Saturday, March 14, 2026 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Nov 2025 03.28 PM

‘എന്ത് ചെയ്യാനാണ് വന്ന് പെട്ടുപോയില്ലേ എന്ന് സുരേഷ് ഗോപി പറഞ്ഞു; അതെനിക്ക് സ്ട്രൈക്കായി, വല്ലാതെ വിഷമിപ്പിച്ചു...’ നിര്‍മ്മാതാവ് ശശി അയ്യഞ്ചിറ

സുരേഷ്ഗോപിയുടെ ഹിറ്റ് ചിത്രങ്ങളില്‍ മുന്‍പന്തിയിലാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ദ ടൈഗര്‍’. ഇപ്പോഴിതാ ഈ സിനിമയുടെ നിര്‍മ്മാതാവ് ശശി അയ്യഞ്ചിറ ഷൂട്ടിംഗിന്റെ ആദ്യ ദിവസം നേരിട്ട മനസ്സു വിഷമിപ്പിക്കുന്ന സംഭവം പങ്കിടുകയാണ്.
Suresh Gopi, Sasi Ayyanchira, The tiger movie
Sasi Ayyanchira about the tiger movie (Image Source: Youtube)

കരുത്തുറ്റ നായകവേഷങ്ങളിലൂടെയും പോലീസ് ഓഫീസര്‍ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ താരമാണ് സുരേഷ്ഗോപി. തീപ്പൊരി ഡയലോഗുകളിലൂടെയും പഞ്ച് രംഗങ്ങളിലൂടെയും വമ്പന്‍ ആക്ഷനിലൂടെയുമൊക്കെ മലയാള സിനിമാപ്രേക്ഷകരുടെ ഹരമായി സുരേഷ്ഗോപി മാറിയിട്ടുണ്ട്. താരത്തെ മലയാളത്തിന്റെ ആക്ഷൻ സൂപ്പർസ്‌റ്റാർ എന്നാണ് ആരാധകര്‍ വിളിച്ചിരുന്നത്.
സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് രാഷ്ട്രീയത്തില്‍ സജീവമായപ്പോഴും സുരേഷ്ഗോപിയോടുള്ള ഇഷ്ടത്തിന് കുറവു വന്നിട്ടില്ല. ഇടയ്ക്കിടെ ചില വാക്കുകള്‍ കാരണം വിവാദങ്ങളില്‍ പെടാറുണ്ടെങ്കിലും മലയാളികള്‍ക്ക് എന്നും പ്രിയങ്കരനാണ് സുരേഷ്ഗോപി. താരത്തിന്റെ ഹിറ്റ് ചിത്രങ്ങളുടെ പട്ടിക തന്നെ ഒരുപാടാണ്. അക്കൂട്ടത്തില്‍ എടുത്തു പറയാവുന്ന വമ്പന്‍ ഹിറ്റ് ത്രില്ലര്‍ മൂവിയാണ് ‘ദ ടൈഗര്‍’. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചത് ശശി അയ്യഞ്ചിറയാണ്.
ഇപ്പോഴിതാ ഈ സിനിമയുടെ ഷൂട്ടിന്റെ ആദ്യദിനത്തില്‍ ഉണ്ടായ ഒരു കയ്പേറിയ അനുഭവം പങ്കിടുകയാണ് ശശി അയ്യഞ്ചിറ. സുരേഷ് ഗോപിയുമായി ഉണ്ടായ ഒരു പിണക്കത്തെ കുറിച്ചും പിന്നീടത് സംസാരിച്ച് ഒത്തുതീര്‍പ്പാക്കിയ ശേഷമാണ് സിനിമയുടെ ഷൂട്ടിംഗ് പുനഃരാരംഭിച്ചതെന്നും പറയുകയാണ് ശശി അയ്യഞ്ചിറ.
‘‘മൂന്നാമത് എടുക്കുന്ന പടമായിരുന്നു ദി ടൈഗർ. അത് സുരേഷ് ഗോപിക്ക് ആ സമയത്ത് പടങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. മൂന്ന് മാസത്തോളം സുരേഷ് ഗോപിക്ക് പടങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു ദിവസം സുരേഷ് ഗോപി എന്നെ കണ്ടപ്പോള്‍ ശശി ഭായ് നമുക്ക് പടം വല്ലതും തുടങ്ങണ്ടേ എന്ന് ചോദിച്ചു. സുരേഷ് ഗോപിയുമായി നേരത്തെ പരിചയമുണ്ടായിരുന്നു. സുരേഷിന്റെ അമ്മാവനുമായി എനിക്ക് നല്ല അടുപ്പമായിരുന്നു.
അങ്ങനെയാണ് ഞാൻ ഷാജിയോട് ഇങ്ങനെയൊരു പടം തുടങ്ങാമെന്ന് പറയുന്നത്. സുരേഷ് ഗോപി ആയത് കൊണ്ട് മാത്രമാണ് ഞാൻ സംവിധായകനെ അങ്ങോട്ട് വിളിച്ച്‌ പടം ചെയ്യാമെന്ന് പറഞ്ഞത്. വേറെ ആരുടെ അടുത്തും ഞാൻ പറഞ്ഞിട്ടില്ല. അങ്ങനെ ഷാജിയും പറഞ്ഞു, അണ്ണാ നമുക്ക് തുടങ്ങാം ഒരു സ്‌റ്റോറി റെഡി ആയിട്ടുണ്ടെന്ന്. അങ്ങനെയാണ് മലയാള സിനിമയില്‍ ബി ഉണ്ണികൃഷ്‌ണൻ വരുന്നത്.
ബി ഉണ്ണികൃഷ്‌ണന്റെ ആദ്യത്തെ സ്ക്രിപ്റ്റ് ആണ് ടൈഗർ എന്നുള്ള സിനിമ. അന്ന് ഷാജിയും ഉണ്ണികൃഷ്‌ണനും കൂടി എന്നോട് കഥ പറഞ്ഞു. ആദ്യമായിട്ടായിരുന്നു അങ്ങനെ ഞാൻ മുഴുവൻ കഥ കേള്‍ക്കുന്നത്. അന്ന് ക്ലൈമാക്‌സിലെ സസ്പെൻസ് ഒക്കെ കൂടി ഷാജിയും ചെറിയ മാറ്റങ്ങള്‍ ഒക്കെ വരുത്തി. മൂന്ന് പ്രാവശ്യത്തോളം സ്ക്രിപ്റ്റില്‍ ഞങ്ങള്‍ ഇരുന്നിരുന്നു.
കഥ പൂർണമായിട്ട് മാത്രമേ ഞാൻ പടം തുടങ്ങാറുള്ളൂ. അതിലൊരു അനുഭവം ഉണ്ടായി, അത് സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നായിരുന്നു. പക്ഷേ അതിന് ശേഷം സുരേഷ് ഗോപി പക്കാ ആയി. അതിന്റെ പൂജയും ഷൂട്ടിങും ഒരുമിച്ചായിരുന്നു. മറൈൻ ഡ്രൈവില്‍ ആയിരുന്നു അതിന്റെ ഷൂട്ട്. പത്ത് മുന്നൂറോളം ആളുകള്‍ വന്നിട്ടുണ്ടായിരുന്നു. മറൈൻ ഡ്രൈവില്‍ ആയിരുന്നു ഷൂട്ട്.
ഷൂട്ട് തുടങ്ങി കുറച്ച്‌ കഴിഞ്ഞിരുന്നു, അന്ന് ശ്യാം ദത്താണ് ക്യാമറാമാൻ. അപ്പോള്‍ സുരേഷ് ഗോപി വന്ന് പറഞ്ഞു എനിക്ക് കോസ്‌റ്റ്യൂം ഒക്കെ ഒന്ന് കാണണമെന്ന്. അങ്ങനെ ഷാജി ക്യാമറയൊക്കെ ഗംഭീരമായിരിക്കും എന്ന് പറഞ്ഞു. എന്നാല്‍ ഈ കോസ്‌റ്റ്യൂം എനിക്ക് ഇടാൻ പാടില്ലെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. അപ്പോള്‍ അപ്പുറത്ത് തന്നെ ഞാനുണ്ടായിരുന്നു. ഞാനും എന്റെ ഫ്രണ്ട്സും ഒക്കെ ഉണ്ടായിരുന്നു.
എന്താ ചെയ്യാ ഞാൻ പെട്ടുപോയില്ലേ എന്ന് സുരേഷ് ഗോപി പറഞ്ഞപ്പോള്‍ അതെനിക്ക് സ്ട്രൈക്ക് ആയി. അങ്ങനെ പെട്ടുപോവുന്ന ഒരു അവസ്ഥ ഉണ്ടാവാൻ പാടില്ലല്ലോ സിനിമയില്‍. കൊറേ ബുദ്ധിമുട്ടും കാര്യങ്ങളും ഉണ്ടാവാം, പക്ഷെ പെട്ടുപോവരുതല്ലോ. എന്താ സുരേഷ് ഗോപി പ്രശ്‌നം എന്ന് ഞാൻ ചോദിച്ചു. ഞാൻ പെട്ടുപോയി എന്ന് പിന്നെയും പറഞ്ഞപ്പോള്‍ എനിക്ക് വല്ലാതെ ബുദ്ധിമുട്ടായി.
പെട്ടെന്ന് ഞാൻ കൈയ്യടിച്ചു, ഹലോ എന്ന് പറഞ്ഞു. എല്ലാവരും എന്നെ നോക്കുമ്പോള്‍ ഈ പടം ഞാൻ ചെയ്യണില്ല, പാക്കപ്പ് എന്ന് പറഞ്ഞു ഞാൻ എന്റെ വണ്ടിയില്‍ പോയിരുന്നു. ഷൂട്ടിംഗ് തുടങ്ങാൻ പോവുന്നെ ഉള്ളൂ, പൂജയ്ക്ക് കത്തിച്ച വിളക്ക് പോലും കെട്ടിട്ടില്ല. അതൊരു പ്രൊഡ്യൂസറുടെ ജീവിതത്തിലെ ആദ്യ സംഭവം ആയിരിക്കും.
ഷാജി കൈലാസ് ഒക്കെ വല്ലാതെ ആയിപ്പോയി. ഞാൻ അപ്പോഴത്തെ ഒരു മാനസികാവസ്ഥയില്‍ പറഞ്ഞതായിരുന്നു. ഷാജി കൈലാസും സുരേഷ് ഗോപിയും കൂടി എന്റെ കാറിന്റെ മുൻപിലേക്ക് ഓടിവന്നു. അതൊരു തമാശ പറഞ്ഞതായിരുന്നു എന്നാണ് അവർ പറഞ്ഞത്. ഇനി അങ്ങനെ ഉണ്ടാവില്ലെന്ന് ഉറപ്പ് തന്നതോടെയാണ് ആ പടം വീണ്ടും തുടങ്ങിയത്. അതാണ് ടൈഗർ എന്ന സിനിമ...’’ ശശി അയ്യഞ്ചിറ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശശി അയ്യഞ്ചിറ ഇക്കാര്യം പറഞ്ഞത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW