-->
അരനൂറ്റാണ്ടിലേറെ കാലം ബോളിവുഡ് സിനിമ അടക്കി ഭരിച്ച ഇതിഹാസ താരമാണ് ധര്‍മേന്ദ്ര. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരം ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലാണ്. താരം സുഖം പ്രാപിച്ചു വരുകയാണെന്ന വാര്‍ത്ത കുടുംബം പങ്കുവയ്ക്കുന്നതിടെയാണ് ഇന്നു രാവിലെ മുതല്‍ ഇതിഹാസ താരം അന്തരിച്ചുവെന്ന വാര്‍ത്ത വരാന്‍ തുടങ്ങിയത്. മിക്ക മാധ്യമങ്ങളും താരത്തിന് ആദരാഞ്ജലികള്‍ സമര്‍പ്പിച്ച് കുറിപ്പുകള്‍ പങ്കിട്ടു.
എന്നാല്‍ ഇപ്പോഴിതാ ധര്‍മേന്ദ്രയുടെ ഭാര്യയും ബോളിവുഡിന്റെ ഡ്രീം ഗേളുമായിരുന്ന ഹേമമാലിനി ഇതിഹാസ താരത്തെക്കുറിച്ച് പ്രചരിക്കുന്നത് വാര്‍ത്തകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ്. തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഹേമാലിനി ഈ തെറ്റാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്താനും കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അര്‍ഹമായ ബഹുമാനം നല്‍കണമെന്നും കുറിച്ചിരിക്കുന്നത്. ‘‘സംഭവിച്ചുകൊണ്ടിരിക്കുന്നത് പൊറുക്കാനാവാത്തതാണ്! ചികിത്സയോട് പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെക്കുറിച്ച് ഉത്തരവാദിത്തമുള്ള ചാനലുകൾക്ക് എങ്ങനെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാൻ കഴിയും? ഇത് അങ്ങേയറ്റം അനാദരവും നിരുത്തരവാദപരവുമാണ്. ദയവായി കുടുംബത്തിന് അര്‍ഹമായ ബഹുമാനം നല്‍കുക, സ്വകാര്യതയ്ക്കുള്ള അതിന്റെ ആവശ്യകത മാനിക്കുക...’’ ഹേമമാലിനി കുറിച്ചു. ഈ ട്വീറ്റിന് താഴെ നിരവധി ആരാധകര്‍ പ്രാര്‍ത്ഥനകളും ആശംസകളും കുറിക്കുന്നുണ്ട്.
ധർമ്മേന്ദ്രയുടെ ആരോഗ്യനില തൃപ്തികരമാണെന്നും താരം ആരോഗ്യത്തോടെ തുടരുന്നുണ്ടെന്നും കുടുംബം സ്ഥിരീകരിച്ചു. മാധ്യമങ്ങളും ആരാധകരും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നാണ് കുടുംബം അഭ്യർത്ഥിക്കുന്നത്. ധർമ്മേന്ദ്രയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുമ്പോൾ പങ്കുവെക്കുമെന്നും സണ്ണി ഡിയോളിന്റെ ടീമും വ്യക്തമാക്കി. മുഴുവൻ സമൂഹവും മാധ്യമങ്ങളും ആരാധകരും ഇതിഹാസ നടന്റെ ആരോഗ്യം വീണ്ടെടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്.
What is happening is unforgivable! How can responsible channels spread false news about a person who is responding to treatment and is recovering? This is being extremely disrespectful and irresponsible. Please give due respect to the family and its need for privacy.— Hema Malini (@dreamgirlhema) November 11, 2025
ബോളിവുഡിലെ ‘ഹീ- മാന്‍’ എന്നറിയപ്പെടുന്ന ധർമ്മേന്ദ്ര 90-ാം വയസ്സിലും ജനപ്രീതിയുള്ള താരമാണ്. 300-ലധികം സിനിമകളിൽ അഭിനയിച്ച താരം ഹിന്ദി സിനിമയിലെ പ്രേക്ഷകപ്രിയ താരമാണ്. ‘തേരി ബാതോം മേൻ ഐസ ഉൽജാ ജിയ’, ‘റോക്കി ഔർ റാണി കീ പ്രേം കഹാനി’ എന്നീ ചിത്രങ്ങളിലാണ് ധർമ്മേന്ദ്ര അവസാനമായി അഭിനയിച്ചത്. അഗസ്ത്യ നന്ദയ്‌ക്കൊപ്പം ശ്രീറാം രാഘവന്റെ ‘ഇക്കിസ്’ എന്ന ചിത്രമാണ് ഇനിയും റിലീസാകാനുള്ളത്.