Friday, March 20, 2026 Last Updated 12 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 03 Nov 2025 08.19 AM

എന്നെയും അയാള്‍ തള്ളിയിടാന്‍ ശ്രമിച്ചു, ആക്രമം പ്രകോപനമൊന്നുമില്ലാതെ: അതിക്രമത്തിന്റെ നടുക്കം മാറാതെ ദൃക്‌സാക്ഷിയായ സുഹൃത്ത്

varkala, train, attack, survivor

തിരുവനന്തപുരം: വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍ ലേഡീസ് കംമ്പാര്‍ട്ട്‌മെന്റില്‍ കയറി യുവതിയെ മദ്യപന്‍ ട്രാക്കിലേക്ക് തള്ളിയിട്ടത് യാതൊരു പ്രകോപനവുമില്ലാതെ. ഗുരുതര പരുക്കുകളോടെ ചികിത്സയില്‍ കഴിയുന്ന 19 വയസുകാരിയായ സോനയും പ്രതി സുരേഷും തമ്മില്‍ യാതൊരു മുന്‍ പരിചയവുമില്ല. ശുചിമുറിയില്‍ നിന്ന് പെണ്‍കുട്ടി ഇറങ്ങിയപ്പോള്‍ സുരേഷ് പുറകില്‍ നിന്ന് ചവിട്ടി ട്രെയിനിന് പുറത്തേക്ക് വീഴ്ത്തുകയായിരുന്നു. ഇരുവരും തമ്മില്‍ ഒരു സംസാരം പോലുമുണ്ടായിട്ടില്ലെന്നാണ് ദൃക്‌സാക്ഷിയും പെണ്‍കുട്ടിയുടെ സുഹൃത്തുമായ അര്‍ച്ചനയുടെ വെളിപ്പെടുത്തല്‍.

തന്നെയും സുരേഷ് തള്ളിയിടാന്‍ നോക്കിയെന്നാണ് അര്‍ച്ചനയുടെ വെളിപ്പെടുത്തല്‍. ഇയാളുടെ അക്രമത്തില്‍ താന്‍ താഴേക്ക് വീഴാന്‍ പോയെങ്കിലും ഇത് കണ്ട് ഓടിയെത്തിയ മറ്റൊരു യാത്രക്കാരന്‍ രക്ഷിച്ചുവെന്ന് അര്‍ച്ചന വ്യക്തമാക്കി. സുരേഷ് സ്ഥിരം മദ്യപാനിയാണെന്നാണ് പോലീസ് പറയുന്നത്. തിരുവനന്തപുരം പനച്ചമൂട് വോങ്കോട് സ്വദേശിയാണ് സുരേഷ്. താന്‍ മദ്യപിച്ചുവെന്ന് സുരേഷ് മാധ്യമങ്ങളോട് ഉള്‍പ്പെടെ സമ്മതിച്ചിട്ടുണ്ടെങ്കിലും താന്‍ ചവിട്ടിയിട്ടില്ലെന്നും യുവതികള്‍ ഭ്രാന്ത് പറയുന്നു എന്നുമാണ് ഇയാള്‍ മാധ്യമങ്ങളെ നോക്കി വിളിച്ചുപറഞ്ഞത്.

തിരുവനന്തപുരം ഭാഗത്തേക്ക് പോയ കേരള എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് അക്രമം ഉണ്ടായത്. ആലുവയില്‍ നിന്നാണ് തിരുവനന്തപുരത്തേക്ക് വന്നതെന്നും അര്‍ച്ചന പറഞ്ഞു. കാര്യമായ പ്രകോപനമില്ലാതെയാണ് പ്രതി ആക്രമിച്ചത്. സോനുവിനെ തള്ളിയിട്ടപ്പോള്‍ ബഹളം വച്ചതിനാണ് തന്നെയും തള്ളിയിടാന്‍ ശ്രമിച്ചതെന്നും ചവിട്ടുപടിയില്‍ പിടിച്ചുനിന്ന തന്നെ, യാത്രക്കാര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയ ശേഷം രക്ഷപ്പെടുത്തുകയായിരുന്നുവെന്നും അര്‍ച്ചന പറഞ്ഞു.

നിലവില്‍ അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. സോനയ്ക്ക് ആന്തരിക രക്തസ്രാവമുണ്ടെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടേഴ്‌സ് അറിയിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW