-->
ബോളിവുഡിന്റെ ഹിറ്റ് പവര്‍പാക്ക് റൊമാന്റിക് ജോഡിയാണ് കത്രീന കൈഫും വിക്കി കൗശാലും. ഒരുമിച്ച് ഒരു സിനിമയില്‍ പോലും അഭിനയിക്കാത്ത ഈ താരദമ്പതിമാരുടെ പ്രണയവും ഡേറ്റിംഗുമൊക്കെ ആരാധകര്‍ അതിശയത്തോടെയാണ് കേട്ടറിഞ്ഞത്. എന്നാല്‍ രാജസ്ഥാനിലെ മനോഹരമായ സിക്സ് സെൻസസ് ഫോർട്ട് ബർവാരയിൽ വളരെ സ്വകാര്യമായി നടന്ന ഒരു ചടങ്ങിലൂടെ ഇവര്‍ രണ്ടാളും വിവാഹിതരായത് വളരെ ആഘോഷപൂര്‍വ്വമാണ് ആരാധകര്‍ ഏറ്റെടുത്തത്.
സ്വകാര്യ ജീവിതം വലിയ ഒച്ചപ്പാടുകളില്ലാതെ വളരെ സുന്ദരമായി ആസ്വദിക്കുന്ന താരദമ്പതിമാര്‍ കൂടിയാണിവര്‍. തങ്ങളുടെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും ആസ്വദിക്കുന്ന രണ്ടുപേരും കുടുംബത്തിനൊപ്പം ഏറെ സമയം ചെലവഴിക്കാനാഗ്രഹിക്കുന്നവര്‍ കൂടിയാണ്. കഴിഞ്ഞ ആഴ്ചയിലാണ് ദമ്പതിമാര്‍ തങ്ങളുടെ ആദ്യത്തെ കണ്മണിയെ ജീവിതത്തിലേക്ക് വരവേറ്റത്.
ഇപ്പോഴിതാ കത്രീനയും വിക്കിയും തമ്മിലുള്ള ഡേറ്റിംഗ് ആരംഭിച്ച് തനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നുവെന്ന് പറയുകയാണ് ബോളിവുഡിന്റെ പരം സുന്ദരിയായ കൃതി സനോണ്‍. വിക്കിയുമായി ഡേറ്റിംഗ് ആരംഭിച്ചതിനുശേഷം കത്രീനയുടെ ജിം പ്ലേലിസ്റ്റ് ഉടൻ തന്നെ പഞ്ചാബി സംഗീതത്തിലേക്ക് മാറിയെന്നും ഒരുമിച്ച് വ്യായാമം ചെയ്യുന്നതിനിടെ ഈ പ്ലേ ലിസ്റ്റ് കേട്ട് താനതു ചോദിച്ചെന്നുമാണ് കൃതി പറയുന്നത്.
‘‘ഞാനും കത്രീനയും ഒരേ ജിമ്മിലാണ് വ്യായാമം ചെയ്യാറുണ്ടായിരുന്നത്. അവൾ നിന്നെ ഡേറ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ, പെട്ടെന്ന് അവളുടെ പ്ലേലിസ്റ്റ് മാറി. അവളുടെ പ്ലേലിസ്റ്റിൽ പഞ്ചാബി സംഗീതം വന്നു തുടങ്ങി. ഞാൻ അവളെ നോക്കി ചോദിച്ചു, ‘ഇതാണോ നിന്റെ പ്ലേലിസ്റ്റ്?’ കാരണം അവ തീർച്ചയായും കത്രീന മുമ്പ് കേട്ടിരുന്ന പാട്ടുകളല്ല. കത്രീന മറുപടിയായി പറഞ്ഞു, ‘അതെ, എനിക്ക് ഇത് ഇഷ്ടമാണ്. ഞാൻ നിന്നെ അപ്ഡേറ്റ് ചെയ്യാം...’ എന്ന്...’’ അതോടെ എനിക്കു ചിലത് മനസ്സിലായി...’’ കൃതി സനോണ്‍ പറഞ്ഞു. ടു മച്ച് വിത്ത് കജോൾ ആൻഡ് ട്വിങ്കിൾ എന്ന ചാറ്റ് ഷോയിലെ ഏറ്റവും പുതിയ അതിഥികളായിരുന്നു കൃതി സനോണും വിക്കി കൗശലും എത്തിയപ്പോഴാണ് കൃതി ഇക്കാര്യം പറഞ്ഞത്.
സംഭാഷണത്തിനിടെ, താനും കത്രീന കൈഫും തുടക്കത്തിൽ ഒരു പഞ്ചാബി ഗാനവുമായി എങ്ങനെ ബന്ധപ്പെട്ടിരുന്നുവെന്ന് വിക്കി കൗശൽ പറഞ്ഞു. കത്രീന കൈഫിനൊപ്പം നടത്തിയ രസകരമായ ഒരു റോഡ് യാത്രയെ വിക്കി കൗശൽ ഓര്‍ത്തെടുത്തു, ആ യാത്രയിലാണ് കത്രീന പഞ്ചാബി ഗാനങ്ങളുമായി പ്രണയത്തിലായതെന്ന് വിക്കി പറഞ്ഞു.
‘‘എനിക്ക് പഞ്ചാബി സംഗീതം ഇഷ്ടമാണ്. ഞാൻ ധാരാളം പഞ്ചാബി സംഗീതം കേൾക്കാറുണ്ട്. ഞങ്ങൾ യാത്ര ചെയ്യുമ്പോൾ, അത് ഞങ്ങൾ വിവാഹിതരാകുന്നതിന് മുമ്പ്, ഒരു പഞ്ചാബി പാട്ട് എന്നെ ആകർഷിച്ചു. എനിക്ക് ആ പഞ്ചാബി പാട്ട് വളരെ ഇഷ്ടപ്പെട്ടു. അവളും അത് ആസ്വദിക്കാൻ തുടങ്ങി. പിന്നെ അവൾ വളരെ ഭംഗിയായി ആ പാട്ട് പഞ്ചാബിയിൽ പാടിക്കൊണ്ട് ഒരു വീഡിയോ ഉണ്ടാക്കി. അവള്‍ പറഞ്ഞത്, ‘ഞാൻ ഈ ഗാനം പാടാൻ പോകുന്നു’ എന്നാണ്. അതൊരു റൊമാന്റിക് ഗാനമാണെന്ന് അവൾ കരുതി...’’ വിക്കി പറഞ്ഞു. അപ്പോഴാണ് വിക്കിയുമായി ഡേറ്റ് ചെയ്യാൻ തുടങ്ങിയതിന് ശേഷം കത്രീനയിൽ ഉണ്ടായ ഒരു ശ്രദ്ധേയമായ മാറ്റം കൃതി സനോൺ ചൂണ്ടിക്കാണിച്ചത്.
2021 ൽ വിവാഹിതരായ വിക്കിയും കത്രീനയും 2025 നവംബര്‍ ഏഴിനാണ് തങ്ങളുടെ ആണ്‍കുഞ്ഞിനെ വരവേറ്റത്. ഗര്‍ഭകാലത്ത് അധികം പൊതുപരിപാടികളില്‍ കത്രീന പങ്കെടുത്തിരുന്നില്ല. വിക്കി പലപ്പോഴും സാമൂഹിക, സിനിമാ പരിപാടികളിൽ പങ്കെടുക്കാറുണ്ടായിരുന്നു.