-->
ലോകത്തിലുള്ള ഭൂരിഭാഗം ആളുകളുടെയും ഇഷ്ട പാനീയമാണ് കോഫി. ഇന്ന് പല തരത്തിലുള്ള കോഫികള്‍ നമ്മുക്ക് ലഭ്യമാണ്. കോഫിയേക്കാള്‍ അത് നല്‍കുന്ന കപ്പില്‍ പോലും വ്യത്യസ്തതകൊണ്ട് ശ്രദ്ധയാകര്‍ഷിക്കുകയും വില കൂട്ടുകയും ചെയ്യുന്നതൊക്കെ നാം കണ്ടിട്ടുണ്ടാകും. ഇപ്പോള്‍ ഇതാ ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പി അവതരിപ്പിച്ചിരിക്കുകയാണ് ദുബായിലെ ജൂലിത് കഫേ.
3600 ദിര്‍ഹം അതായത് 87,000 രൂപയാണ് ഈ ഒരു കോഫിയുടെ വില. കടയുടെ ആഡംബരമോ അത് നല്‍കുന്ന കപ്പിന്റെ മൂല്യമോ അല്ല കോഫിയുടെ ഉയര്‍ന്ന വിലയ്ക്ക് കാരണം. കാപ്പിക്കുരുവിന്റെ സവിശേഷത മൂലമാണ് കോഫിയുടെ വില കൂട്ടാന്‍ കാരണം. പനാമയില്‍ നിന്നുള്‌ല പ്രീമിയം കാപ്പിക്കുരുവാണ് നിഡോ 7 ഗെയ്ഷ. ഉയര്‍ന്ന ഗുണമേന്മയിലുള്ള വളരെ ചെറിയ അളവില്‍ മാത്രം ലഭ്യമായ വിലയേറിയ കാപ്പിക്കുരുവാണിത്. ഇതാണ് വ്യത്യസ്തമായ ഈ കോഫിയില്‍ ഉപയോഗിക്കുന്നത്.
ബാരു പര്‍വതത്തിന്റെ ചരിവുകളിലാണ് ഈ അപൂര്‍വ പനാമന്‍ കാപ്പിക്കുരു കാണപ്പെടുന്നത്. സാധാരണ കോഫിയില്‍ നിന്ന് വ്യത്യസ്തമായി ജാസ്മിന്‍, സിട്രസ്, തേന്‍, സ്‌റ്റോണ്‍ ഫ്രൂട്ട് എന്നിവയുടെയെല്ലാം രുചി ഈ കോഫിയിലുണ്ട്. എത്യോപ്യയില്‍ വേരുകളുള ഈ കാപ്പിക്കുരു 1930 കളില്‍ കോസ്റ്ററിക്കയിലേക്കും പിന്നീട് പനാമയിലേക്കും എത്തുകയായിരുന്നു. ഒറ്റയടിക്ക് വിഴുങ്ങാതെ പകരം വളരെ പതിയെ ആസ്വദിച്ച് രുചിയറി വേണം ഈ കോഫി കുടിയ്‌ക്കേണ്ടത്. ലോകത്തിന്റെ വിവിധ കോണുകളില്‍ല്‍ നിന്നും നിരവധി പേരാണ് കോഫി കുടിക്കാന്‍ ജൂലിത് കഫേയിലേക്ക് എത്തുന്നത്.