-->
ന്യൂഡല്‍ഹി: സിപിഐയുടെ വന്‍ പ്രതിഷേധത്തിനിടയില്‍ പി.എം.ശ്രീ. പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്നോക്കം പോകുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും വാര്‍ത്തകളോട് പ്രതികരിക്കാതെ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം. തല്‍ക്കാലം നടപടികളുമായി മുന്നോട്ടുപോകാനാണ് കേന്ദ്രത്തിന്റെ തീരുമാനം. കേരളം രേഖാമൂലം അറിയിപ്പ് നല്‍കുന്ന സാഹചര്യം ഉണ്ടായാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
കേരളം കത്ത് നല്‍കിയാല്‍ തന്നെ ഒരു സംസ്ഥാനത്തിന് മാത്രമായി ഇളവ് നല്‍കുന്ന കാര്യം പരിശോധിക്കണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പറയുന്നത്. അത് പ്രായോഗികമല്ലെന്ന കാര്യവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സൂചിപ്പിക്കുന്നു. തമിഴ്നാടും പശ്ചിമ ബംഗാളും ഒഴികെയുള്ള സംസ്ഥാനങ്ങള്‍ പിഎം ശ്രീയുമായി മുന്നോട്ടുപോകുകയാണ്. കേരളം ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിന് ശേഷമുള്ള കാര്യം കേരളം രേഖാമൂലം അറിയിക്കുന്നതിന് അനുസരിച്ചായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നും പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍ഡിഎഫിന്റെ നിര്‍ണായക യോഗത്തിലായിരുന്നു പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുക. പിഎം ശ്രീ നടപടികള്‍ താല്‍ക്കാലികമായി മരവിപ്പിക്കാനായിരുന്നു തീരുമാനം. യോഗത്തിന് ശേഷം തീരുമാനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ അറിയിച്ചു. പിന്നാലെ ചേര്‍ന്ന നിര്‍ണായക മന്ത്രിസഭാ യോഗത്തില്‍ സിപിഐയുടെ നാല് മന്ത്രിമാരും പങ്കെടുത്തു. ഇതിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനവും നടത്തി.