-->
സന്ദര്‍ശകരെ ഏറെ സന്തോഷിപ്പിച്ച മ്യാന്‍മറിലെ യാങ്കൂണ്‍ സുവോളജിക്കല്‍ ഗാര്‍ഡനില്‍ വസിക്കുന്ന മോമോ ആനയുടെ 72-ാം പിറന്നാള്‍ അതിഗംഭീരമായി ആഘോഷിച്ചു. മൂന്ന് ദിവസം ആഘോഷമായിരുന്നു. നൂറുകണക്കിന് ആരാധകര്‍ നോക്കിനില്‍ക്കെ സുഹൃത്തുക്കള്‍ക്കൊപ്പം മോമോ ഫ്രൂട്ട് കേക്ക് മുറിച്ചു. അറുപത് വയസ്സുവരെ നൃത്തം ചെയ്യുകയും സന്ദര്‍ശകരെ രസിപ്പിക്കുകയും ചെയ്തിരുന്ന മോമോ മ്യാന്‍മറിെല താരമാണ്. എല്ലാ വര്‍ഷവും പിറന്നാള്‍ ആഘോഷത്തോടെ നടക്കും
ഏഴ് വയസ്സുള്ളപ്പോഴാണ് മോമോ യാങ്കൂണ്‍ മൃഗശാലയിലെത്തുന്നത്. നൃത്തം ചെയ്യുകയും പേര് വിളിക്കുമ്പോള്‍ പ്രതികരിക്കുകയും ചെയ്യുന്ന മോമോ പുതിയ തലമുറയ്ക്കും പ്രിയങ്കരിയാണെന്ന് മൃഗശാലയുടെ ഓപറേഷന്‍സ് മാനേജര്‍ ഖിന്‍ മൗങ് ട്വേ പറഞ്ഞു. 'മോമോയുടെ ആരോഗ്യപരിശോധന കൃത്യമായി നടത്താറുണ്ട്. അവള്‍ക്കുവേണ്ട ഭക്ഷണം ശ്രദ്ധയോടെയാണ് തയാറാക്കുന്നത്. ഞങ്ങളുടെ മൃഗശാലയ്ക്കുവേണ്ടി അവള്‍ കഠിനാധ്വാനം ചെയ്തു. 2013 വരെ ആന നൃത്ത പരിപാടികളില്‍ അവള്‍ പങ്കെടുത്തിരുന്നു. പിന്നീട് അവളെ ആദരിക്കുന്നതിനും ആനകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി എല്ലാ വര്‍ഷവും പിറന്നാള്‍ ആഘോഷമാക്കി. മൃഗശാലയുടെ താരമാണ് മോമോ. സന്ദര്‍ശകര്‍ക്ക് ഏറെ പ്രിയപ്പെട്ടവളാണ്' ഖിന്‍ മൗങ് ട്വേ പറഞ്ഞു.