-->
ബോളിവുഡിൽ മാത്രമല്ല കേരളത്തിലും നിരവധി ആരാധകരുള്ള നടൻമാരിലൊരാളാണ് ആയുഷ്മാൻ ഖുറാന. അഭിനയത്തിനൊപ്പം തന്നെ സംഗീതമേഖലയിലും തിളങ്ങുന്ന താരം വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും മികച്ച അഭിനയത്തിലൂടെയുമാണ് കൈയടി നേടിയത്.
എഴുത്തുകാരിയും സംവിധായികയുമായ തഹീറ കശ്യപാണ് ആയുഷ്മാന്റെ ഭാര്യ. ഒരു അത്താഴവിരുന്നിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഇവർ പിന്നീട് സുഹൃത്തുക്കളായി, ശേഷം പ്രണയിച്ചു. വർഷങ്ങൾക്ക് ശേഷം 2008 നവംബർ 1 നാണ് ആയുഷ്മാൻ ഖുറാനയും താഹിറ കശ്യപും വിവാഹിതരായത്. ഇരുവരും തങ്ങളുടെ 17-ാം വിവാഹവാർഷികം ആഘോഷിക്കുകയാണ്.
ഇപ്പോഴിതാ വിവാഹ വാർഷികത്തിൽ താഹിറ പങ്കിട്ട ആശംസയാണ് ശ്രദ്ധിക്കപ്പെടുന്നത്. വിവാഹസമയത്തുള്ള ത്രോബാക്ക് ചിത്രങ്ങള്‍ക്കൊപ്പമാണ് താഹിറയുടെ ആശംസ.
‘‘നിയമപരമായ' വാർഷികാശംസകൾ...17 വർഷങ്ങൾക്ക് മുമ്പ് നമുക്ക് നിയമപരമായി (ഞങ്ങൾ അതിനെ അങ്ങനെയാണ് വിളിച്ചത്) ഒന്നായത് ഇന്നാണ്! കുഴപ്പങ്ങളുടെയും ക്രമത്തിന്റെയും ഉയർച്ച താഴ്ചകളുടെയും ഈ ലോകത്ത്, നീ എന്റെ സ്ഥിരമാണ്, നീ എന്റെ ജന്മം മുതലേ ഉള്ളതുപോലെ തോന്നുന്നു.
ഏറ്റവും മോശം സമയങ്ങളിൽ പോലും നീ എന്നിലെ ഏറ്റവും മികച്ചത് പുറത്തുകൊണ്ടുവരുന്നു, ആർക്കും ചെയ്യാൻ കഴിയാത്തത്, ഒരുപക്ഷേ മറ്റാർക്കും അത് ചെയ്യാന്‍ കഴിയില്ല....ഉമ്മ... എന്നേക്കും...’’ എന്നാണ് താഹിറ കുറിച്ചിരിക്കുന്നത്.
തന്റെ നല്ല പാതിക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ള താഹിറയുടെ പോസ്റ്റിനു താഴെ സഹതാരങ്ങളും ആരാധകരുമടക്കം നിരവധി പേർ ആശംസകൾ കുറിക്കുന്നുണ്ട്.
ക്യാൻസർ എന്ന മഹാമാരിയിൽ നിന്ന് പട പൊരുതി ജയിച്ച താരപത്നിയാണ് താഹിറ. മൻമർസിയാൻ എന്ന ചിത്രം കാണാൻ പോയ ദിവസമാണ് താഹിറയ്ക്ക് കാൻസർ ആണെന്ന് തിരിച്ചറിയുന്നതെന്നും തന്റെ ജീവിതം ആഘോഷിക്കാൻ ആഗ്രഹമുണ്ടെന്നും, താൻ അതിനെ തലയുയർത്തി നേരിടുമെന്നും താഹിറ അന്ന് പറഞ്ഞുവെന്നു ആയുഷ്മാൻ പറഞ്ഞിട്ടുണ്ട്. വിരാജ്വീർ, വരുഷ്ക എന്നീ മക്കളുടെ മാതാപിതാക്കൾ കൂടിയാണ് ഇവർ.