-->
തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ ഗര്‍ഭിണി അണുബാധയേറ്റ് മരിച്ച സംഭവത്തില്‍ വിദഗ്ദ്ധസമിതിയെ വെച്ച് അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ്. മൂന്ന് വകുപ്പ് മേധാവികള്‍ ഉള്‍പ്പെട്ടതാണ് വിദഗ്ദ്ധസമിതി. റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം. എസ്എടി ആശുപത്രിയിലെ സംഭവത്തില്‍ പോലീസും അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.
സഹോദരന്‍ ശിവപ്രസാദിന്റെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസാണ് കേസെടുത്തത്. എസ് എ ടി ആശുപത്രി അധികൃതരില്‍ നിന്നും വിവരം തേടും. ശിവപ്രിയയുടെ മൃതദേഹം ബന്്ധുക്കള്‍ ഏറ്റുവാങ്ങും. പ്രസവിച്ച് മൂന്നാം ദിവസം യുവതി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് നേരത്തേ പോലീസ് കേസെടുത്തിരുന്നു. പ്രസവത്തിനുശേഷം ഡോക്ടര്‍ സ്റ്റിച്ചിട്ടത് വൃത്തിയില്ലാതെയാണെന്നും ആശുപത്രിയില്‍ നിന്നും ശിവപ്രിയയ്ക്ക് അണുബാധ ബാധിച്ചിരുന്നുവെന്നും ഭര്‍ത്താവ് മനു പറഞ്ഞിരുന്നു.
കരിക്കകം സ്വദേശിനിയായ 26കാരിയുടെ മരണം എസ്എടി ആശുപത്രിയിലുണ്ടായ ചികിത്സാ പിഴവിനെ തുടര്‍ന്നാണെന്ന് കുടുംബം ആരോപിച്ചിരുന്നു. പ്രസവശേഷം ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയ യുവതിക്ക് മൂന്ന് ദിവസത്തിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എസ്എടിയില്‍ വീണ്ടും അഡ്മിറ്റ് ചെയ്തു. എന്നാല്‍ ഇന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു.
പിന്നാലെയാണ് യുവതിക്ക് പനി വന്നതെന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ ഡിസ്ചാര്‍ജ് ആകുന്ന സമയത്ത് യുവതിക്ക് പനിയുള്ളകാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നും ലേബര്‍ റൂമില്‍നിന്ന് ഒരു അണുബാധയും ഉണ്ടാകില്ലെന്നുമാണ് എസ്എടി സൂപ്രണ്ട് ബിന്ദു പ്രതികരിച്ചത്. വിഷയത്തില്‍ ഉന്നതതല അന്വേഷണം നടക്കുമെന്നും ഇവര്‍ പറഞ്ഞിരുന്നു.
അതിനിടയില്‍ നേരത്തേ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട വേണുവിന്റെ മരണത്തിലും ഡിഎംഇ ഇന്ന് റിപ്പോര്‍ട്ട് നല്‍കും. അന്തിമ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് സമര്‍പ്പിക്കും. വീഴ്ചയില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും നടപടി. കേസ് ഷീറ്റിലോ പ്രോട്ടോകോളിലോ തെറ്റ് സംഭവിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍.