Saturday, March 14, 2026 Last Updated 26 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 03 Nov 2025 02.44 PM

‘രാത്രി 10 മണിക്ക് പ്രമുഖ സംവിധായകന്‍ മദ്യപിച്ച് ബാല്‍ക്കണിയുടെ ഡോറില്‍ വന്ന് തട്ടി; സിനിമയില്‍ വന്ന് ജീവിതം കളയണ്ടെന്ന് സുരേഷേട്ടനും പറഞ്ഞിട്ടുണ്ട്...’ സുമ ജയറാം.

സഹനടിയായും സഹോദരിയായുമൊക്കെ ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിട്ടുള്ള താരമാണ് സുമ ജയറാം. ഇപ്പോഴിതാ ഒരു പ്രമുഖ സംവിധായകനില്‍ നിന്നുണ്ടായ മോശം അനുഭവം പങ്കിടുകയാണ് സുമ ജയറാം.
Suma Jayaram
Suma jayaram about her bad experience from movie industry (Image Source: Youtube)

സഹോദരി, കൂട്ടുകാരി, ഉപനായിക വേഷങ്ങളിലൂടെ ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരമാണ് സുമാ ജയറാം. പല സൂപ്പര്‍സ്റ്റാറുകളുടെയും സഹോദരിയായും നായികമാരുടെ സുഹൃത്തായും സുമ ജയറാം മികച്ച വേഷങ്ങള്‍ മലയാളത്തില്‍ ചെയ്തിരുന്നു. പതിമൂന്നാം വയസില്‍ അഭിനയം ആരംഭിച്ച സുമയുടെ സിനിമാജീവിതം സുഖകരമായിരുന്നില്ല, 2003ല്‍ കുഞ്ചാക്കോ ബോബൻ നായകനായെത്തിയ കസ്തൂരിമാൻ എന്ന ചിത്രത്തിലാണ് സുമ അവസാനമായി അഭിനയിച്ചത്.
സിനിമാ രം​ഗത്ത് നിന്നുള്ള ദുരനുഭവങ്ങളും അഡ്ജസ്റ്റ്മെന്റുകൾക്ക് തയ്യാറാകാത്തതിന്റെ പേരിൽ പല നടിമാർക്കും അവസരങ്ങൾ ഇല്ലാതായതിനെക്കുറിച്ചും പല താരങ്ങളും അടുത്തിടെ തുറന്നു പറഞ്ഞിട്ടുണ്ട്. അക്കൂട്ടത്തില്‍ പെട്ടു പോയൊരു താരമായിരുന്നു സുമ ജയറാമും. ഒരു കാലത്ത് മിക്ക സിനിമകളിലും കണ്ടിരുന്ന താരത്തെ പിന്നീട് സിനിമയില്‍ കാണാതെ ആയി.
ഇപ്പോഴിതാ തനിക്ക് അവസരങ്ങൾ കുറഞ്ഞതിനെക്കുറിച്ചും ചെറിയ വേഷങ്ങളിലേക്ക് ഒതുക്കപ്പെട്ടതിനെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് സുമ ജയറാം. അഭിനയം താല്‍ക്കാലികമായി അവസാനിപ്പിച്ചതിനു പിന്നില്‍ അവഗണനകളും നിരസിക്കലുമൊക്കെയായിരുന്നുവെന്ന് പറയുകയാണ് താരം.
‘‘പല സിനിമകളിലും നല്ല വേഷം തരാമെന്നുപറഞ്ഞാണ് വിളിക്കുന്നത്. എന്നാല്‍ സെറ്റിലെത്തുമ്പോള്‍ എനിക്ക് കിട്ടുന്നത് ചെറിയ വേഷങ്ങളായിരുന്നു. പലരീതിയിലും എന്നെ അവഗണിച്ചിട്ടുണ്ട്. സീനുകൾക്ക് ലെംഗ്ത് വരുമ്പോൾ കട്ട് ചെയ്യും. അപ്പോൾ നമ്മൾ അഭിനയിച്ചത് രണ്ട് സീനുകളിലേക്കൊക്കെ ആയിപ്പോകും. അങ്ങനെയാണ് ചെറിയ ക്യാരക്ടറിലേക്ക് ഒതുക്കപ്പെട്ടത്. ഞാൻ അഭിനയിക്കാൻ ചെല്ലുന്ന സമയത്ത് ചിലപ്പോൾ‌ വലിയൊരു ക്യാരക്ടറായിരിക്കും. ഭരതത്തിൽ സുചിത്ര ചെയ്ത വേഷം ചെയ്യാൻ ഞാൻ ലൊക്കേഷനിൽ പോയതാണ്. നാല് ദിവസം അവിടെ സ്റ്റേ ഉണ്ടായിരുന്നു. 4 ദിവസം കഴിഞ്ഞപ്പോൾ പത്മരാജൻ അങ്കിൾ മരിച്ചെന്ന വാർത്ത വന്നു. അടക്കും കാര്യങ്ങളുമാണ്, സുമ തിരിച്ച് പൊയ്ക്കോ എന്ന് ലൊക്കേഷനിൽ നിന്ന് പറഞ്ഞു.
തിരിച്ച് വന്ന ശേഷം ഒരാഴ്ച കഴിഞ്ഞ് ഞാൻ നാനയിൽ കാണുന്നത് സുചിത്രയാണ് ആ വേഷം ചെയ്യുന്നതെന്നാണ്. അത് പോലെ ഒരുപാട് വേഷങ്ങൾ. എന്റെ സൂര്യപുത്രിയിൽ അമലയുടെ സഹോദരി ആയി അഭിനയിക്കാനാണ് ഞാൻ ലൊക്കേഷനിൽ ചെന്നത്. പക്ഷെ ആ സമയത്ത് വേറെ ആരോ അവിടെ പ്ലേ ചെയ്തു. എന്നെ സുഹൃത്തിന്റെ റോളിലേക്ക് മാറ്റി. സഹോദരിയായി ചെയ്തത് തമിഴ്നാട്ടിൽ നിന്ന് വന്ന ഒരു കുട്ടിയാണ്.
ആ സമയങ്ങളില്‍ എനിക്ക് പകരമായി തമിഴ്നാട്ടില്‍ നിന്ന് പെണ്‍കുട്ടികളെ കൊണ്ടുവന്ന് അഭിനയിപ്പിച്ചിട്ടുണ്ട്. അവരൊക്കെ ഇപ്പോള്‍ മോശം അവസ്ഥയിലാണ് ജീവിക്കുന്നത്. ഇന്ന് സിനിമാ ലൊക്കേഷനില്‍ എല്ലാവരും സുരക്ഷിതമാണ്. ഇന്ന് മീടൂ ഒക്കെയുണ്ട്. അതുകൊണ്ട് ഇൻഡസ്ട്രി ഒരുപാട് മാറി. പണ്ട് അങ്ങനെയല്ല. ഒരുപാട് ത്യാ​ഗം ചെയ്യണം. ആരും തുറന്ന് പറയില്ല. പല കാര്യങ്ങളും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകാതെ വരുമ്പോള്‍ അവസരങ്ങളെല്ലാം നഷ്ടപ്പെടും. അഡ്ജസ്റ്റമെന്റിന് തയ്യാറായിരുന്നെങ്കില്‍ ഞാൻ വലിയ നായികയാകുമായിരുന്നു.
എല്ലാവർക്കും കുടുംബമുണ്ട്. ഇന്നും തുറന്ന് പറയുന്നവർക്ക് അവസരങ്ങൾ കുറയുന്നുണ്ട്. ഞാൻ വലിയൊരു സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ പോയതാണ്. ഞാനും അമ്മയും കൂടിയാണ് പോയത്. പാലക്കാടായിരുന്നു ഷൂട്ടിംഗ്. ഒരാഴ്ചയാണ് ഷൂട്ടിന് ഡേറ്റ് പറഞ്ഞത്.
ഷൂട്ടിം​ഗ് രാവിലെ തീർന്ന് വെെകീട്ട് റൂമിൽ‌ വന്നു. 10 മണിയായപ്പോൾ പ്രമുഖ സംവിധായകൻ പിറകിൽ കൂടെ കയറി വന്ന് ബാൽക്കണിയുടെ ഡോറിൽ തട്ടുകയാണ്. നമ്മൾ ജനലിൽ കൂടെ കാണുന്നത് ഈ സംവിധായകൻ നിന്ന് തട്ടുന്നതാണ്. ഫുൾ ഫിറ്റാണ് അദ്ദേഹം.
ദൈവമേ, നാളെ ഫെയ്സ് ചെ​യ്യേണ്ട ആളല്ല, എന്നിട്ടാണ് ഇങ്ങനെ വന്ന് തട്ടുന്നത് എന്ന് ഞാന്‍ ഓര്‍ത്തു. എനിക്കന്ന് 16-17 വയസാണ്. ഞാന്‍ അമ്മയെ കെട്ടിപ്പിടിച്ച് ‘‘അയ്യോ, അമ്മേ തട്ടുന്നു...’ എന്ന് പറഞ്ഞ് പേടിച്ചാണ് കിടന്നത്. അമ്മയും ഉള്ളുകൊണ്ട് പേടിച്ചു. കുറച്ചു നേരം തട്ടിയ അയാള്‍ പിന്നെ എന്തോ ശബ്ദം കേട്ട് തിരിച്ചു പോയി. നേരം വെളുത്ത് ലൊക്കേഷനില്‍ ചെന്നപ്പോള്‍ ഞങ്ങൾ അദ്ദേഹത്തിന്റെ വായിൽ നിന്ന് ചീത്തയാണ് കേൾക്കുന്നത്. ഇതൊക്കെ പേടിച്ചാണ് പലരും മിണ്ടാത്തത്. ഇങ്ങനെ ആര്‍ട്ടിസ്റ്റുകള്‍ ഒരുപാട് പ്രശ്നങ്ങള്‍ ഫെയ്സ് ചെയ്യുന്നുണ്ട്. അപ്പോ എങ്ങനെയെങ്കിലും ഈ സിനിമ തീര്‍ന്നാല്‍ മതിയെന്ന് ചിന്തിക്കും. അപ്പോള്‍പ്പിന്നെ പറയുന്ന വേഷത്തില്‍ നിന്ന് രണ്ട് സീന്‍ കുറച്ചിട്ടാണ് സിനിമയില്‍ കിട്ടുന്നത്.
ഒരു നടനെക്കുറിച്ച്‌ അടുത്തകാലത്ത് ഒരുപാട് ആരോപണങ്ങള്‍ കേട്ടല്ലോ. അതെല്ലാം സത്യമാണ്. അന്ന് ഒന്നും പ്രതികരിക്കാൻ കഴിയില്ലായിരുന്നു. അദ്ദേഹമൊക്കെ വിചാരിച്ചാല്‍ ഒരുപാട് സിനിമകളില്‍ നിന്ന് നമ്മളെ മാറ്റിനിർത്താൻ കഴിയും. അതുപോലെ ഒരു വലിയ സിനിമാനിർമാതാവിന്റെ ഓഫീസില്‍ പോകേണ്ട കാര്യമുണ്ടായിരുന്നു. അന്നെനിക്ക് 17 വയസായിരുന്നു. അന്ന് ഞാൻ കണ്ടത് ആ നിർമാതാവ് രണ്ടു സ്ത്രീകളെ കെട്ടിപ്പിടിക്കുന്നതാണ് കണ്ടത്...’’ സുമ ജയറാം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുമ ജയറാമിന്റെ വെളിപ്പെടുത്തല്‍.

സിനിമയിലെത്തുന്ന സമയത്ത് തനിക്ക് പതിമൂന്നു വയസ്സായിരുന്നു പ്രായമെന്നും അന്ന് സുരേഷ്ഗോപി അഭിനയം വേണ്ടെന്ന് വച്ചിട്ട് പഠനത്തില്‍ ശ്രദ്ധിക്കാന്‍ മാതാപിതാക്കളോട് പറഞ്ഞെന്നും സുമ ജയറാം പറയുന്നു. ‘‘സിനിമ ചെയ്യേണ്ടന്ന് സുരേഷ്‌ഗോപി പറഞ്ഞിരുന്നു. മൂന്നാംമുറയെന്ന സിനിമയില്‍ അഭിനയിക്കുന്നതിന് എന്നെ അമ്മാവൻമാർ എന്നെ വഴക്കുപറയുന്നതാണ് സുരേഷേട്ടന്‍ കാണുന്നത്. അ​പ്പോള്‍ പറഞ്ഞു, ‘നിങ്ങള്‍ നല്ല ഫാമിലിയില്‍ നിന്ന് വന്നിരിക്കുന്നതല്ലേ, സിനിമയ്ക്കകത്ത് കൊണ്ടു വന്ന് ആ കുട്ടിയുടെ ജീവിതം കളയണ്ട. ആ കുട്ടി പഠിക്കട്ടെ. പഠിത്തം കഴിഞ്ഞ് ആ കുട്ടിക്ക് പറ്റിയ നല്ല ഒരു പ്രായത്തില്‍ ഇവിടേക്ക് വരട്ടെ. ഇതെന്ന് പറഞ്ഞാല്‍ പതിമൂന്ന് വയസ്സെന്നു പറഞ്ഞാല്‍ എന്ത് അറിയാനാ. ചെറിയ പ്രായത്തില്‍ സിനിമയിലേക്ക് വന്നിട്ട് കാര്യമില്ല. കൊണ്ടു പോയിക്കോ...’ എന്ന്. അപ്പോള്‍ ഞാനാണ് സുരേഷേട്ടനോട് വീട്ടിലെ അവസ്ഥ പറഞ്ഞത്. താഴെയുള്ളവരെ വളര്‍ത്താനായിട്ട് എനിക്ക് വേറെ വഴിയില്ല. അന്ന് സുരേഷ് അങ്കിളെന്നാണ് വിളിച്ചിരുന്നത്, ഇന്നിപ്പോ സുരേഷേട്ടനായി. ഞാന്‍ പറഞ്ഞു, ‘അങ്കി​ളേ, വീട്ടില്‍ പപ്പയില്ല. എന്റെ താഴെയുള്ളവരെ നോക്കാന്‍ വേറെ ആരുമില്ല. പപ്പ ഇല്ലാത്ത കാരണം എനിക്ക് നോക്കിയേ പറ്റുവൊള്ളൂ...’ എന്ന്. ‘ഞാന്‍ പറയാനുള്ളത് പറഞ്ഞു, പിന്നെ നിന്റെ ഇഷ്ടം...’ എന്ന് സുരേഷേട്ടനും പറഞ്ഞു...’’ സുമ ജയറാം പറഞ്ഞു.

ഈയടുത്ത് ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയായപ്പോൾ സുമ ജയറാമിനെ പോലെ പലരും വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. കാസ്റ്റിം​ഗ് കൗച്ച് മലയാള സിനിമാ രം​ഗത്തുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ട് ചർച്ചയായതോടെ ചില നടിമാർ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറച്ചിലുകൾ നടത്തി. ഇതിൽ നിയമനടപടി വരെയുണ്ടായി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW