-->
ലോകമെമ്പാടുമുള്ള ഭൂരിഭാഗം ആളുകള്‍ക്കും ഏറെ ഇഷ്ടമുള്ള പാനീയമാണ് കാപ്പി. രാവിലെ ഉണരുമ്പോള്‍ ഒരു കപ്പ് കാപ്പി കുടിച്ചാല്‍ അന്നേ ദിവസം ഉന്മേഷപൂര്‍ണ്ണമാകുമെന്ന് വിശ്വസിക്കുന്നവരാണ് പലരും. യുഎസ്സില്‍ ഒട്ടേറെ പേരുടെ പ്രഭാത പാനീയം കാപ്പിയാണ്. ദിവസം 51.9 കോടി കപ്പ് കാപ്പിയാണ് യുഎസ്സിലുള്ളവര്‍ കുടിക്കുന്നത്. ഇപ്പോഴിതാ യുഎസ്സിലെ ഏറ്റവും കൂടുതല്‍ കാപ്പി പ്രിയരുള്ള നഗരമേതെന്ന് കണ്ടെത്തിയിരിക്കുകയാണ് രസകരമായൊരു സര്‍വേ.
വാലെറ്റ് ഹബ് ആണ് ഈ സര്‍വേ നടത്തിയത്. അമേരിക്കയിലെ 100 വന്‍ നഗരങ്ങളെ 12 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തുകയാണ് സര്‍വേയില്‍ ചെയ്തത്. ആളോഹരിയുള്ള കഫേകളുടെ എണ്ണം, കാപ്പി വാങ്ങാനുള്ള ശേഷി, ഉപഭോക്താക്കളുടെ റേറ്റിങ് തുടങ്ങിയവയെല്ലാം 12 മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്നു. സര്‍വേയുടെ ഒടുവില്‍ വാലറ്റ് ഹബ് യുഎസ്സിന്റെ കാപ്പിയുടെ തലസ്ഥാനമായി കണ്ടെത്തിയത് ഒറിഗണ്‍ സംസ്ഥാനത്തെ പോര്‍ട്ട്‌ലാന്‍ഡ് നഗരത്തെയാണ്. ഉയര്‍ന്ന റേറ്റിങ്ങുള്ള നിരവധി കോഫീ ഷോപ്പുകളാണ് ഇവിടെയുള്ളത്. മത്സരാധിഷ്ഠിതമായ വില, മികച്ച ഗുണനിലവാരമുള്ള കാപ്പിയുടെ എളുപ്പമുള്ള ലഭ്യത തുടങ്ങിയ ഘടകങ്ങളാണ് പോര്‍ട്ട്‌ലാന്‍ഡിനെ കാപ്പിയുടെ തലസ്ഥാനമാക്കിയത്.
പോര്‍ട്ട്‌ലാന്‍ഡിലെ നാലില്‍ ഒരാള്‍ക്കും കാപ്പി പൊടിക്കാനുള്ള ഇലക്ട്രിക് െ്രെഗന്‍ഡര്‍ സ്വന്തമായുണ്ട്. 25 ശതമാനത്തിലേറെ പേരും വ്യക്തിപരമായ ഉപയോഗത്തിനുള്ള സിംഗിള്‍ കപ്പ് കോഫി ബ്രൂവിങ് മെഷീനുകള്‍ സ്വന്തമായുള്ളവരാണ്. പോര്‍ട്ട്‌ലാന്‍ഡിലെ ഓരോ കുടുംബവും വീട്ടില്‍ കാപ്പിയുണ്ടാക്കാനായി കുടിക്കാനായി വര്‍ഷം ശരാശരി 192 ഡോളര്‍ അഥവാ 17,000 രൂപയാണ് ചെലവാക്കുന്നതെന്നും സര്‍വേ പറയുന്നു.