Thursday, March 12, 2026 Last Updated 59 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jun 2025 02.18 PM

‘കാണ്ടാ ലഗാ’ഗാനത്തിലൂടെ പ്രശസ്തയായ നടി ഷെഫാലി ജരിവാല അന്തരിച്ചു; നോവായി ഷെഫാലിയുടെ അവസാന പോസ്റ്റ്; മരണത്തില്‍ ദുരൂഹതയെന്ന് ആരാധകര്‍

uploads/news/2025/06/788412/Untitled-03.jpg
Shefali Jariwala unexpected death (Image Source: Instagram)

സിനിമ-ടെലിവിഷന്‍ ലോകത്തെ നിറ സാന്നിധ്യമായിരുന്ന ഷെഫാലി ജരിവാലയുടെ വേര്‍പാട് കുറച്ചൊന്നുമല്ല ആരാധകരെ ഞെട്ടിച്ചത്. 42-ാം വയസ്സില്‍ ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ട്. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി മുംബൈയിലെ ബെല്ലെവ്യൂ മൾട്ടി-സ്പെഷ്യാ ആശുപത്രിയിൽ എത്തിച്ചെങ്കിലും താരത്തെ രക്ഷിക്കാനായില്ല. സിനിമ-ടെലിവിഷന്‍ ലോകത്തെ നിറ സാന്നിധ്യമായിരുന്ന ഷെഫാലി സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു. താരത്തിന്റെ അപ്രതീക്ഷ വിടവാങ്ങല്‍ ആരാധകര്‍ക്കും സിനിമാ ലോകത്തിനും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല.
ഷെഫാലിയുടെ മരണ കാരണം വ്യക്തമല്ലെന്ന് മുംബൈ പോലീസ് അറിയിച്ചിട്ടുണ്ട്. ഷെഫാലിയെ അന്ധേരിയിലെ വസതിയിൽ മരിച്ചനിലയിൽ കാണുകയായിരുന്നെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തേക്കുറിച്ച് അന്വേഷിക്കുകയാണെന്നും നടിയുടെ മരണത്തിന്റെ യഥാർത്ഥ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
ഇപ്പോഴിതാ ഇതിനിടെ ഏറെ ശ്രദ്ധിക്കപ്പെടുന്നത് ഷെഫാലിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ്. മൂന്ന് ദിവസം മുമ്പ് ഷെഫാലിയുടെ എക്സ് പോസ്റ്റ് തന്റെ മുന്‍ കാമുകനും നടനും ബിഗ് ബോസ് വിന്നറുമായ സിദ്ധാര്‍ത്ഥ് ശുക്ലയ്‌ക്കൊപ്പമുള്ളൊരു ചിത്രമായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ രണ്ടിന് സിദ്ധാര്‍ത്ഥിന്റെ മൂന്നാം ഓര്‍മ ദിവസമാണ് ഷെഫാലി ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘‘നിന്നെക്കുറിച്ച് ഓര്‍ക്കുന്നു എന്റെ കൂട്ടുകാരാ...’’ എന്നാണ് ചിത്രത്തോടൊപ്പം ഷെഫാലി കുറിച്ചത്.
ബിഗ് ബോസ് 13 ല്‍ നിന്നുള്ളതാണ് ഷെഫാലി പങ്കുവച്ച ചിത്രം. ആ സീസണിലെ വിജയിയായിരുന്നു സിദ്ധാര്‍ത്ഥ് ശുക്ല. ഷെഫാലിയും മത്സരാര്‍ത്ഥിയായിരുന്നു. 2021 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥ് മരിക്കുന്നത്. നാല് വര്‍ഷത്തിനിപ്പുറം ഷെഫാലിയും വിട പറഞ്ഞിരിക്കുകയാണ്. ഷെഫാലിയുടെ മരണത്തിന് പിന്നാലെ സിദ്ധാര്‍ത്ഥിനെക്കുറിച്ചുള്ള താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

പതിനഞ്ച് വര്‍ഷം മുമ്പാണ് ഷെഫാലിയും സിദ്ധാര്‍ത്ഥും പ്രണയത്തിലായിരുന്നത്. ഇരുവരും ടെലിവിഷനില്‍ ഷോകളിലും പരമ്പരകളിലും നിറഞ്ഞു നില്‍ക്കുന്ന കാലമായിരുന്നു അത്. പ്രണയ ബന്ധം അവസാനിപ്പിച്ച ശേഷവും നല്ല സുഹൃത്തുക്കളായി തുടരുകയായിരുന്നു ഷെഫാലിയും സിദ്ധാര്‍ത്ഥും. പിന്നീടാണ് നടി വിവാഹിതയാകുന്നത്. ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷം 2014 ലാണ് നടന്‍ പരാഗ് ത്യാഗിയെ ഷെഫാലി വിവാഹം കഴിക്കുന്നത്.
2002-ൽ കാണ്ടാ ലഗാ എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് ഷെഫാലി ജരിവാല പ്രശസ്തയായത്. പിന്നീട് സൽമാൻ ഖാൻ ചിത്രമായ ‘മുജ്‌സെ ഷാദി കരോഗി’യിൽ അഭിനയിച്ചു. കൂടാതെ 2019-ൽ ബേബി കം ന എന്ന വെബ്സീരീസിലും വേഷമിട്ടു. ‘ബൂഗി വൂഗി’, ‘നാച്ച് ബലിയേ’ തുടങ്ങിയ പ്രശസ്തമായ ഡാൻസ് റിയാലിറ്റി ഷോകളിലും അവർ പങ്കെടുത്തു. നടൻ പരാ​ഗ് ത്യാ​ഗിയാണ് ഷെഫാലിയുടെ ഭർത്താവ്.
അതേ സമയം ഷെഫാലിയുടെ മരണ കാരണം ഇതുവരേയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പരാഗും കുടുംബവും ഇതുവരേയും പ്രസ്താവനകളൊന്നും പുറത്ത് വിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ് അറിയിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW