-->
പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മയുടെ ഓര്‍മകള്‍ പങ്കുവെച്ച് നടി മാലാ പാര്‍വതി. വയലാര്‍ ട്രസ്റ്റിന്റെ ആദ്യത്തെ സെക്രട്ടറിയായിരുന്നു മാലാ പാര്‍വതിയുടെ പിതാവ് സി.വി. ത്രിവിക്രമന്‍. വയലാറുമായി കുടുംബത്തിനുണ്ടായിരുന്ന അടുത്ത ബന്ധത്തെ കുറിച്ചുളള ഓര്‍മകള്‍ മാലാ പാര്‍വതി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പങ്കുവെച്ചു.
മാലാ പാര്‍വതിയുടെ കുറിപ്പ്:
പ്രിയപ്പെട്ടവരേ..
ഇന്ന് വയലാർ രാമവർമ്മ സാഹിത്യ അവാർഡ് സമർപ്പണ ദിനമാണ്. എല്ലാ വർഷവും ഒക്ടോബർ 27നാണ് ഈ അവാർഡ് മർപ്പിക്കുന്നത്.
വയലാർ രാമവർമ്മ,ഉഗ്ര സൂര്യനായി സഹൃദയ മനസ്സുകളിൽ തിളങ്ങി നിൽക്കവേയാണ്, അപ്രതീക്ഷിതമായി ചെറിയ പ്രായത്തിൽ പൊലിഞ്ഞു പോയത്.ചലച്ചിത്ര രംഗത്ത് 1975 ഒക്ടോബർ 27 ന്, വയലാർ നമ്മെ വിട്ട് പിരിഞ്ഞ വാർത്ത പരന്നത് ഉച്ചനേരത്ത് സൂര്യൻ മറഞ്ഞ പ്രതീതി ജനിപ്പിച്ച് കൊണ്ടാണ്.
എനിക്കന്ന് 5 വയസ്സാണ്.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം.വയലാർ മാമ്മൻ എന്നാണ് ഞാൻ വിളിച്ചിരുന്നത്.വയലാറിൻ്റെ അമ്മ അംബാലിക തമ്പുരാട്ടിയുടെ (മുത്തശ്ശി അമ്മ) ഒരു സർജറിയുമായി ബന്ധപ്പെട്ട് ഞങ്ങളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. അച്ഛനും അമ്മയ്ക്കും ആ കുടുംബവുമായി വലിയ ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നത്. വയലാറിൻ്റെ മക്കൾ ശരത് ചന്ദ്രൻ ചേട്ടൻ, ഇന്ദുലേഖ ചേച്ചി, യമുന ചേച്ചി ,സിന്ധു ചേച്ചി എന്നിവർ വീട്ടിൽ വരുന്നത് ഒരു ഉത്സവം പോലെയായിരുന്നു ഞങ്ങൾക്ക്.
പിന്നീട് വയലാർ ട്രസ്റ്റ് രൂപീകരിച്ചു. ട്രസ്റ്റ് സെക്രട്ടറിയായി അച്ഛനെയാണ് ,അന്നത്തെ മുഖ്യമന്ത്രി സി.അച്യുത മേനോൻ തീരുമാനിച്ചത്.അത്
ഏറ്റെടുത്ത നാൾ മുതൽ ഞങ്ങളുടെ വീട്ടിൽ വയലാർ അവാർഡിൻ്റെ ഒരുക്കങ്ങളാണ്. ഏപ്രിൽ മുതൽ ഒക്ടോബർ 27 വരെ അച്ഛന് മറ്റൊരു ആലോചന ഉണ്ടാവില്ല. പുസ്തകങ്ങൾ, നിർദ്ദേശിക്കാനുള്ള കത്ത് 350 പേരിൽ കുറയാതെ പോകും. കത്തും, ഫോമും, മറുപടി കത്തയയ്ക്കാനുള്ള കവറും അതിലെല്ലാം കോഡ് നമ്പറും,കവറിൽ ഇടുക, സ്റ്റാംപ് ഒട്ടിക്കുക, അഡ്രസ്സ് എഴുതുക ഇതിലെല്ലാം, വീട്ടിലെ എല്ലാവരും പങ്ക് ചേരും. പോസ്റ്റ്മാൻ കൊണ്ട് വരുന്ന കത്തുകൾ കോഡ് നമ്പർ നോക്കി, രജിസ്റ്ററിൽ, തീയതിയോടെ എൻ്റർ ചെയ്യലാണ് അടുത്ത പടി. കത്തുകൾ വന്നു കഴിഞ്ഞാൽ ട്രസ്റ്റ് കൂടി ആ കത്തുകൾ പൊട്ടിക്കും. ആ ദിവസം വീട്ടിൽ പിടിപ്പത് പണിയാണ്. ഓരോ പുസ്തകമായി വലിയ ഷീറ്റിൽ എഴുതി ചേർക്കും. ആ പുസ്തകങ്ങൾ ഒന്നിൽ കൂടുതൽ പേര് നിർദേശിക്കുന്നതോടെ പോയിൻ്റുകൾ ആവും. അങ്ങനെ ഏറ്റവും കൂടുതൽ പോയിൻറുകളായ അഞ്ച് പുസ്തകങ്ങൾ രാത്രി 3 മണിയോടെ ഒക്കെ തീരുമാനവും. പിന്നീട് സൂക്ഷ്മ പരിശോധനയ്ക്ക് 20 നിരൂപകർക്ക് 5 പുസ്തകങ്ങൾ അയച്ചു കൊടുക്കും.പുസ്തകം പൊതിഞ്ഞ് കെട്ടി അയയ്ക്കുന്നതാണ് അടുത്ത ജോലി.അവകാശികൾ ( 4 വാല്യം, 4000 പേജ് ) ഒക്കെ വന്നപ്പോൾ അത് അയച്ചത് ഇന്നും ഓർക്കുന്നു. എല്ലാം അച്ഛന് കണ്ട് ബോധ്യപ്പെടണം. ഒരു തെറ്റ് വരാൻ പാടില്ല. അച്ഛൻ്റെ മുഖം മാറും.പിന്നെ സഹായിക്കുന്നതിൽ നിന്ന് കുറച്ച് ദിവസത്തേക്ക് സസ്പെൻഷൻ കിട്ടും. 20 പേർ പരിശോധിച്ച് അവരുടെ നിരൂപണ കുറിപ്പും റാങ്കിങ്ങും വരുന്നതാണ് അടുത്ത പടി. 20 പേരുടെ നിർദേശവും, മൂന്ന് കോപ്പികളാക്കി പകർത്തി എഴുതും. അന്നൊക്കെ സാഹിത്യകാരന്മാരുടെ കൈയക്ഷരം എല്ലാവർക്കും അറിയാം. അത് തിരിച്ചറിയാം. അത് തിരിച്ചറിയാതിരിക്കാനാണ് ഈ പ്രോസസ്.
അഞ്ച് പേരുടെ റാങ്കിങ്ങ് അനുസരിച്ച് പോയിൻ്റുകൾ ഉണ്ട്.ഒന്നാം പുസ്തകത്തിന് 11 പോയിൻ്റ്, രണ്ടാമത്തേതിന് അഞ്ച് അങ്ങനെ.ഈ കണക്ക് പ്രകാരം ഫൈനൽ റൗണ്ടിലേക്ക് 3 പുസ്തകങ്ങൾ വരും.ഇത് പിന്നീട് പ്രമുഖരായ മൂന്ന് ജഡ്ജ്മാരെ ഏൽപ്പിക്കും.ജഡ്ജിംഗ് കമ്മിറ്റിയുടെ അന്നേ അവർ പരസ്പരം കാണുകയുള്ളു.പരസ്പരം അറിയുകയും ഉള്ളു. പ്രാഥമിക റൗണ്ട് മുതലുള്ള രേഖകൾ അവർക്ക് കൊടുത്ത് ബോധ്യപ്പെടുത്തിയാൽ ജഡ്ജിംഗ് കമ്മിറ്റി തുടങ്ങും. ട്രസ്റ്റ് പ്രസിഡൻ്റ് ഒരു വാക്ക് പോലും പറയാതെ സാക്ഷിയായി ഉണ്ടാകും. മൂന്ന് ജഡ്ജസും ഒരൊറ്റ പുസ്തകത്തിൽ എത്തിച്ചേരണം. തീരുമാനം ഏകകണ്ഠേന ആയിരിക്കണം. കൃതിയ്ക്കാണ് അവാർഡ്. വയലാർ അവാർഡിന് പരിഗണിക്കാൻ, യോഗ്യതകളുണ്ട്. മൗലികമായിരിക്കണം.പ്രസിദ്ധീകരിച്ച് 5 വർഷം വരെ മാത്രമേ ഒരു പുസ്തകത്തിന് കാലാവധി ഉള്ളു. ഒക്ടോബർ 27 നുള്ള വയലാർ ഗാനമള പ്രാക്ടീസ്, പണ്ട് വീട്ടിൽ വച്ചാണ്. ദേവരാജൻ മാസ്റ്റർ ,മാധുരി അമ്മ തുടങ്ങിയവർ വീട്ടിൽ വരുന്നതാണ് മറ്റൊരു ഉത്സവം.
ഇന്ന് വയലാർ ട്രസ്റ്റ് രൂപീകരിച്ചിട്ട് 50 വർഷം. സി.വി.ത്രിവിക്രമൻ എന്ന ഒറ്റയാൾ പട്ടാളത്തിൻ്റെ പ്രയത്നവും, ധാർമ്മികതയും നേരിൽ അറിഞ്ഞിട്ടുള്ള ആളാണ് ഞാൻ. സ്വാധീനിക്കാൻ ശ്രമിക്കുന്നവരുമായുള്ള സൗഹൃദം മുറിച്ചു മാറ്റുമായിരുന്നു. എനിക്ക് ഏഷ്യാനെറ്റിൽ ജോലി കിട്ടിയതിന് ശേഷം,5 പുസ്തകതകങ്ങളുടെ പേര് അച്ഛൻ എന്നെ അറിയിക്കുമായിരുന്നില്ല. ഇന്ന് അച്ഛൻ ഒപ്പമില്ല. 2022 ജനുവരി അഞ്ചിന് വെളുപ്പിന് അച്ഛൻ ഞങ്ങളെ വിട്ട് പോകുന്നത്. അച്ഛന് എന്തോ അസ്വസ്ഥത ഉണ്ട് എന്ന് തോന്നിയത് കൊണ്ട് ഞാൻ കൂടെ തന്നെയിരുന്നു. വയലാർ അവാർഡ് നടത്തി കൊണ്ട് പോകണം എന്ന് സതീശനോട് പറഞ്ഞ് കൊണ്ടിരുന്നു. അന്ന് സതീശൻ ജോയിൻ്റ് സെക്രട്ടറിയായിരുന്നു.
വയലാർ അവാർഡ് കിട്ടിയവരുടെ ചിത്രങ്ങൾ വരച്ച്,സ്മൃതി മണ്ഡപത്തിൽ വയ്ക്കാൻ ബി ഡി. ദത്തനോട് പറയണം എന്ന് പറഞ്ഞു.വയലാറിൻ്റെ പാട്ടുകൾ പാടി.ചന്ദ്രകളഭം ഉറക്കെ പാടി.പെരുമ്പടവത്തെ കുറിച്ച് സംസാരിച്ചു.നാല് മണി കഴിഞ്ഞപ്പോൾ അച്ഛന് സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടായിരുന്നു. ഇതിനിടയ്ക്ക് അമ്മ രണ്ട് തവണ വന്ന് ഓക്സിജൻ കൗണ്ട്, ബി.പി ഒക്കെ നോക്കി. വലിയ കുഴപ്പമില്ലായിരുന്നു.
നാലേ മുക്കാൽ കഴിഞ്ഞതോടെ, സതീശൻ്റ തോളിലേക്ക് ചാരിയിരുന്നു. അമ്മ ആംബുലൻസ് വിളിക്കാൻ പറഞ്ഞു. വേഷം മാറ്റാൻ മുകളിലേക്ക് പോയി. വേണ്ട എന്ന് അച്ഛൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു.ശാന്തമായിരുന്നു.വയലാർ അവാർഡ് നോക്കിക്കോണേ മോനെ എന്ന് സതീശനോട് പറഞ്ഞു. എന്നെ ഒന്ന് നോക്കി.സുബ്രഹ്മണ്യാ എന്ന് വിളിച്ചു കണ്ണടച്ചു. എൻ്റെ കൈയ്യിലെ പിടി ഒന്ന് മുറുക്കി. അച്ഛൻ്റെ കൈകൾ കുഴഞ്ഞു.കണ്ണടഞ്ഞു.എന്നെന്നേക്കുമായി അച്ഛൻ്റെ തണൽ മാഞ്ഞു.
ഒരിക്കൽ എന്നോട് അച്ഛൻ പറഞ്ഞു. നിൻ്റെ ഭർത്താവായത് കൊണ്ടല്ല സതീശനെ ഞാനിത് എൽപ്പിക്കുന്നത്.സതീശനിലെ ഓർഗനൈസറിനെ മനസ്സിലാക്കിയത് കൊണ്ടാണ് എന്ന്. സത്യവിരുദ്ധമായി പെരുമാറില്ല എന്ന് അറിയാവുന്നത് കൊണ്ടാണ് എന്ന്. അച്ഛൻ ഒരു ഏകാധിപതിയാണ് എന്ന് ചിലർക്ക് പരാതിയുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്.അച്ഛനോട് ഞാൻ ഒരിക്കൽ ചോദിച്ചിട്ടുണ്ട്. ജാതി, മതം, രാഷ്ട്രീയം തുടങ്ങി പല താല്പര്യക്കാരാണ്. അടുക്കുമ്പോഴാണ് ഉദ്ദേശം പിടി കിട്ടുക. അവരെ ഒഴിവാക്കുമ്പോൾ പലതും കേൾക്കുമെന്ന് അച്ഛൻ മറുപടി പറഞ്ഞു. അദ്ദേഹം പോയതിന് ശേഷം നടക്കുന്ന നാലാമത്തെ അവാർഡാണിത്.ചട്ടങ്ങൾ എല്ലാം അത് പോലെ തുടരുന്നു. ഈ വർഷം E. സന്തോഷ് കുമാർ രചിച്ച 'തപോമയിയുടെ അച്ഛൻ' എന്ന കൃതിക്കാണ് അവാർഡ്.
വയലാർ അന്തരിച്ച് 50 വർഷം തികയുന്ന 2025 വയലാർ വർഷമായി, ഉചിതമായി ആചരിക്കാനും ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്.ഒരു വർഷം നീണ്ട് നിൽക്കുന്ന പരിപാടികൾ. വയലാറിനെ ഓർക്കാൻ ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള എത് മലയാളി സംഘടനയ്ക്കും പങ്ക് ചേരാം.വയലാർ കവിതാലാപന മത്സരം ഷാർജയിൽ നടത്തി കഴിഞ്ഞു.വയലാർ ട്രസ്റ്റ് സർട്ടിഫിക്കറ്റ് അയച്ച് കൊടുത്തു. നിങ്ങൾ ഭാഗമായ സംഘടനയ്ക്ക് താലപര്യമുണ്ടെങ്കിൽ 9446455052 എന്ന സെക്രട്ടറിയുടെ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഇന്ന് വൈകുന്നേരവുംവിപുലമായ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. പതിവായി സുമേഷ് കൃഷ്ണൻ്റെ വയലാർ കവിതാലാപനത്തോടെയാണ് തുടങ്ങുക. പതിവിൽ നിന്ന് വ്യത്യസ്തമായി വയലാർ കവിത ശാസ്ത്രീയ സംഗീതമായി ചിട്ടപ്പെടുത്തി വിമെൻസ് കോളേജിലെ കുട്ടികൾ അവതരിപ്പിക്കുന്നുണ്ട്. വയലാറിൻ്റെ ചെറുമകൾ രേവതി ചിട്ടപ്പെടുത്തിയ നൃത്ത ശില്പവുമുണ്ട്. വയലാർ വർഷം ഉദ്ഘാടനം ചെയ്യുന്നത് വലയാർ അവാർഡ് ലഭിച്ച സാഹിത്യകാരന്മാരാണ് എന്ന പ്രത്യേകതയും ഉണ്ട്.
സാധാരണ കൃത്യം 5.30നാണ് ആരംഭിക്കുക.ഈ വർഷം 5 മണിക്കാണ്. തിരുവനന്തപുരത്തുള്ളവർ വരണം.
ഇത് നടത്താൻ അച്ഛനോടൊപ്പം കട്ടയ്ക്ക് നിൽക്കുമായിരുന്ന അച്ഛൻ്റെ സുഹൃത്തുക്കളെയും, KMS സുരേന്ദ്രൻ, ആർക്കിടെക്ട് രവീന്ദ്രൻ, മ്യൂസിയം രവി, ബി.ഡി.ദത്തൻ, കണ്ണൂർ ചന്ദ്രൻ, കണ്ണൂർ ലക്ഷ്മണൻ, കമലാ ദേവി, അച്ഛൻ്റെ സഹോദരി ഉഷ എസ്സ് നായർ തുടങ്ങിയവരെ പ്രത്യേകം ഓർക്കുന്നു.
വലയാർ അവാർഡിന് അച്ഛൻ്റെ ഊർജ്ജം ട്രസ്റ് അംഗങ്ങളായിരുന്നു. മലയാറ്റൂർ രാമകൃഷ്ണൻ, ഓ.എൻ.വി.കുറുപ്പ്, സാനു മാസ്റ്റർ തുടങ്ങി മലയാള ഭാഷ ഗുരുക്കന്മാർ.27 ന് വൈകുന്നേരം മലയാള ഭാഷയുടെ സൗന്ദര്യം മനസ്സിലാക്കി തരുന്ന പ്രസംഗങ്ങളും മറക്കാനാവില്ല. വയലാർ രചിച്ച ഗാനങ്ങൾ ശക്തി ഗാഥയാണ് നടത്തുക. ദേവരാജൻ മാസ്റ്റർ നിർദ്ദേശിച്ച പോലെ പ്രകാശ് ചേട്ടനും മധു ചേട്ടനും,, കല്ലറ ഗോപൻ ചേട്ടനും എല്ലാം ഇന്നും അത് സ്വന്തം പരിപാടിയായി നടത്തുന്നു. ശ്രീ പെരുമ്പടവം ശ്രീധരൻ പ്രസിഡൻറായുള്ള ട്രസ്റ്റാണ് ഇന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്നത്.
സർവ്വശ്രീ പ്രഭാവർമ്മയും, ജീ.ബാലചന്ദ്രനും സി.രാധാകൃഷ്ണനും, ഏ.കെ.ആൻ്റണിയും,സാറാ ജോസഫും, സി.അച്യുത മേനോൻ്റെ മകൻ Dr രാമൻകുട്ടിയും, ഗൗരീദാസൻ നായരും,ശ്രീമതി ശാരദാ മുരളിധരനു, വയലാർ ശരത്ചന്ദ്രവർമ്മ തുടങ്ങിയവർ വയലാർ ട്രസ്റ്റ് അംഗങ്ങൾ. മലയാള സാഹിത്യത്തിലെ പ്രശസ്തമായ ഈ അവാർഡ് കൂടുതൽ തിളങ്ങണം. വരണം. വന്ന് അനുഗ്രഹിക്കണം. വയലാർ വർഷം വിജയമാക്കണം. മാധ്യമ സുഹൃത്തുക്കളോടും പ്രത്യേകമായി അഭ്യർത്ഥിക്കുന്നു.