-->
തിരുവനന്തപുരം: മുന്നണിയിലെ തന്നെ പാര്‍ട്ടി പ്രതിഷേധവുമായി എത്തിയതോടെ വന്‍ വിവാദത്തില്‍ വീണിരിക്കുന്ന പി.എം. ശ്രീ പദ്ധതിയില്‍ ഉപസമിതി പോലുള്ള നിര്‍ദേശങ്ങള്‍ വെച്ച് സമവായമുണ്ടാക്കാനും സര്‍ക്കാര്‍ നീക്കം. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്നും സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നത് പോലെയുള്ള വിവാദങ്ങള്‍ ഒഴിവാക്കാനായി ആഞ്ഞുപിടിക്കുകയാണ് സിപിഐഎം.
ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടത് ചര്‍ച്ചയ്ക്ക് വന്നേക്കാന്‍ സാധ്യതയുണ്ട്. യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സിപിഐ തീരുമാനം എടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഒപ്പിട്ട ധാരണാപത്രം നിയമ പ്രശ്‌നമായി മാറുമോയെന്ന് സര്‍ക്കാരിന് ആശങ്കയുണ്ട്. അതുകൊണ്ടു തന്നെ ധാരണപത്രം ഒപ്പിടല്‍ ഇന്ന് മന്ത്രിസഭയുടെ അംഗീകാരത്തിന് വന്നേക്കുമെന്ന് സൂചന.
മന്ത്രിസഭ അറിയാതെ ധാരണാപത്രത്തില്‍ ഒപ്പിട്ടത് നിയമ പ്രശ്‌നമായി മാറാതിരിക്കാനാണ് നീക്കം. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ തീരുമാനം എടുത്തപ്പോള്‍ കബളിപ്പിക്കപ്പെട്ടെന്ന് സി.പി.ഐ മന്ത്രിമാര്‍ പരാതി നല്‍കിയത് വിനയാണ്. മുഖ്യമന്ത്രിയും സിപിഐഎം നേതൃത്വവും ഇന്നും സിപിഐയുമായി ചര്‍ച്ച നടത്തുന്നുണ്ട്. മന്ത്രിസഭായോഗത്തിന് മുമ്പായി ഉച്ചയ്ക്ക് മുമ്പ് തന്നെ ഈ ചര്‍ച്ച നടന്നേക്കാനാണ് സാധ്യത.
ധാരണ പത്രം പിന്‍വലിക്കുകയോ മരവിപ്പിക്കുകയോ ചെയ്യാതെ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് സിപിഐ. മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും. സെക്രട്ടറിയേറ്റ് അംഗങ്ങളോട് തിരുവനന്തപുരത്ത് എത്താന്‍ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. പക്ഷേ പദ്ധതിയുടെ ധാരണാപത്രം പിന്‍വലിക്കണമെന്ന സിപിഐയുടെ ആവശ്യത്തോട് സിപിഎമ്മിന് യോജിപ്പില്ല.