-->
ബോളിവുഡ് നടിയും മോഡലും ഗായികയുമായ ഷെഹനാസ് ഗില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഹിന്ദി ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയ ശേഷമാണ്. ജനപ്രിയ റിയാലിറ്റി ഷോയായി മാറിയ ബിഗ് ബോസ് സീസണ്‍ 13-ലൂടെ ശ്രദ്ധ നേടിയ ഷെഹനാസ് ഗില്‍ അതിലെത്തുന്നതിന് മുന്‍പ് ഒരു ടെലിവിഷന്‍ താരം മാത്രമായിരുന്നു. എന്നാല്‍ ബിഗ് ബോസിലൂടെ ലോകമറിയുന്ന താരമായി ഷെഹനാസ് മാറി.
അതിലൂടെ ഷെഹനാസ് പരിചയപ്പെട്ട, അടുത്തറിഞ്ഞ സ്നേഹിച്ച താരമായിരുന്നു ആ സീസണിലെ വിജയി കൂടിയായി മാറിയ സിദ്ധാര്‍ത്ഥ് ശുക്ല. ‘സിഡ്‌നാസ്’ എന്ന പേരിലാണ് ഇരുവരെയും സ്‌നേഹത്തോടെ ആരാധകർ വിശേഷിപ്പിച്ചത്. ബിഗ് ബോസിനുശേഷവും സിദ്ധാർഥും ഷെഹനാസും ഒരുമിച്ചാണെന്ന് വാർത്തകളുണ്ടായിരുന്നു. അധികം വൈകാതെ ഇവര്‍ വിവാഹിതരാകുമെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ വളരെ അപ്രതീക്ഷിതമായി ഹൃദയാഘാതത്തെ തുടർന്ന് സിദ്ധാർഥ് മരണപ്പെട്ടു. ഇന്നും ആ സങ്കടവും നൊമ്പരവും ഷെഹനാസിനൊപ്പമുണ്ട്.
എന്നാല്‍ പലപ്പോഴും ഷെഹനാസിന്റെ നൊമ്പരങ്ങള്‍ സിദ്ധാര്‍ത്ഥിനെ മാത്രം ഓര്‍ത്താണെന്ന തരത്തില്‍ പലരും റീലുകള്‍ പങ്കിടാറുണ്ട്. ഷെഹനാസിന്റെ കണ്ണു നിറയുന്നത് സിദ്ധാര്‍ത്ഥിനെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ് എന്ന് സോഷ്യല്‍ മീഡിയ പലപ്പോഴും വ്യാഖ്യാനിച്ചിട്ടുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ വന്ന ഒരു വ്യാജ വീഡിയോയുടെ സത്യം പങ്കിടുകയാണ് മാധ്യമപ്രവര്‍ത്തകനും അവതാരകനുമായ ഫരീദൂൺ ഷഹര്യാർ
അഭിമുഖത്തിനിടെ തന്റെ മാനേജർ കൗശൽ ജോഷിയെക്കുറിച്ച് ചോദിച്ചപ്പോൾ ഷെഹനാസ് വികാരാധീനയായി കരഞ്ഞതാണ് പലരും സിദ്ധാര്‍ത്ഥിന്റെ പേരിനൊപ്പം കൂട്ടിവായിച്ചത് എന്നാണ് ഷഹര്യാര്‍ കുറിച്ചത്. ഒരു പ്രൊഫഷണൽ മാനേജരുമായുള്ള വേർപിരിയലുമായി ബന്ധപ്പെട്ടതാണെന്നും ചില മാധ്യമങ്ങൾ ഊഹിച്ചതുപോലെ സിദ്ധാർത്ഥ് ശുക്ലയുമായി ബന്ധപ്പെട്ടതല്ലെന്നും ഷഹര്യാർ കുറിച്ചു.
‘‘ഷെഹനാസ് ഗില്ലിനോട് അവരുടെ മാനേജർ കൗശൽ ജോഷി (ഇക് കുടിയുടെ നിർമ്മാതാവ്) യെക്കുറിച്ച് ഞാൻ ചോദിച്ചപ്പോൾ, ഷെഹ്നാസ് വികാരങ്ങൾ അതിരുകടന്ന് കരഞ്ഞു പോയി. ഇരുവരും വേർപിരിഞ്ഞതായി പിന്നീട് എനിക്ക് മനസ്സിലായി. ആരുടെയും വ്യക്തിപരമായ കാര്യങ്ങളിലോ പ്രൊഫഷണൽ ജീവിതത്തിലോ ഞാൻ ഇടപെടാറില്ല. ഇതിന്റെ പിന്നില്‍ എന്താണ് കാരണമെന്ന് എനിക്കറിയില്ലായിരുന്നു... എന്തായാലും രണ്ടുപേർക്കും എല്ലാ ആശംസകളും നേരുന്നു.
എന്നാല്‍ ഗില്ലിന്റെ കരച്ചിൽ സിദ്ധാർത്ഥ് ശുക്ലയുമായി ബന്ധപ്പെടുത്തി ചില പ്രമുഖ മാധ്യമ (വളരെ ബഹുമാന്യരായവർ)റിപ്പോർട്ടുകൾ കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു.
യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി പരാമർശിക്കുമ്പോൾ, ഇത്തരം അടിസ്ഥാനരഹിതമായ റിപ്പോർട്ടിംഗ് നടത്തുന്നത് വളരെ നിരുത്തരവാദപരമാണ്...ഇതോടെ ഈ വിഷയം എന്നെന്നേക്കുമായി പരിഹരിക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു....’’ എന്നാണ് ആ അഭിമുഖത്തിന്റെ പ്രസക്ത ഭാഗം പങ്കിട്ട് മാധ്യമപ്രവര്‍ത്തകന്‍ ഫരീദൂൺ ഷഹര്യാർ കുറിച്ചത്.
ഷെഹനാസിന്റെ ഏറ്റവും പുതിയ പഞ്ചാബി ചിത്രമാണ് ഇക്ക് കുടി. ഇതില്‍ സിമിയും തേജോ എന്നീ ഡബിള്‍ റോളുകളാണ് ഷെഹനാസ് ചെയ്യുന്നത്. ബോക്സ് ഓഫീസ് വിജയത്തിലേക്ക് കുതിക്കുന്ന ഈ റൊമാന്റിക് കോമഡി ചിത്രത്തില്‍ ഷെഹനാസ് ഗില്‍ പ്രൊഡക്ഷന്‍സും നിര്‍മ്മാണപങ്കാളിയാണ്.
ഏറ്റവും ജനകീയമായ സീസണുകളിലൊന്നായി പറയപ്പെടുന്ന ഹിന്ദി ബിഗ് ബോസിന്റെ 13-ാം സീസണ്‍ ഒട്ടേറെ സൗഹൃദങ്ങൾക്കും പ്രണയബന്ധങ്ങൾക്കും സാക്ഷ്യം വഹിച്ചിരുന്നു. അതിലെ ഏറ്റവും ആരാധിക്കപ്പെട്ട ജോഡിയായി സിദ്ധാർഥ് ശുക്ലയും ഷെഹനാസ് ഗില്ലും മാറി. ഇന്ത്യൻ ടെലിവിഷനിലെ പ്രശസ്തതാരങ്ങളിലൊരാളായി എത്തിയ സിദ്ധാർത്ഥും, പഞ്ചാബി ഗായികയും ടെലിവിഷന്‍ താരവുമായി എത്തിയ ഷെഹനാസും തമ്മിലുള്ള അടുപ്പം ആളുകൾ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുത്തു. കുട്ടിത്തവും നിഷ്‌കളങ്കതയുമായിരുന്നു ഷെഹനാസിന്റെ മുഖമുദ്ര.
ബിഗ് ബോസിലുണ്ടായ എല്ലാ ബന്ധങ്ങളും തകർന്നപ്പോഴും, ബിഗ് ബോസിന് പുറത്തു വന്നപ്പോഴും അവരെപ്പോഴും ഒരുമിച്ച് തന്നെ നിന്നു. ഇരുവരും പ്രണയത്തിലാണെന്നും അധികം വൈകാതെ വിവാഹിതരാവുമെന്നുമൊക്കെ റിപ്പോർട്ടുകൾ പുറത്തുവന്നിവരുന്നു.
അതിനിടയിലാണ് 2021-ൽ സിദ്ധാര്‍ത്ഥ് മരണപ്പെട്ടത്. അതിനുശേഷം തകർന്നുപോയ ഷെനഹാസ് പിന്നീട് പതുക്കെയാണ് തിരിച്ചുവന്നത്. സല്‍മാന്‍ ഖാന്‍ അടക്കമുള്ളവരോട് സംസാരിക്കുമ്പോള്‍ സിദ്ധാര്‍ത്ഥിനെയോര്‍ത്ത് ഷെഹനാസ് പലപ്പോഴും തകര്‍ന്നു പോയിട്ടുണ്ട്. എന്നാല്‍ സഹതാരങ്ങളുടെയും ആരാധകരുടെയും സ്നേഹവും പിന്തുണയും കാരണം ഷെഹനാസ് സ്വഭാവിക ജീവിതത്തിലേക്ക് തിരിച്ചെത്തി.