-->
ഒരിക്കല്‍ ബോക്സോഫീസുകളില്‍ തരംഗം സൃഷ്ടിച്ചിരുന്ന സിനിമകള്‍ റി റിലീസ് ചെയ്ത് 4 കെ ദൃശ്യാനുഭവത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുകയാണ് സിനിമാപ്രവര്‍ത്തകര്‍. റി റിലീസുകള്‍ ഒരു തരംഗമായി തന്നെ മാറുന്നുണ്ട്. അങ്ങനെ തിയേറ്ററിലെത്തിയ മിക്ക ചിത്രങ്ങളും പ്രേക്ഷകര്‍ വീണ്ടും ഹിറ്റാക്കി മാറ്റുകയും ചെയ്യുന്നുണ്ട്. അക്കൂട്ടത്തില്‍ പെടാനൊരുങ്ങുകയാണ് ലോഹിതദാസിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ഭരതൻ സംവിധാനം ചെയ്ത സിനിമയാണ് അമരം.
മലയാളത്തിലെ എവർഗ്രീൻ ക്ലാസിക് ചിത്രമായ ഈ സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ പ്രശംസ നേടിയതാണ്. 34 വര്‍ഷങ്ങള്‍ക്കിപ്പുറം ഈ സിനിമ വീണ്ടും ബിഗ്സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. നവംബര്‍ ഏഴിനാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് ‘അമരം’ എത്തുന്നത്.
ഇപ്പോഴിതാ അമരം സിനിമയുടെ ഓർമകള്‍ പങ്കിടുകയാണ് നടൻ അശോകന്‍. അമരം സിനിമ അത്രയും കളക്ഷന്‍ നേടുമെന്നോ തന്റെ കഥാപാത്രത്തിന് ഇത്രയും ഇമേജ് കിട്ടുമെന്നോ കരുതിയില്ലെന്നാണ് അശോകന്‍ പറയുന്നത്.
‘‘അമരം സിനിമ അത്രയും കളക്ഷൻ നേടുമെന്നോ എന്റെ കഥാപാത്രത്തിന് അത്രയും ഇമേജ് ഉണ്ടാകുമെന്നോ ഞാൻ അഭിനയിക്കുന്ന സമയത്ത് പ്രതീക്ഷിച്ചിരുന്നില്ല. ആ സമയത്ത് ജനങ്ങള്‍ സിനിമയേയും കഥാപാത്രത്തെയും ഏറ്റെടുത്തു. ഇപ്പോഴും സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് ചിലർ കമന്റുകള്‍ പറയാറുണ്ട്. രാഘവാ.. ഒരു കൊമ്പനെ പിടിച്ചോണ്ട് വരുവോ എന്നൊക്കെ ചോദിക്കാറുണ്ട്... ഇന്നും പല ചെറുപ്പക്കാരും മിമിക്രി ആര്‍ട്ടിസ്റ്റുകളുമൊക്കെ ഈ സംഭാഷണങ്ങള്‍ സെലിബ്രേറ്റ് ചെയ്യുന്നുണ്ട്. അത് നമ്മളെ സംബന്ധിച്ച് വലിയൊരു ബഹുമതിയാണ്...’’ അശോകൻ പറഞ്ഞു. അശോകനെ ജനപ്രിയനാക്കിയ ചിത്രം കൂടിയായിരുന്നു അമരം. ഒരു യൂട്യൂബ് ചാനലിനോടാണ് അശോകന്‍ അമരത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചത്.
അശോകനൊപ്പം ‘അമരം’ സിനിമയുടെ നര്‍മ്മാതാവ് ബാബു തിരുവല്ലയും അഭിമുഖത്തിലുണ്ടായിരുന്നു. സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഇത്രയും വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്നും അക്കാലത്ത് 50 ലക്ഷത്തിനും മുകളില്‍ ആയിരുന്നു സിനിമയുടെ ബജറ്റെന്നും നിർമാതാവ് ബാബു തിരുവല്ല പറഞ്ഞു.
‘‘കൊമ്പന്‍ സ്രാവിനെ പിടിക്കുന്ന സീനുകളെല്ലാം കടലില്‍ പോയി എടുത്തതാണ്. വേറെ ടെക്‌നിക്കുകള്‍ ഒന്നുമില്ല അക്കാലത്ത്. ലോഹിതദാസ് ഈ കഥ എഴുതാനുള്ള കാരണക്കാരൻ മമ്മൂട്ടിയാണ്. വേറെ ഒരാളായിരുന്നു പ്ലാൻ ചെയ്തിരുന്നു. പിന്നീട് അത് വേണ്ടെന്ന് വെച്ചു. അന്ന് 20 - 50 ലക്ഷം ഉണ്ടെങ്കില്‍ ബിഗ് ബജറ്റ് സിനിമയെടുക്കാം. അതിനേക്കാള്‍ ഇരട്ടിയായി അമരത്തിന്. കാരണം കടലില്‍ വെച്ചാണ് ഷൂട്ട് ചെയുന്നത്...’’ ബാബു തിരുവല്ല പറഞ്ഞു.
1991 ഫെബ്രുവരി ഒന്നിനാണ് അമരം റിലീസ് ചെയ്തത്. 200 ദിവസത്തോളമാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തിയത്. മദ്രാസിലെ തിയേറ്ററുകളിലും 50 ദിവസത്തോളം അമരം നിറഞ്ഞ സദസുകളെ നേടി. മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതപശ്ചാത്തലത്തില്‍ ഇമോഷണല്‍ ഡ്രാമയായി എത്തിയ അമരം തിയേററ്റുകളില്‍ വന്‍ വിജയം നേടി. മമ്മൂട്ടി, മുരളി, കെപിഎസി ലളിത എന്നിവരുടെ അസാധ്യ പ്രകടനം ഒരുപാട് പുരസ്കാരങ്ങള്‍ ‘അമര’ത്തിന് നേടിക്കൊടുത്തു.
ചിത്രത്തിലെ ഓരോ അഭിനേതാക്കളുടെയും പ്രകടനം അവരുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളുടെ നിരയിലും ഇടംപിടിച്ചിരുന്നു. അച്ചൂട്ടി എന്ന കഥാപാത്രമായി മമ്മൂട്ടിയുടെ പ്രകടനം എക്കാലത്തും ഒന്നാമത് നിൽക്കുന്നു. ഭാര്‍ഗവിയായുള്ള പെര്‍ഫോമന്‍സിലൂടെ കെ പി എ സി ലളിതയ്ക്ക് മികച്ച സഹനടിയ്ക്കുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മുരളിയ്ക്ക് സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാരപട്ടികയില്‍ ആ വര്‍ഷത്തെ മികച്ച ഛായാഗ്രാഹകനായത് മധു അമ്പാട്ടായിരുന്നു. മധു അമ്പാട്ട്, ജോണ്‍സണ്‍, രവീന്ദ്രന്‍, വി.ടി. വിജയന്‍, ബി.ലെനിന്‍ തുടങ്ങി മലയാളത്തിലെ എക്കാലത്തെയും പ്രതിഭാധനരായ പിന്നണിപ്രവര്‍ത്തകര്‍ അണിനിരന്ന ചിത്രം കൂടിയായിരുന്നു അമരം.
അശോകന്റെയും മാതുവിന്റെയും പ്രണയവും ചിത്രത്തിലെ സംഭാഷണങ്ങളും ഗാനങ്ങളുമൊക്കെ പ്രേക്ഷകര്‍ ഏറ്റെടുത്തു. സിനിമയിലെ ഗാനങ്ങളെല്ലാം എവര്‍ഗ്രീന്‍ സോങ്ങ്‌സായി ഇന്നും പ്രേക്ഷകരുടെ പ്ലേ ലിസ്റ്റിലുണ്ട്.