‌ക്കൊപ്പം താരം അഭിനയിക്കുന്നത്. ഈ വർഷം ഡിസംബറിൽ ചിത്രം റിലീസ് ചെയ്യും.